Connect with us

Career Education

മാധ്യമപ്രവര്‍ത്തകരാകാന്‍ മോഹമുണ്ടോ? പ്ലസ് ടു കഴിഞ്ഞവര്‍ക്കും മാധ്യമ പഠനം സാധ്യമാണ്

ഗവണ്‍മെന്റ് മേഖലയിലാണ് നിങ്ങള്‍ക്ക് പഠന താല്പര്യമെങ്കില്‍ കല്‍പ്പറ്റയിലെ ഗവണ്‍മെന്റ് കോളേജ് ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ ജേണലിസത്തില്‍ ബിരുദ ബിരുദാനന്തര പഠന സൗകര്യം നല്‍കുന്നുണ്ട്.

Published

|

Last Updated

പ്ലസ് ടു കഴിഞ്ഞാല്‍ തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു മേഖലയാണ് മാധ്യമ പഠനം. പത്താം ക്ലാസിനു ശേഷം തന്നെ ഹ്യൂമാനിറ്റീസ് കോഴ്‌സുകളിലും ജേണലിസം ഒരു വിഷയമായി ഉള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോട്ടും കണ്ണൂരിലും മലപ്പുറത്തും ഒക്കെയായി വിവിധ ഗവണ്‍മെന്റ് സ്‌കൂളുകളിലും ജേണലിസം കോഴ്‌സ് ആയി നിലവിലുണ്ട്. എന്നാല്‍ പ്ലസ്ടുവിന് ശേഷം ജേണലിസത്തില്‍ എന്തൊക്കെ പഠന സാധ്യതകളാണുള്ളത് എന്ന് നമുക്ക് നോക്കാം.

നമ്മള്‍ സ്വാഭാവികമായി കാണുന്നതുപോലെ സ്വകാര്യമേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ തലത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിരവധി അവസരങ്ങള്‍ ഉണ്ട്. വിവിധ കമ്പനികളിലെ പി ആര്‍ ഒ, മാധ്യമ സ്ഥാപനങ്ങള്‍, അധ്യാപനം, ഗവണ്‍മെന്റ് തലത്തിലെ വിവിധ തസ്തികകള്‍, കണ്ടന്റ് റൈറ്റേഴ്‌സ്, അങ്ങനെ  നീളുന്നു ജേണലിസം മേഖലയിലെ തൊഴില്‍ സാധ്യതകള്‍. ജേണലിസം ഒരു പഠന വിഷയമായി ഉള്‍പ്പെടുത്തിയതോടെ നിരവധി അധ്യാപക പോസ്റ്റുകളും ജേണലിസത്തില്‍ ഉണ്ട്.

സംസ്ഥാനത്തെയും പുറത്തെയും വിവിധ യൂണിവേഴ്‌സിറ്റികളില്‍ സ്‌കോളര്‍ഷിപ്പോടെ ഗവേഷണം നടത്താം എന്നതും ജേണലിസത്തിലെ ഒരു ഓപ്ഷന്‍ ആണ്. മാധ്യമ പഠനത്തിലെ ബിരുദം, ബിരുദാനന്തര ബിരുദം, ഒരു വര്‍ഷത്തെ പിജി ഡിപ്ലോമ പി എച്ച് ഡി കോഴ്‌സുകളാണ് ജേണലിസത്തില്‍ ഉള്ളത്. നിരവധി കോളേജുകളില്‍ മലയാളം, ഇംഗ്ലീഷ് എന്നീ കോഴ്‌സുകള്‍ക്കൊപ്പം കോംപ്ലിമെന്ററി ആയി ജേണലിസം പഠിക്കാനുള്ള അവസരവും ഉണ്ട്.

ഗവണ്‍മെന്റ് മേഖലയിലാണ് നിങ്ങള്‍ക്ക് പഠന താല്പര്യമെങ്കില്‍ കല്‍പ്പറ്റയിലെ ഗവണ്‍മെന്റ് കോളേജ് ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ ജേണലിസത്തില്‍ ബിരുദ ബിരുദാനന്തര പഠന സൗകര്യം നല്‍കുന്നുണ്ട്. കേരള, കാലിക്കറ്റ് ,എംജി, കണ്ണൂര്‍ എന്നീ സര്‍വ്വകലാശാലകളില്‍ ജേണലിസത്തിന് ബിരുദാനന്തര ബിരുദ കോഴ്‌സ് റെഗുലറായി നടത്തുന്നുണ്ട്. എന്‍ട്രന്‍സ് ടെസ്റ്റുകളിലൂടെയാണ് ഈ കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടാവുന്നത്. വിവിധ പ്രസ് ക്ലബുകള്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ കോഴ്‌സുകളും സംഘടിപ്പിക്കുന്നുണ്ട്.

എന്നാല്‍ പ്ലസ്ടുവിന് ശേഷം നിങ്ങള്‍ക്ക് ജേണലിസം ബിരുദ കോഴ്‌സ് തെരഞ്ഞെടുത്തും ഈ മേഖലയുടെ ഭാഗമാകാം. ഇതുകൂടാതെ ബിരുദത്തിനു ശേഷം കാക്കനാട് പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമിയിലും നിങ്ങള്‍ക്ക് ഒരു വര്‍ഷത്തെ പിജി ഡിപ്ലോമ കോഴ്‌സ് ചെയ്യാവുന്നതാണ്. ജേണലിസം പഠനത്തിന് ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍. റേഡിയോ, ടെലിവിഷന്‍, അഡ്വര്‍ടൈസിംഗ്, പബ്ലിക് റിലേഷന്‍ തുടങ്ങി നിരവധി കോഴ്‌സുകള്‍ ഇവിടെ നടത്തിവരുന്നുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. പാഷനും കഴിവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ശോഭിക്കാവുന്ന മേഖല കൂടിയാണ് മാധ്യമപ്രവര്‍ത്തനം. കൃത്യമായി കോഴ്‌സുകള്‍ തിരഞ്ഞെടുത്ത് അഡ്മിഷന്‍ നേടേണ്ടതും വളരെ പ്രധാനമാണ്.