തെളിയോളം
നിങ്ങൾ സ്വയം രൂപാന്തരപ്പെടുന്നുണ്ടോ?
നിങ്ങൾക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ട്, എന്നാൽ നിങ്ങളുടെ തലക്കുള്ളിൽ, നിങ്ങളുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായതും അവയെ പരിമിതപ്പെടുത്തുന്നതുമായ സ്വയം വിവരണങ്ങളും നടക്കുന്നുണ്ട്.
ഫ്രാൻസ് കാഫ്കയുടെ “ദി മെറ്റമോർഫോസിസ്’ എന്ന നോവൽ ഒരു സുപ്രഭാതത്തിൽ ഉണർന്ന് സ്വയം ഒരു ഭീമൻ പ്രാണിയായി രൂപാന്തരപ്പെട്ട ഗ്രിഗർ സാംസയുടെ കഥയാണ്. അന്യവത്കരണം, സ്വത്വം, മനുഷ്യാവസ്ഥ എന്നീ പ്രമേയങ്ങൾ പങ്കുവെക്കുന്ന നോവലിൽ പല കാരണങ്ങളാൽ ഒറ്റപ്പെടലിലേക്ക് വീണു പോകുന്നവരുടെ ദുരന്ത ജീവിതമാണ് പങ്കുവെക്കുന്നത്.പ്രാണിയായി മാറി എന്ന സാംസയുടെ അവസ്ഥ പോലെ ചുറ്റുവട്ടങ്ങളിൽ നിന്ന് നാം സ്വയം എടുത്തണിയുന്ന പല രൂപഭാവങ്ങളും അനുഭവ പ്രതികരണങ്ങളും നമ്മിൽ സൃഷ്ടിച്ചേക്കാവുന്ന ആഘാതങ്ങൾ വളരെ വലുതാണ്.
മിക്സഡ് അസോസിയേഷൻ (സമ്മിശ്ര ബന്ധം) എന്ന മനസ്സിന്റെ കളി ഈ ഗണത്തിൽ നാം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. പല തരം ജ്ഞാന സങ്കേതങ്ങളെ ആശ്രയിക്കുകയും തികച്ചും വ്യത്യസ്തമായ വൈകാരിക അനുഭവങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യേണ്ടി വരുന്ന പുതിയ കാലത്ത് മനസ്സിന്റെ സമ്മിശ്രമായ സഹവാസം മനുഷ്യന്റെ അറിവിന്റെ സങ്കീർണതകളെ വെളിപ്പെടുത്തുന്നു. ഇത് ആകർഷകവും ക്രിയാത്മകവുമായ ചിന്താ പ്രക്രിയകളിലേക്ക് നയിക്കുമെങ്കിലും ആശയക്കുഴപ്പത്തിനും വൈകാരിക ക്ലേശത്തിനുമാണ് എറെ സാധ്യതകളുള്ളത്.
നിങ്ങൾക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ട്, എന്നാൽ നിങ്ങളുടെ തലക്കുള്ളിൽ, നിങ്ങളുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായതും അവയെ പരിമിതപ്പെടുത്തുന്നതുമായ സ്വയം വിവരണങ്ങളും നടക്കുന്നുണ്ട്. ഉദാഹരണത്തിന് ഒരു ബിസിനസ്സിന്റെ തലവനാകാൻ നിങ്ങൾക്ക് ശക്തമായ ആഗ്രഹമുണ്ട്. എന്നാൽ ആ വേഷം ഏറ്റെടുക്കാനുള്ള സന്നദ്ധതയെക്കുറിച്ച് നിങ്ങളുടെ ഉള്ളിൽ ചില ഭയങ്ങളും സംശയങ്ങളും നൃത്തം ചെയ്യുന്നുണ്ടോ?. മികച്ച പബ്ലിക് സ്പീക്കറാകാൻ ആഗ്രഹിക്കുന്ന നിങ്ങൾ, അതിൽ മികച്ചവരാകാനുള്ള പരിശീലനം നേടുന്നു. എന്നാൽ നിങ്ങളുടെ തലക്കുള്ളിൽ, അത് വേണ്ടത്ര ശരിയാവുന്നില്ല എന്ന് ഒരു അശരീരി അലയടിക്കുന്നുണ്ടോ? ഒരു പുതിയ സംരംഭമോ പദ്ധതിയോ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആഴത്തിൽ, പ്രോജക്റ്റിന്റെ വിജയത്തിന് ആവശ്യമായ സമയം ചെലവഴിക്കാൻ കഴിയില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
