Connect with us

Articles

നിങ്ങളെന്നാണ് മനുഷ്യരുടെ ചേരിയില്‍ നില്‍ക്കുക?

രാജ്യത്തെ നയിക്കാന്‍ നറുക്ക് വീഴുന്നത് ആര്‍ക്കായാലും അത് ലോകത്തെ നയിക്കാന്‍ കിട്ടുന്ന സമ്മതിയാക്കി മാറ്റാന്‍ കഴിയുന്ന മേല്‍ക്കോയ്മയാണ് ഒരര്‍ഥത്തില്‍ ഈ തിരഞ്ഞെടുപ്പിനെ ഇത്രമേല്‍ ഉദ്വേഗഭരിതമാക്കുന്നത്. സൈന്യം, ആയുധം, സമ്പത്ത്, കമ്പോളം എല്ലാത്തിലും ഈ മേല്‍ക്കോയ്മ പ്രകടമാണ്. ചൈനയും റഷ്യയും പോലെ എണ്ണം പറഞ്ഞ രാജ്യങ്ങളിലൊഴികെ മറ്റെവിടെയും അമേരിക്കയുണ്ട് എന്നതാണവസ്ഥ.

Published

|

Last Updated

യു എസ് പ്രസിഡന്റായി ആര് തിരഞ്ഞെടുക്കപ്പെടുന്നു എന്നത് ലോകത്തിന്റെ ആധിയോ ആശയോ അല്ല. ഡൊണാള്‍ഡ് ട്രംപോ കമലാ ഹാരിസോ? വൈറ്റ് ഹൗസിലെ അടുത്ത അന്തേവാസി ആരായാലും ലോകത്ത് അതൊരു മാറ്റവും കൊണ്ടുവരില്ല എന്ന് വിശ്വസിക്കുന്നവരാണ് ലോക ജനസംഖ്യയിലെ മഹാഭൂരിപക്ഷം. അതുകൊണ്ട് തന്നെ ഇന്ന് യു എസ് വിധി എഴുതുമ്പോള്‍ അതൊരു തിരഞ്ഞെടുപ്പ് വാര്‍ത്ത എന്ന നിലക്കുള്ള വിശകലനമേ അര്‍ഹിക്കുന്നുള്ളൂ. പക്ഷേ, അന്താരാഷ്ട്ര മാധ്യമങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെപ്രതി വികസിപ്പിച്ച നരേറ്റിവ് ലോകത്തെയാകെ ബാധിക്കുന്ന എന്തോ സംഭവിക്കാനിരിക്കുന്നു എന്ന നിലക്കാണ്. ഏത് തിരഞ്ഞെടുപ്പും മാധ്യമങ്ങള്‍ക്ക് ബിസിനസ്സാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പാകട്ടെ, സഹസ്ര കോടികള്‍ പന്താടപ്പെടുന്ന മാമാങ്കമാണ്. അതിന്റെ പങ്കുപറ്റാനുള്ള തിടുക്കമാണ് മാധ്യമങ്ങളില്‍ നുരയുന്ന യു എസ് തിരഞ്ഞെടുപ്പുത്സവം. ആരെന്നുമെന്തെന്നുമാര്‍ക്കറിയാം എന്ന മട്ടില്‍ നിസ്സംഗമായി നില്‍ക്കാന്‍ ലോകത്തെ ഒരു മനുഷ്യനെയും അനുവദിക്കില്ല എന്ന മട്ടില്‍ യുദ്ധപ്രതീതി ഉണര്‍ത്തിയാണ് ഈ ഉത്സവത്തെ ആഗോള മാധ്യമങ്ങള്‍ ലൈവാക്കി നിര്‍ത്തുന്നത്. യു എസിലേക്ക് കണ്ണുംനട്ടിരിക്കുന്ന ലോകം എന്ന സ്വപ്നത്തെ പ്രായോഗികവത്കരിക്കാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോളം പോന്ന മറ്റൊരു സന്ദര്‍ഭമില്ലെന്ന് അമേരിക്കന്‍ മാധ്യമങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ല.

