National
കാറിന്റെ ഹെഡ്ലൈറ്റ് മുഖത്തേക്കടിച്ചതിന് തര്‍ക്കം; ജവാന്റെ അടിയേറ്റ് 55കാരന് മരിച്ചു
പ്രതിയായ നിഖില്‍ ഗുപ്തക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു.
നാഗ്പൂര്‍| നാഗ്പൂരില്‍ കാറിന്റെ ഹെഡ് ലൈറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സ്റ്റേറ്റ് റിസര്‍വ് പോലീസ് ഫോഴ്സ് (എസ്ആര്‍പിഎഫ്) ജവാന്റെ അടിയേറ്റ് 54 കാരന് മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. മുരളീധര്‍ രാംറോജി നെവാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ നിഖില്‍ ഗുപ്ത (30) മാതാ മന്ദിര്‍ എന്ന സ്ഥലത്ത് സഹോദരിയെ കാണാന്‍ എത്തിയതായിരുന്നു. കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ പ്രദേശവാസിയായ മുരളീധര്‍ രാംറോജി നെവാറിന്റെ മുഖത്ത് ഹെഡ് ലൈറ്റ് പതിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
ഹെഡ് ലൈറ്റ് ഒഴിവാക്കാന്‍ മുരളീധര്‍ നിഖിലിനോട് ആവശ്യപ്പെട്ടു. ഇത് പ്രതിയായ നിഖിലിന് ഇഷ്ടമായില്ലെന്നും ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തെന്നും പോലീസ് പറയുന്നു. വാക്കേറ്റത്തിനിടയില്‍ നിഖില്‍ മുരളീധറിനെ ശക്തമായി അടിച്ചു. നിലത്തുവീണ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച മുരളീധര്‍ മരിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. പ്രതിയായ നിഖില്‍ ഗുപ്തക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.