Kerala
സംസ്ഥാന സ്‌കൂള്‍ കായികമേള സമാപനത്തില്‍ വാക്കേറ്റം
മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ സ്പോര്‍ട്സ് സ്‌കൂളായ ജി വി രാജയെ പരിഗണിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
എറണാകുളം | സംസ്ഥാന സ്‌കൂള്‍ കായികമേള സമാപനത്തില്‍ വാക്കേറ്റം. സംഘര്‍ഷത്തെ തുടര്‍ന്ന് സമാപന കലാപരിപാടികള്‍ തടസപ്പെട്ടു. മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ സ്പോര്‍ട്സ് സ്‌കൂളായ ജി വി രാജയെ പരിഗണിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പോയിന്റുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം.
നാവമുകുന്ദാ, മാര്‍ ബേസില്‍ സ്‌കൂളുകളിലെ കായികാധ്യാപകരും കുട്ടികളുമാണ് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച തങ്ങളെ പോലീസ് കയ്യേറ്റം ചെയ്തതായി താരങ്ങള്‍ ആരോപിച്ചു. ഗ്രൗണ്ടില്‍ തുടങ്ങിയ പ്രതിഷേധത്തിന് പിന്നാലെ സ്റ്റേജിലേക്ക് കടക്കാന്‍ ശ്രമിച്ച കുട്ടികളെ പോലീസ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘര്‍ഷം. കുട്ടികളിലൊരാളെ പോലീസ് കഴുത്തിന് പിടിച്ച് പുറത്താക്കാന്‍ ശ്രമിച്ചതായി ആരോപിച്ചായിരുന്നു സംഘര്‍ഷം. ദേശീയ മേളയില്‍ കായിക താരങ്ങളെ അയക്കില്ലെന്നും അടുത്ത വര്‍ഷം സ്‌കൂള്‍ മേളയില്‍ പങ്കെടുക്കുന്നില്ലെന്നും ചില അധ്യാപകര്‍ പ്രതികരിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ സ്പോര്‍ട്സ് സ്‌കൂളുകളുടെ പോയിന്റ് നില മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ പരിഗണിച്ചിരുന്നില്ല എന്നാല്‍ ഈ വര്‍ഷം മുതല്‍ സ്പോര്‍ട്സ് സ്‌കൂളുകളെ പരിഗണിക്കുന്നത് തുടങ്ങിയിരുന്നു. ഒളിമ്പിക്‌സ് മാതൃകയില്‍ കായിക മേള സംഘടിപ്പിക്കുന്നതിനാലാണ് സ്‌പോട്‌സ് സ്‌കൂളുകളേയും പരിഗണിക്കുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം നേരത്തെ പറഞ്ഞില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. മികച്ച സ്‌കൂള്‍ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും തങ്ങള്‍ക്കു കിട്ടിയ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ തയ്യാറാണെന്നും ജി വി രാജ അധികൃതര്‍ പ്രതികരിച്ചു. തൃക്കാക്കര എ സി പി അടക്കം വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ട്.