Health
തണുപ്പുകാലത്ത് വെള്ളം കുടിക്കാൻ മടിയുണ്ടോ; ഈ വഴികൾ പരീക്ഷിച്ചു നോക്കൂ
തണുപ്പുകാലത്തും ശരീരത്തിന് ജലാംശം ആവശ്യമുണ്ട്. നമുക്ക് ദാഹിക്കുന്നില്ല എന്നതിനർത്ഥം ശരീരത്തിന് വെള്ളം ആവശ്യമില്ല എന്നല്ല.
വേനൽ കാലത്ത് നമുക്ക് ഇപ്പോഴും ദാഹം ആണെങ്കിലും തണുപ്പ് കാലത്ത് വെള്ളത്തെക്കുറിച്ച് പോലും നമ്മൾ ആലോചിക്കാറില്ല എന്നതാണ് സത്യം. എന്നാൽ തണുപ്പുകാലത്തും ശരീരത്തിന് ജലാംശം ആവശ്യമുണ്ട്. നമുക്ക് ദാഹിക്കുന്നില്ല എന്നതിനർത്ഥം ശരീരത്തിന് വെള്ളം ആവശ്യമില്ല എന്നല്ല. അതുകൊണ്ടുതന്നെ ദാഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ശരീരത്തിന് ആവശ്യമായ ജലാംശം നാം നൽകിയേ തീരൂ. തണുപ്പുകാലത്തും ആവശ്യത്തിന് വെള്ളം ശരീരത്തിൽ എത്തിക്കാൻ ഈ വഴികൾ പരീക്ഷിച്ചു നോക്കൂ.
വെള്ളം രുചികരമാക്കാം
തണുപ്പുകാലത്ത് ഒരു രുചിയും ഇല്ലാത്ത പച്ചവെള്ളം കുടിക്കുന്നത് അത്ര സുഖകരമായ കാര്യമല്ല. എന്നാൽ ചില രുചികരമായ ഘടകങ്ങൾ സന്നിവേശിപ്പിച്ച വെള്ളം നിങ്ങളെ വെള്ളം കുടിക്കാൻ പ്രേരിപ്പിച്ചേക്കാം. ഇഞ്ചി കഷ്ണങ്ങളോ കറുവാപ്പട്ടയോ പഴങ്ങളുടെ കഷ്ണങ്ങളോ വെള്ളത്തിൽ ചേർക്കാൻ ശ്രമിക്കുക. ഈ കാര്യങ്ങൾ നിങ്ങളുടെ കുടിവെള്ളത്തെ കൂടുതൽ ആസ്വാദ്യകരമാക്കുക മാത്രമല്ല, മെച്ചപ്പെട്ട ദഹനം, ഇൻസുലിൻ സംവേദനക്ഷമത, ശക്തമായ പ്രതിരോധശേഷി എന്നിവയും പ്രദാനം ചെയ്യും.
സൂപ്പുകളും ജ്യൂസുകളും ശീലമാക്കാം
സൂപ്പുകളും ജ്യൂസുകളും ശീലമാക്കുന്നതും തണുപ്പ് കാലത്തെ ജലാംശം നിലനിർത്താൻ സഹായിക്കും. രുചികരമായി ഉള്ളിലേക്ക് എടുക്കാവുന്ന ഇവ ഉന്മേഷവും നൽകും.
ഹെർബൽ ടീകൾ കുടിക്കുക
തണുപ്പുള്ള ഒരു ദിവസം തെരഞ്ഞെടുക്കാൻ പറ്റിയ നല്ല ചോയിസ് ആണ് ഹെർബൽ ടീകൾ. മസാല ചായയോ ഇഞ്ചി ചായയോ ഗ്രീൻ ടീയോ ഒക്കെ നിങ്ങൾക്ക് ഇതിനായി തിരഞ്ഞെടുക്കാം.
മോര് വെള്ളം കുടിക്കാം
ജലാംശം മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും അടങ്ങിയ മോര് വെള്ളം കുടിക്കുന്നതും ഈ കാലയളവിൽ നല്ലതാണ്.
ഇനി ഈ മാർഗ്ഗങ്ങൾ ഉപയോഗിച്ച് തണുപ്പ് കാലത്തും ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്താൻ തുടങ്ങിക്കൊള്ളു.