മിക്സഡ് അസോസിയേഷൻ ഉള്ളപ്പോൾ, ബോധപൂർവം നിങ്ങൾ എന്ത് ആഗ്രഹിച്ചാലും അതിൽ കാര്യമുണ്ടാകില്ല. ഉപബോധ മനസ്സ് നിങ്ങളുടെ ബോധപൂർവമായ ആഗ്രഹത്തെ പിന്തുണക്കുകയില്ല. എട്ട് തൊഴിലാളികളുള്ള ഒരു ഫാക്ടറിയാണ് നിങ്ങളുടെ മനസ്സ് എന്ന് സങ്കൽപ്പിക്കുക. ഒരു തൊഴിലാളി (നിങ്ങളുടെ ബോധമനസ്സ്) ഫാക്ടറിയുടെ വളർച്ചക്കും വികസനത്തിനും ഉത്പാദനക്ഷമതക്കും വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നു, മറ്റ് ഏഴ് തൊഴിലാളികൾ (നിങ്ങളുടെ ഉപബോധ മനസ്സ്) ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുന്നു. ഏഴ് തൊഴിലാളികൾ നിങ്ങൾക്കായി ഒന്നും ചെയ്യാത്തതിന്റെ മുഴുവൻ ഭാരവും ഒരു തൊഴിലാളി ചുമക്കാൻ നിർബന്ധിതമാകുന്നു. സമ്മിശ്ര ബന്ധം വഴി നിങ്ങളിൽ ജഡത്വവും വിവേചനമില്ലായ്മയും നീട്ടിവെക്കലും സൃഷ്ടിക്കപ്പെടുന്നു.
അത് നിങ്ങളുടെ വേഗവും പ്രേരണയും കവർന്നെടുക്കുന്നു. ഏത് കാര്യത്തെയും അലസമായി സമീപിക്കാൻ ഇടവരുന്നത് ജോലിസ്ഥലങ്ങളിൽ നിങ്ങളെ ഭ്രാന്തമായി ഒറ്റപ്പെടുത്തും.
മനസ്സിലെ സമ്മിശ്ര ബന്ധങ്ങളെ മറികടക്കാൻ, ശ്രദ്ധയും പ്രായോഗിക തന്ത്രങ്ങളും സംയോജിപ്പിക്കുന്നത് ഉപയോഗപ്രദമാണ്. ധ്യാനം, മൈൻഡ്ഫുൾനസ് വ്യായാമങ്ങൾ എന്നിവ പോലെയുള്ള പരിശീലനങ്ങൾ ചിന്തകളെ കുറിച്ച് കൂടുതൽ ബോധവാന്മാരാകാനും അവയെ ന്യായവിധി കൂടാതെ നിയന്ത്രിക്കാനും സഹായിക്കും.
ആസ്വാദ്യകരമായ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്നത് നിങ്ങളുടെ മാനസിക ഊർജത്തെ കൂടുതൽ പോസിറ്റീവ് അവസ്ഥകളിലേക്ക് മാറ്റും. ചുറ്റുപാട് മാറ്റുക, ജോലികൾ ചെറിയ ഘട്ടങ്ങളായി വിഭജിക്കുക, വിശദമായ പ്ലാനുകൾ സൃഷ്ടിക്കുക എന്നിവയും നിങ്ങളുടെ ചിന്തകൾ വ്യക്തമാക്കാനും സങ്കീർണമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കാനും സഹായിക്കും. വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും പതിവായി ഇടവേളകൾ എടുക്കുകയും ചെയ്യുന്നത് നിങ്ങളുടെ മനസ്സിനെ നവീകരിക്കാനും വൈകാരിക നിയന്ത്രണം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ഉത്പാദനക്ഷമത വർധിപ്പിക്കാനും സഹായിക്കും, ഒപ്പം മാനസിക വിഭ്രാന്തികൾ നിയന്ത്രിക്കാനും പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതിലൂടെ കഴിയും.