qatar world cup final
ഷൂട്ടൗട്ടില്‍ അർജൻ്റീന; വിശ്വകിരീടം മെസ്സിപ്പടക്ക്
ഷൂട്ടൌട്ടിൽ നാല് ഗോളുകൾ അർജൻ്റീന നേടിയപ്പോൾ രണ്ടെണ്ണം മാത്രമാണ് ഫ്രാൻസ് ഗോളാക്കിയത്.

ദോഹ | കാത്തിരിപ്പിന് വിരാമം. സാധ്യതകൾ മാറിമറിഞ്ഞ കലാശപ്പോരിൽ ഷൂട്ടൗട്ടില്‍ ഫ്രാൻസിനെ പരാജയപ്പെടുത്തി ഫുട്ബോൾ വിശ്വകിരീടം അർജൻ്റീനക്ക്. ഷൂട്ടൌട്ടിൽ നാല് ഗോളുകൾ അർജൻ്റീന നേടിയപ്പോൾ രണ്ടെണ്ണം മാത്രമാണ് ഫ്രാൻസ് ഗോളാക്കിയത്. അര്‍ജന്റീനയുടെ മെസ്സി, പൗലോ ഡീബാല, ലിയാന്‍ഡ്രോ പാരഡെസ്, ഗോണ്‍സാലോ മോണ്ടീല്‍ എന്നിവരാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ നേടിയത്. ഫ്രാന്‍സിന്റെ എംബാപ്പെ, റണ്ടല്‍ കോളോ മുവാനി എന്നിവര്‍ ഗോളാക്കിയപ്പോള്‍ കിംഗ്സ്ലി കോമാന്റെ ഷോട്ട് ഗോളി എമിലിയാനോ മാര്‍ട്ടിനസ് തടയുകയും ഔഴില്യന്‍ ചൗമേനിയുടെത് പുറത്തേക്ക് പോകുകയും ചെയ്തു. സ്കോർ അർജൻ്റീന 3(4), ഫ്രാൻസ് 3(2). ഫ്രാന്‍സിന്റെ എംബാപ്പെക്കാണ് സുവര്‍ണ പാദുകം. അര്‍ജന്റീനയുടെ മെസ്സിക്ക് സ്വര്‍ണ പന്തും എമി മാര്‍ട്ടിനസിന് സുര്‍ണ ഗ്ലൗവും എന്‍സോ ഫെര്‍ണാണ്ടസിന് യംഗ് പ്ലേയര്‍ പുരസ്‌കാരവും ലഭിച്ചു.
അധിക സമയത്ത് ഇരുടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടി സമനിലയിലായിരുന്നു. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ ഹാട്രിക് അടിച്ചു. നിശ്ചിത സമയത്തിന് സമാനമായി പരാജയമെന്നുറപ്പിച്ച ഘട്ടത്തില്‍ കിട്ടിയ പെനാല്‍റ്റിയിലൂടെയാണ് അധിക സമയത്തും ഫ്രാന്‍സ് പോരാട്ടവീര്യം പുറത്തെടുത്തത്. ഈ ലോകകപ്പിൽ എട്ട് ഗോളുകൾ നേടി എംബാപ്പെയാണ് മുന്നിൽ. 108ാം മിനുട്ടില്‍ മെസ്സിയാണ് ഗോള്‍ നേടിയത്. ലൗതാരോ മാര്‍ട്ടിനെസിന്റെ ഉഗ്രന്‍ ഷോട്ട് ഗോളി തടഞ്ഞെങ്കിലും മെസ്സി അത് ഗോളാക്കുകയായിരുന്നു. 116ാം മിനുട്ടില്‍ അര്‍ജന്റീനയുടെ ഗോണ്‍സാലോ മൊണ്ടീലിന്റെ കൈയില്‍ ബോള്‍ തൊടുകയും ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിക്കുകയും ചെയ്തു. 118ാം മിനുട്ടില്‍ എംബാപ്പെ പെനാല്‍റ്റി ഗോളാക്കി.
ആദ്യ പകുതി തീർത്തും അർജൻ്റീനയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടാൻ അര്‍ജന്റീനക്ക് സാധിച്ചു.മെസ്സി, ഏഞ്ചല്‍ ഡി മരിയ എന്നിവരാണ് ഗോള്‍ നേടിയത്. 23ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയാണ് പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടിയത്. 21ാം മിനുട്ടില്‍ ഫ്രാന്‍സിന്റെ ഔസ്‌മേന്‍ ഡെംബെലെയാണ് അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ ഏഞ്ചല്‍ ഡി മരിയയെ പെനാല്‍റ്റി ഏരിയയില്‍ വെച്ച് ഫൗള്‍ ചെയ്തത്. അധികം വൈകാതെ സുന്ദരമായ മുന്നേറ്റത്തിലൂടെ രണ്ടാം ഗോളും അര്‍ജന്റീന സ്വന്തമാക്കി. 36ാം മിനുട്ടില്‍ ഏഞ്ചല്‍ ഡി മരിയയാണ് ഗോളടിച്ചത്. മധ്യഭാഗത്ത് നിന്ന് മെസ്സി നല്‍കിയ പാസ്സ് ആദ്യം അലെക്‌സിസ് മക്കാലിസ്റ്റര്‍ക്കും തുടര്‍ന്ന് ഡിമരിയയിലേക്കും എത്തുകയായിരുന്നു. സുന്ദരമായ ഷോട്ടിലൂടെ ഡി മരിയ അത് ഗോളാക്കി. 41ാം മിനുട്ടില്‍ ഒളിവിയര്‍ ജിറൂദിനെയും ഔസ്‌മേന്‍ ഡെംബെലെയെയും കോച്ച് തിരിച്ചുവിളിക്കുകയും പകരക്കാരായി റണ്ടല്‍ കോളോ മുവാനി, മാര്‍കസ് തുറാം എന്നിവരെ ഇറക്കുകയും ചെയ്തു.
80ാം മിനുട്ടിലാണ് എംബാപ്പെ പെനാല്‍റ്റി ഗോളാക്കിയത്. നിക്കോളാസ് ഒട്ടാമെന്‍ഡിയാണ് 79ാം മിനുട്ടില്‍ പന്തുമായി ബോക്സിലെത്തിയ റണ്ടല്‍ കൊളോ മുവാനിയെ ഫൗള്‍ ചെയ്തത്. പെനാല്‍റ്റി നേടി അടുത്ത മിനുട്ടില്‍ തന്നെ സുന്ദരമായ മുന്നേറ്റത്തിലൂടെ ഫ്രാന്‍സ് സമനില ഗോള്‍ നേടി. മാര്‍കസ് തുറമിന്റെ അസിസ്റ്റില്‍ എംബാപ്പെ ഉഗ്രന്‍ ഷോട്ടിലൂടെ ഗോള്‍ നേടുകയായിരുന്നു. തുടർന്നും പലതവണ എംബാപ്പെയും കൂട്ടരും അർജൻ്റീനയെ വിറപ്പിച്ചു. അർജൻ്റീനയുടെ പ്രതിരോധവും മുന്നേറ്റവും പലപ്പോഴും ഇടറുകയും ചെയ്തു. 1986ലാണ് ഇതിന് മുമ്പ് അർജൻ്റീന ലോകകപ്പ് നേടിയത്. അന്ന് ഇതിഹാസ താരം ഡീഗോ മറഡോണയായിരുന്നു നയിച്ചത്.