രാജ്യത്തെ നയിക്കാന്‍ നറുക്ക് വീഴുന്നത് ആര്‍ക്കായാലും അത് ലോകത്തെ നയിക്കാന്‍ കിട്ടുന്ന സമ്മതിയാക്കി മാറ്റാന്‍ കഴിയുന്ന മേല്‍ക്കോയ്മയാണ് ഒരര്‍ഥത്തില്‍ ഈ തിരഞ്ഞെടുപ്പിനെ ഇത്രമേല്‍ ഉദ്വേഗഭരിതമാക്കുന്നത്. സൈന്യം, ആയുധം, സമ്പത്ത്, കമ്പോളം എല്ലാത്തിലും ഈ മേല്‍ക്കോയ്മ പ്രകടമാണ്. ചൈനയും റഷ്യയും പോലെ എണ്ണം പറഞ്ഞ രാജ്യങ്ങളിലൊഴികെ മറ്റെവിടെയും അമേരിക്കയുണ്ട് എന്നതാണവസ്ഥ. ആ സാന്നിധ്യം ഒരുവേള സൈനിക താവളമായിട്ടാകാം, അല്ലെങ്കില്‍ സാമ്പത്തിക സഹായമായിട്ടാകാം. ചിലപ്പോഴത് ക്രൂരമായ അധിനിവേശത്തിന്റെ രൂപത്തിലുമാകാം. അമേരിക്കയുടെ രാഷ്ട്രാന്തരീയ അധിനിവേശത്തിന് രണ്ട് മുഖങ്ങളുണ്ട്. ഒന്ന് നേര്‍ക്കുനേര്‍ നയിക്കുന്ന യുദ്ധമാണ്; ഇറാഖിലും അഫ്ഗാനിലും ചെയ്തത് പോലെ. മറ്റൊന്ന്, കര്‍ട്ടനു പിന്നില്‍ നിന്ന് നയിക്കുന്ന യുദ്ധമാണ്. യുക്രൈനില്‍ യു എസിന്റെ റോള്‍ അതാണ്. ഗസ്സ ഇത് രണ്ടിലും ഉള്‍പ്പെടില്ല. അമേരിക്കയേത്, ഇസ്റാഈലേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം ഒന്നായി നിന്നാണ് ഗസ്സയില്‍ അവര്‍ അധിനിവേശം പൂര്‍ത്തിയാക്കുന്നത്. യുദ്ധമുഖത്ത് കൊടിയ അക്രമിയായും വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവായും പ്രത്യക്ഷപ്പെടാന്‍ സാധിക്കുന്നു അമേരിക്കക്ക്. ഗസ്സയില്‍ വംശഹത്യ നടത്തുന്നത് ഇസ്റാഈല്‍ ആണെന്ന് നമുക്ക് പുറമേക്ക് തോന്നുകയാണ്. അവിടെ ചോരക്കൊതിയുമായി ഇറങ്ങുന്ന സയണിസ്റ്റ് സൈനികന്റെ തോക്കിലും ഷൂവിലും വരെ അമേരിക്കയുണ്ട്. അമേരിക്കയില്ലെങ്കില്‍ ഇസ്റാഈല്‍ ഇല്ല. നിര്‍ത്തൂ എന്ന് ഉച്ചത്തില്‍ അമേരിക്ക പറഞ്ഞാല്‍ അന്നവസാനിക്കും ഗസ്സയിലെ ചോരപ്പെയ്ത്ത്. അതിനു മുകളിലേക്ക് കയറിനിന്ന് വെടിയുതിര്‍ക്കാനുള്ള ധൈര്യമൊന്നും ബെഞ്ചമിന്‍ നെതന്യാഹുവിനില്ല.

