First Gear
പെട്രോൾ അടിച്ച് മടുത്തോ; ഏഥർ ഇവി സ്‌കൂട്ടർ വാങ്ങാം ഓഫറിൽ
ഏഥറിൻ്റെ ജനപ്രിയ സ്‌കൂട്ടറുകളായ 450X, 450 അപെക്‌സ് മോഡലുകൾക്കാണ് പ്രത്യേക ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
മുംബൈ | ഓലയ്‌ക്ക് പിന്നാലെ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് വമ്പൻ ഓഫറുമായി ഏഥറും. ഏഥറിൻ്റെ ജനപ്രിയ സ്‌കൂട്ടറുകളായ 450X, 450 അപെക്‌സ് മോഡലുകൾക്കാണ് പ്രത്യേക ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് മോഡലുകൾക്കും 25,000 രൂപയാണ് ഓഫർ. ഒപ്പം എട്ട് വർഷത്തെ എക്സ്റ്റൻഡഡ് ബാറ്ററി വാറണ്ടിയും കമ്പനി വാഗ്‌ദാനം നൽകുന്നു. കൂടുതൽ പേർ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യം മുതലെടുക്കുകയാണ് ലക്ഷ്യം.
ഇക്കഴിഞ്ഞ ദിവസം ഓല ഇലക്‌ട്രിക് 49,999 രൂപയ്ക്ക് S1 സ്‌കൂട്ടർ തരാമെന്ന് പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു. പെട്രോൾ ടൂവീലറിൽ നിന്നും ഇവിയിലേക്ക് മാറാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഈ ഓഫർ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ കൊമാകിയും ഇതേ തന്ത്രം ആവിഷ്ക്കരിച്ച് വിപണിയിലെത്തുകയുണ്ടായി. ഇതോടെയാണ് ഓലയുടെ മുഖ്യശത്രുവായ ഏഥർ എനർജിയും ഉത്സവകാല ഓഫർ കൊണ്ടുവന്നിരിക്കുന്നത്.
5,000 രൂപ വിലയുള്ള ഏതർ ഗ്രിഡ് ചാർജിംഗ് വഴി ഒരു വർഷത്തെ കോംപ്ലിമെൻ്ററി ചാർജിംഗും ഉത്സവകാല ഓഫറിൽ ഉണ്ട്. ഒപ്പം തെരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമമകൾക്ക് അധികമായി 10,000 വരെ ക്യാഷ്ബായ്ക്കും ലഭിക്കും. ഏഥർ ഗ്രിഡ് ഇന്ത്യയിലുടനീളം 2,152 ഫാസ്റ്റ് ചാർജിംഗ് പോയിൻ്റുകളാണ് ഇതുവരെ സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിൽ കൊച്ചി പോലെയുള്ളടിങ്ങളിലാണ് ഗ്രിഡിൻ്റെ സേവനം ലഭ്യമാവുക.
ഏഥർ 450 എക്‌സിന് 3.7 kwh ന് 150 കിലോമീറ്ററും 2.9 kwh ബാറ്ററിയിൽ 111 കിലോമീറ്ററുമാണ് അവകാശപ്പെടുന്ന റേഞ്ച്.