National
ഭാര്യയുമായി വഴക്ക്; യുവാവ് നടുറോഡില്‍ കാര്‍ നിര്‍ത്തി കനാലില്‍ ചാടി മരിച്ചു
കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ഞായറാഴ്ച രഘുനന്ദന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

കോട്ട|രാജസ്ഥാനിലെ കോട്ടയില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവാവ് കനാലില്‍ ചാടി മരിച്ചു. കോട്ടയിലെ ചെച്ചാട്ട് ടൗണില്‍ താമസിക്കുന്ന രഘുനന്ദന്‍ (28) ആണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകിട്ട് സകത്പുരയിലെ ഭാര്യ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. കാറില്‍ വെച്ച് രഘുനന്ദനും ഭാര്യ പിങ്കിയും തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നു. ഈ സമയം പ്രകോപിതനായ യുവാവ് കാര്‍ നടുറോഡില്‍ നിര്‍ത്തി പുറത്തിറങ്ങി. പിന്നാലെ റോഡിന് സൈഡിലുള്ള കനാലിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് ഭാര്യ പോലീസില്‍ മൊഴി നല്‍കി.
ഇത് കണ്ട് ഞെട്ടിയ ഭാര്യയാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ഇരുട്ടിയതോടെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായി. പിന്നീട് തൊട്ടടുത്ത ദിവസം യുവാവ് ചാടിയ സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റര്‍ അകലെ കനാലില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ഭാര്യ പിങ്കിയും മൂന്ന് കുട്ടികളും കാറിലുണ്ടായിരുന്നു.
ഭജന്‍ അവതരിപ്പിക്കുന്ന ഗ്രൂപ്പുകള്‍ക്ക് വേണ്ടി ഡോലക്ക് വയിക്കുന്ന കലാകാരനാണ് മരിച്ച രഘുനന്ദന്‍. കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ഞായറാഴ്ച രഘുനന്ദന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)