Connect with us

copa america 2024

കോപ്പയില്‍ ജയിച്ച് തുടങ്ങി അര്‍ജന്റീന; കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി

ഗോളെന്നുറച്ച അഞ്ച് അവസരങ്ങള്‍ ഗോള്‍ കീപ്പര്‍ ക്രപ്യൂ തടഞ്ഞത് കാനഡക്ക് ആശ്വാസമായി. 

Published

|

Last Updated

ന്യൂയോര്‍ക്ക് | കോപ്പ അമേരിക്കയുടെ ആദ്യ മത്സരത്തില്‍ കാനഡക്കെതിരെ ജയിച്ച് തുടങ്ങി നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. ജൂലിയന്‍ അല്‍വാരസ്, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവരാണ് അര്‍ജന്റീനക്കായി ഗോളുകള്‍ നേടിയത്.  15 അവസരങ്ങള്‍ സൃഷ്ടിച്ച അര്‍ജന്റീന ഒമ്പത് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചു. എന്നാല്‍ രണ്ട് തവണ മാത്രമാണ് കാനഡക്ക് അര്‍ജന്റീന പോസ്റ്റിലേക്ക് ലക്ഷ്യം വെക്കാനായത്. മത്സരത്തിലാകെ ഗോളെന്നുറച്ച അഞ്ച് അവസരങ്ങള്‍ ഗോള്‍ കീപ്പര്‍ ക്രപ്യൂ തടഞ്ഞതും കാനഡക്ക് ആശ്വാസമായി.

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിനെത്തിയ കാനഡ അര്‍ജന്റീനക്കെതിരെ കടുത്തവെല്ലുവിളിയായിരുന്നു ഉയര്‍ത്തിയത്. മെസിയടക്കമുള്ള താരങ്ങള്‍ക്ക് കാനഡയുടെ വെല്ലുവിളിയില്‍ പല ഷോട്ടുകളും ലക്ഷ്യത്തിലെത്തിക്കാനായില്ല. മെസിയും ഡി മരിയയും വലതുവിങ്ങില്‍ നിന്ന് ചെറു മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. അര്‍ജന്റീനയുടെ ഓരോ മുന്നേറ്റങ്ങളെയും കാനഡ കൃത്യമായി പ്രതിരോധിച്ചു. 39 ാം മിനുറ്റിലെ മാക് അലിസ്റ്ററിന്റെ ഹെഡര്‍ കനേഡിയന്‍ ഗോളി തട്ടിയകറ്റി. 42 ാം മിനുറ്റി കാനഡയുടെ സ്‌റ്റെഫാന്‍ എസ്റ്റക്യൂവിന്റെ ഹെഡര്‍ ഉഗ്രന്‍ സേവിലൂടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് തട്ടിയകറ്റി. ആദ്യ പകുതിയുടെ അധികസമയത്ത് ജൂലിയന്‍ അല്‍വാരസ് അവസരം നഷ്ടപ്പെടുത്തിയതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍  49 ാം മിനുറ്റില്‍ ജൂലിയന്‍ അല്‍വാരസ് ആദ്യ ഗോള്‍ നേടി. വലതു വിങ്ങില്‍ നിന്ന് മെസി നല്‍കിയ പന്ത് മാക് അലിസ്റ്റര്‍ ഗോളിയെ മറികടന്ന് അല്‍വാരസിലെത്തിച്ചു. ഞൊടിയിടയില്‍ അല്‍വാരസ് പന്ത് കാനഡയുടെ ഗോള്‍വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നും അര്‍ജന്റീന തുടരെ അക്രമങ്ങള്‍ അഴിച്ചുവിട്ടു. രണ്ട് തവണ കനേഡിയന്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം മെസിക്ക് ഗോളിലെത്തിക്കാനായില്ല.

65 ാം മിനുറ്റില്‍ എമിലിയാനോ മാര്‍ട്ടിനസ് മെസിക്ക് നല്‍കിയ പന്ത് ഗോള്‍ കീപ്പര്‍ മാക്‌സിം ക്രപ്യൂ തടഞ്ഞു. പന്ത് വീണ്ടും മെസിയുടെ കാലിലെത്തിയെങ്കിലും ഡിഫന്‍ഡര്‍ ഓടിയെത്തി അതും തടയുകയായിരുന്നു. 79 ാം മിനുറ്റിലും കനേഡിയന്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ നായകന് പിഴച്ചു.

88 ാം മിനുറ്റില്‍ പകരക്കാരനായെത്തിയ ലൗട്ടാരോ മാര്‍ട്ടിനസ് ഗോള്‍ കണ്ടെത്തിയതോടെ ലോകചാമ്പ്യന്‍മാര്‍ കോപ്പയുടെ ആദ്യ മത്സരത്തില്‍ വിജയമുറപ്പിച്ചു. മെസിയുടെ അസിസ്റ്റിലാണ് ലൗട്ടാരോ കനേഡിയയുടെ ഗോള്‍ വലകുലുക്കിയത്. രണ്ടാം ഗോളിന് അസിസ്റ്റ് ചെയ്തതോടെ തുടര്‍ച്ചയായി ഏഴ് കോപ അമേരിക്ക ടൂര്‍ണെന്റുകളില്‍ അസിസ്റ്റ് നല്‍കുന്ന ആദ്യ താരമായി മെസി മാറി . കോപയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരവും മെസിയാണ് . 18 അസിസ്റ്റുകളാണ് കോപയില്‍ മാത്രം മെസിയുടെ പേരിലുള്ളത്.

Latest