Health
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നടക്കുകയാണോ!എങ്കിൽ ഈ സമയങ്ങളിൽ വ്യായാമം ചെയ്യൂ...
പ്രഭാത നടത്തത്തേക്കാളും അല്ലെങ്കിൽ ദിവസം മുഴുവൻ വ്യായാമം ചെയ്യുന്നതിനേക്കാളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഉച്ചകഴിഞ്ഞും വൈകുന്നേരവും വ്യായാമം ചെയ്യുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു.
ബ്ലഡ് ഷുഗർ കുറയ്ക്കാൻ വ്യായാമവും നടത്തവും ഒക്കെ വളരെ നല്ലതാണെന്ന് കാര്യം നമുക്കറിയാം. ചുമ്മാ ഒന്ന് എക്സസൈസ് ചെയ്ത് കാട്ടിക്കൂട്ടുന്നതിനപ്പുറം എങ്ങനെ ഫലപ്രദമായി വ്യായാമം ചെയ്തു രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം എന്ന് പറയുകയാണ് ഒരു കൂട്ടം ഗവേഷകർ.
സാധാരണഗതിയിൽ, നിങ്ങളുടെ രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ കോശങ്ങളെ സഹായിക്കുന്നതിനാണ് നിങ്ങളുടെ ശരീരം ഇൻസുലിൻ ഉപയോഗിക്കുന്നത് . ഈ പ്രക്രിയ നന്നായി നടക്കുമ്പോൾ , രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായിനിലനിൽക്കും. ഇത് ദിവസം മുഴുവൻ ഊർജ്ജം നൽകുന്നു. പക്ഷെ ടൈപ്പ് 2 പ്രമേഹമുള്ളവരെപ്പോലുള്ള ഇൻസുലിൻ പ്രതിരോധശേഷിയുള്ള ആളുകൾക്ക്, ഗ്ലൂക്കോസ് രക്തപ്രവാഹത്തിൽ തങ്ങിനിൽക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് പതിവ് ശാരീരിക വ്യായാമങ്ങൾ.കാരണം ശാരീരിക പ്രവർത്തനങ്ങളിൽ ഇന്ധനത്തിനായി ഗ്ലൂക്കോസ് നിങ്ങളുടെ പേശി കോശങ്ങളിലേക്ക് വലിച്ചെടുക്കുന്നു. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ വർക്ക്ഔട്ട് പൂർത്തിയായതിനുശേഷവും കോശങ്ങൾ ഗ്ലൂക്കോസ് ആഗിരണം വർദ്ധിപ്പിക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഈ പ്രക്രിയ സഹായിക്കുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ പ്രഭാത നടത്തത്തേക്കാളും അല്ലെങ്കിൽ ദിവസം മുഴുവൻ വ്യായാമം ചെയ്യുന്നതിനേക്കാളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഉച്ചകഴിഞ്ഞും വൈകുന്നേരവും വ്യായാമം ചെയ്യുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു.
2022-ൽ ഡയബറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഉച്ചതിരിഞ്ഞ് വ്യായാമം ചെയ്യുന്നവരിൽ ഇൻസുലിൻ പ്രതിരോധത്തിൽ 18% കുറവുണ്ടായതായും വൈകുന്നേരം വർക്ക് ഔട്ട് ചെയ്യുന്നവരിൽ 25% കുറവുണ്ടായതായും കണ്ടെത്തി. എന്നാൽ പ്രഭാത വ്യായാമമോ പകൽ മുഴുവൻ വ്യാപിക്കുന്ന പ്രവർത്തനമോ ഇൻസുലിൻ പ്രതിരോധത്തിലോ കരളിലെ കൊഴുപ്പിൻ്റെ അളവിലോ കാര്യമായ പുരോഗതി കാണിച്ചില്ലെന്നാണ് ഈ പഠനം പറയുന്നത്.
ഏറോബിക് വ്യായാമം സ്‌ട്രെങ്തനിങ് ട്രെയിനിങ്, യോഗ സ്ട്രച്ചിങ് എന്നിവയെല്ലാം ഈ സമയങ്ങളിൽ ചെയ്യുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കുറവു വരുത്തിയേക്കും. ഷുഗർ ലെവൽ കുറയ്ക്കുന്നതിനായി വ്യായാമം ചെയ്യുമ്പോൾ ഇനി ഈ സമയം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുമല്ലോ.