എന്നിട്ടും കൊടും കാപട്യത്തിന്റെ പുരപ്പുറത്തേറി ‘വിശുദ്ധ’ ഭാഷണം നടത്താന്‍ അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കുന്നുണ്ട്. അവിടെ നടക്കുന്നതിലൊന്നും തങ്ങള്‍ക്കൊരു പങ്കുമില്ലെന്ന് ആണയിടാന്‍ അവര്‍ക്ക് തെല്ലും മടിയുണ്ടാകില്ല. അതില്‍ അതിശയിക്കാന്‍ ഒന്നുമില്ല, അമേരിക്കയുടെ ചരിത്രമറിയുന്നൊരാള്‍ക്കും. ഒരുഭാഗത്ത് മനുഷ്യരെ കൊന്നുതിന്നുമ്പോള്‍ തന്നെയും മറുഭാഗത്ത് നിഷ്‌കളങ്കരായി അഭിനയിക്കാന്‍ കഴിയുന്നതുകൊണ്ടാണ് ഒരേസമയം ആയുധക്കച്ചവടക്കാരന്റെയും അനുരഞ്ജനവാദിയുടെയും റോളില്‍ പ്രത്യക്ഷപ്പെടാന്‍ ജോ ബൈഡനും ആന്റണി ബ്ലിങ്കനുമൊക്കെ കഴിയുന്നത്. ചെകുത്താന്‍ വേദമോതുന്നു എന്ന പ്രയോഗത്തെ അനുസ്മരിപ്പിക്കും വിധം അത്തരമൊരു ‘നിഷ്‌കളങ്കമായ’ പ്രസ്താവന കഴിഞ്ഞ ദിവസം ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമലാ ഹാരിസ് നടത്തുകയുണ്ടായി. താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഗസ്സയിലെ ‘യുദ്ധം’ അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമവും നടത്തുമെന്നാണ് അവര്‍ പറഞ്ഞത്. മിഷിഗണിലെ ഈസ്റ്റ് ലാന്‍സിംഗില്‍ രണ്ട് ലക്ഷത്തോളം വരുന്ന അറബ്-അേമരിക്കന്‍ സമൂഹത്തെ സംബോധന ചെയ്യുമ്പോഴാണ് അവര്‍ ഗസ്സക്ക് വേണ്ടി തന്നാല്‍ കഴിയുന്നതൊക്കെ ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

കമലാ ഹാരിസ് നിലവില്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റാണ്. ഡെമോക്രാറ്റുകളുടെ കരുത്തയായ നേതാവാണ്. ലോകരാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ ശേഷിയുണ്ട് അവരുടെ നിലപാടുകള്‍ക്ക്. ലോകത്തെത്തന്നെ ഏറ്റവും ശക്തയായ സ്ത്രീയാണവര്‍. ഒരു വര്‍ഷം പിന്നിട്ടു ഇസ്റാഈല്‍ ഗസ്സയില്‍ നരഹത്യ ആരംഭിച്ചിട്ട്. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഭൂമിയിലേക്ക് പിറന്നുവീണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്റാഈല്‍ ബോംബിംഗില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ പോലുമുണ്ട്. അവര്‍ക്ക് വേണ്ടി കണ്ണീരുപ്പു കലര്‍ന്ന അരവരി പ്രസ്താവന പോലും പുറപ്പെടുവിക്കുകയോ നിര്‍ത്തൂ ഈ ചോരക്കളിയെന്ന് ഇസ്റാഈലിനോട് കടുപ്പിച്ചൊന്നു പറയുകയോ ചെയ്തിട്ടില്ലാത്ത നേതാവ് തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പറയുകയാണ്, താന്‍ അധികാരമേറിയാല്‍ ഗസ്സയിലെ ‘യുദ്ധം’ അവസാനിപ്പിക്കാനുള്ള ഇടപെടല്‍ നടത്തുമെന്ന്. അങ്കുശമില്ലാത്ത കാപട്യം എന്നല്ലാതെ മറ്റെന്താണ് പറയേണ്ടത്?

