Connect with us

Kerala

വളര്‍ത്തു പട്ടിയെ എറിഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം; കുത്തേറ്റ് യുവാവ് മരിച്ചു, പ്രതി റിമാന്‍ഡില്‍

ഈസ്റ്റ് ഓതറ തൈക്കാട്ടില്‍ വീട്ടില്‍ മനോജ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഈസ്റ്റ് ഓതറ തൈക്കാട്ടില്‍ വീട്ടില്‍ വിക്രമനെന്ന ടി കെ രാജനെ പോലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

1. കൊല്ലപ്പെട്ട മനോജ്. 2. പ്രതി രാജന്‍

തിരുവല്ല | അയല്‍വാസിയുടെ വളര്‍ത്തു പട്ടിയെ എറിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്കിടയിലുണ്ടായ തര്‍ക്കത്തിനിടയില്‍ കുത്തേറ്റ യുവാവ് മരിച്ചു. ഈസ്റ്റ് ഓതറ തൈക്കാട്ടില്‍ വീട്ടില്‍ മനോജ് (34) ആണ് പ്രതിയുടെ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഈസ്റ്റ് ഓതറ തൈക്കാട്ടില്‍ വീട്ടില്‍ വിക്രമനെന്ന ടി കെ രാജന്‍ (56) നെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ മനോജിനെ ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മനോജിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. അടിപിടിക്കിടെ മനോജിനൊപ്പമുണ്ടായിരുന്ന രതീഷിനും കുത്തേറ്റു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷാണ് വളര്‍ത്തു പട്ടിയുടെ ഉടമ. പ്രതി രാജന്‍ വീട് വെയ്ക്കുന്നതിനായി കരുതിവച്ച ഒന്നര ലക്ഷം രൂപ, മനോജിന്റെ മകന്‍ മഹി, രാജന്റെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിച്ചതിലുള്ള മുന്‍വിരോധം നിലവിലുണ്ടായിരുന്നു. ഇതു സംബന്ധിച്ച് രാജന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. രാജന്റെ വീട്ടില്‍ രതീഷും മനോജുമെത്തിയപ്പോഴുണ്ടായ വാക്കേറ്റത്തിനിടെ രാജന്‍ കത്തികൊണ്ട് മനോജിന്റെ നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച രതീഷിന്റെ വയറ്റിലും കുത്തിപ്പരുക്കേല്‍പ്പിച്ചു.

പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മനോജിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍ അറിയിച്ചു. തിരുവല്ല ഡി വൈ എസ് പി. എസ് ആഷാദിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷ്, എസ് ഐ. ഉണ്ണികൃഷ്ണന്‍, എ എസ് ഐ. ജയകുമാര്‍, എസ് സി പി ഒ.
പുഷ്പദാസ് എന്നിവരാണ് പോലീസ് സംഘത്തിലുള്ളത്്.

Latest