Kerala
കുര്‍ബാനയെച്ചൊല്ലി തര്‍ക്കം: വിശ്വാസികള്‍ ഏറ്റുമുട്ടി; പള്ളി പൂട്ടിച്ച് പോലീസ്
വൈദികനുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്
കോട്ടയം | ഏകീകൃത കുര്‍ബാനയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വൈദികന് നേരെ ആക്രമണം. തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിലാണ് കുര്‍ബാനക്കിടെ വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. തലയോലപ്പറമ്പ് പോലീസ് എത്തി പള്ളി അടപ്പിച്ചു. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. അക്രമികള്‍ മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചു.
ഫാ. ജോണ്‍ തോട്ടുപുറത്തിനാണ് പരുക്കേറ്റത്. രാവിലെ കുര്‍ബാനക്കിടെ വിമത വിഭാഗമാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. മുന്‍ വികാരി ജെറിന്‍ പാലത്തിങ്കലിന്റെ നേതൃത്വത്തിലുള്ളവര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. കുര്‍ബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധം ഉയര്‍ത്തി. ഇതോടെ ഇടവക വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇതിനിടെ ആക്രമികള്‍ ഫാ. ജോണ്‍ തോട്ടുപുറത്തിനെ ആക്രമിക്കുകയുമായിരുന്നു.
സഭയുടെ അംഗീകൃത കുര്‍ബാന അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ പ്രീസ്റ്റ് ചാര്‍ജ് ആയി ജോണ്‍ തോട്ടുപുറത്തെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ജോണ്‍ തോട്ടുപുറം കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളിയാണിത്. ഏറെ നാളായി ഏകീകൃത കുര്‍ബാനയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളൊന്നാണിത്.