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അധിനിവേശത്തില്‍ അമേരിക്കയുടെ പങ്ക് എന്തെന്ന് ഫലസ്തീനിലെ പിഞ്ചുകുട്ടികള്‍ക്ക് പോലുമറിയാം. യു എസ് ഒഴുക്കുന്ന പണത്തിന്റെയും ആയുധത്തിന്റെയും പിന്‍ബലം ഇല്ലായിരുന്നെങ്കില്‍ എന്നേ വിസ്മൃതമായേനെ ഇസ്റാഈല്‍. പിറവി തൊട്ടിന്നോളം അമേരിക്കയുടെ കരുതലും ‘കാരുണ്യ’വും ആവോളം കിട്ടിയിട്ടുണ്ട് സയണിസ്റ്റ് രാജ്യത്തിന്. ഇസ്റാഈലിന്റെ ഏത് പ്രതിസന്ധിയും സ്വന്തം പ്രതിസന്ധിയായിരുന്നു യു എസിന്. ഒരു വര്‍ഷം പിന്നിട്ട ഇസ്റാഈലിന്റെ ഗസ്സ നായാട്ടിന്റെ മുന്നിലും പിന്നിലും അമേരിക്കയാണ്. ആ രാജ്യത്തിന്റെ വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്. തിരഞ്ഞെടുപ്പ് ജയം എന്ന കടമ്പ കടന്നുകിട്ടിയാല്‍ ഇപ്പോഴത്തേക്കാള്‍ സജീവമായി അവര്‍ നെതന്യാഹുവിനൊപ്പം നില്‍ക്കും. ജയിക്കുന്നത് ട്രംപ് ആയാലും യു എസ് ഇസ്റാഈല്‍ അനുകൂല നിലപാട് തുടരും. ഇസ്റാഈലിന്റെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് പറയാന്‍ ഈസ്റ്റ് ലാന്‍സിംഗിലും കമലാ ഹാരിസ് മറന്നിട്ടില്ല. തിരഞ്ഞെടുപ്പഭ്യാസം എന്നതിനപ്പുറം ഒരു ആത്മാര്‍ഥതയുമില്ല അവരുടെ ഗസ്സ പരാമര്‍ശത്തിന്. കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചുകീറും എന്നറിഞ്ഞുകൊണ്ടുതന്നെ വളര്‍ത്തു പട്ടിയെ തുടലഴിച്ചു വിട്ടിട്ട്, നാട്ടുകാര്‍ എതിരാകുന്ന ഘട്ടത്തില്‍ മാത്രം കണ്ണില്‍ പൊടിയിടാന്‍ കൈയില്‍ കിട്ടിയാല്‍ ഞാനതിനെ ചങ്ങലക്കിടും എന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്. മനുഷ്യത്വം എന്നത് ഒരു തിരഞ്ഞെടുപ്പഭ്യാസമായി മാത്രം കാണുന്ന രണ്ടമേരിക്കന്‍ നേതാക്കളില്‍ വോട്ടര്‍മാര്‍ ആരെ തിരഞ്ഞെടുത്താലെന്ത്? ലോകത്തിന് അതില്‍ ഉദ്വേഗപ്പെടാന്‍ എന്താണുള്ളത്?

ആഗോള മനുഷ്യ ജീവിതത്തെ പല കാലങ്ങളില്‍ അസ്വസ്ഥമാക്കിയ ഘടകങ്ങളിലൊന്ന് നിശ്ചയമായും അമേരിക്കയാണ്. അവരുടെ രാഷ്ട്രീയഹിതം ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള മോഹസാക്ഷാത്കാരത്തിന് വേണ്ടി നശിപ്പിച്ച രാജ്യങ്ങളെത്ര, തകര്‍ത്തെറിഞ്ഞ ജനപദങ്ങളെത്ര. അമേരിക്കന്‍ യുദ്ധക്കൊതിയുടെ നിത്യസ്മാരകമായി എണ്ണാന്‍ വിയറ്റ്‌നാമിനെ പോലെ, ജപ്പാനെ പോലെ എത്രയോ രാജ്യങ്ങള്‍. അമേരിക്കയെന്ന കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിയാണ് ഇസ്റാഈല്‍. രണ്ട് രാജ്യങ്ങളായിരിക്കെ തന്നെ ഏക രാഷ്ട്രീയം പങ്കിടുന്നവര്‍. അമേരിക്ക മറ്റൊരു തിരഞ്ഞെടുപ്പ് നാളില്‍ നില്‍ക്കുമ്പോള്‍ ലോകം അത്യുച്ചത്തില്‍ ഉന്നയിക്കേണ്ട ഒരു ചോദ്യമേയുള്ളൂ: മനുഷ്യരുടെ ചേരിയില്‍ നില്‍ക്കാന്‍ നിങ്ങള്‍ക്ക് എത്ര വോട്ടുകള്‍ വേണ്ടിവരും?

 

Latest