Connect with us

From the print

ഹേമ റിപോർട്ടിൽ വാദ പ്രതിവാദം

ഖണ്ഡികകൾ വെട്ടിമാറ്റിയത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് • സതീശൻ കള്ളം പറയുന്നു: എം വി ഗോവിന്ദൻ

Published

|

Last Updated

തിരുവനന്തപുരം | ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോർട്ടിനെച്ചൊല്ലി രാഷ്ട്രീയ, സിനിമാ മേഖലയിലുള്ളവർ പരസ്പരം വാദപ്രതിവാദങ്ങളുമായി രംഗത്തെത്തി.
വിവരാവകാശ കമ്മീഷന്റെയോ സർക്കാറിന്റെയോ ഉത്തരവിൽ പറഞ്ഞിട്ടില്ലാത്ത ഹേമ കമ്മിറ്റി റിപോർട്ടിലെ 97 മുതൽ 107 വരെയുള്ള ഖണ്ഡികകൾ വെട്ടിമാറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. സുപ്രീം കോടതിയെയും ജസ്റ്റിസ് ഹേമ കമ്മിറ്റിയെയും മുന്നിൽ നിർത്തി വേട്ടക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന നിയമപരമായ ബാധ്യത സർക്കാർ നടപ്പാക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റിപോർട്ടുമായി ബന്ധപ്പെട്ട് പൊതുവായി സ്വീകരിക്കേണ്ട നടപടികൾ സർക്കാർ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും വിഷയത്തിൽ പ്രതിപക്ഷ നേതാവ് കള്ളം പറയുകയാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലരുടെയും സ്വകാര്യ വിവരങ്ങളെ ബാധിക്കുന്നതിനാൽ പുറത്തുവിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ സംസ്ഥാന സർക്കാറിന് നിർദേശം നൽകിയിരുന്നു.

റിപോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു. എല്ലാ വിവരങ്ങളും ഒന്നിച്ചാണ് റിപോർട്ടിൽ ഉണ്ടായിരുന്നത്. പ്രസിദ്ധപ്പെടുത്തേണ്ടതും പ്രസിദ്ധപ്പെടുത്താൻ പാടില്ലാത്തതും വേർതിരിച്ചിരുന്നില്ല. ഇതിനാലാണ് റിപോർട്ട് പുറത്തുവിടേണ്ടെന്ന് വിവരാവകാശ കമ്മീഷണർ പറഞ്ഞത്. സർക്കാറിന് റിപോർട്ടിൽ ഒന്നും ഒളിച്ചുവെക്കാനില്ല. മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ പൂഴ്ത്തിവെച്ചുവെന്ന് പറയുന്നതിൽ ഒരർഥവുമില്ല. റിപോർട്ടിലെ ഒരു ഭാഗവും സർക്കാർ വെട്ടുകയോ കുറക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ സർക്കാറിന്റെ ഒരുതരത്തിലുള്ള കൈകടത്തലും ഉണ്ടായിട്ടില്ല. നിബന്ധനകൾ പാലിച്ചാണ് റിപോർട്ട് നൽകിയത്. അതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോ ഗസ്ഥർക്കാണ്. ഏതെങ്കിലും ഭാഗം റിപോർട്ടിന്റെ ഭാഗമായി നൽകിയില്ലെങ്കിൽ അത് വാങ്ങാനുള്ള എല്ലാ അവകാശവും ഉണ്ട്. സിനിമാ മേഖലയിൽ നിന്ന് ഉയർന്നുവന്ന എല്ലാ പരാതികളിലും പോലീസ് കേസെടുത്ത് മുന്നോട്ട് വരികയാണ്. ഇക്കാര്യത്തിൽ ഒരു അമാന്തവും കാട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ പ്രതികരണത്തിന് മുതിർന്നാൽ ഒരു പക്ഷേ, തനിക്ക് ജീവഹാനി സംഭവിച്ചേക്കുമെന്ന് നടനും തിലകന്റെ മകനുമായ ഷമ്മി തിലകൻ. സഹോദരിയോട് ഒരു നായക നടൻ മോശമായി സംസാരിച്ചതിനെക്കുറിച്ച് അറിഞ്ഞിരുന്നു. അതിനെക്കുറിച്ച് പൊതുഇടത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും ഷമ്മി വ്യക്തമാക്കി. ഇനി കൂടുതൽ പറയുന്നില്ല. എന്നിട്ട് വേണം ഞാൻ പോകുന്ന വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാനും വഴിയിൽ ഓരോ ആംഗ്യം കാണിക്കാനുമെന്നും അദ്ദേഹം പ്രതികരിച്ചു.

റിപോർട്ട് പൂർണമായും സ്വാഗതാർഹമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും “അമ്മ’ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ജഗദീഷ് പറഞ്ഞു. വേട്ടക്കാരുടെ പേര് എന്തിന് റിപോർട്ടിൽ നിന്ന് ഒഴിവാക്കിയെന്നും ആരോപിതർ അഗ്‌നിശുദ്ധി തെളിയിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മക്കോ പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷനോ ചേംബറിനോ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിർത്തരുത്. ഒറ്റപ്പെട്ട സംഭവങ്ങളും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest