Kerala
പരിഹാസ്യമായ വാദങ്ങളാണ് ആന എഴുന്നള്ളത്തിന് വേണ്ടി ഉന്നയിക്കുന്നത്; മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി
ആന പ്രേമികള്‍ എന്നു പറയുന്നവര്‍ ആനയെ ചങ്ങലയ്ക്കിട്ടു നില്‍ക്കുന്നത് കണ്ട് ആസ്വദിക്കുന്നവരാണോ എന്ന് കോടതി ചോദിച്ചു.

കൊച്ചി | ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി.സുരക്ഷാ കാരണങ്ങളാല്‍ ആന എഴുന്നള്ളത്തിന് നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. പരിഹാസ്യമായ വാദങ്ങളാണ് ആന എഴുന്നള്ളത്തിന് വേണ്ടി ഉന്നയിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.ആന എഴുന്നള്ളത്ത് അനിവാര്യ മതാചാരമല്ലെന്നും ഹൈക്കോടതി ആവര്‍ത്തിച്ചു.
മൂന്ന് മീറ്റര്‍ അകലപരിധിയില്‍ എത്ര ആനകളെ അണിനിരത്താനാകുമെന്നും കോടതി ചോദിച്ചു. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷിതത്വം കൂടി പരിഗണിക്കണം. 22 മീറ്ററിനുള്ളില്‍ എത്ര ആനകളെ അണിനിരത്താനാകുമെന്ന് ചോദിച്ച ഹൈക്കോടതി, ആനയില്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുമോയെന്നും ചോദിച്ചു. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് പരാമര്‍ശങ്ങള്‍.
മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചേ മതിയാകൂ. ആന എഴുന്നളളത്ത് ഹരജിക്കാര്‍ പറയുന്നതു പോലെ നടത്തിയില്ലെങ്കില്‍ ഹിന്ദു മതം തകരും എന്നാണോ പറയുന്നതെന്നും കോടതി ആരാഞ്ഞു. ആന പ്രേമികള്‍ എന്നു പറയുന്നവര്‍ ആനയെ ചങ്ങലയ്ക്കിട്ടു നില്‍ക്കുന്നത് കണ്ട് ആസ്വദിക്കുന്നവരാണോ എന്ന് ചോദിച്ച കോടതി തങ്ങള്‍ ആനകളെ എഴുന്നള്ളിക്കുന്നത് നിരോധിക്കുകയല്ല, അവയെ ഉപയോഗിക്കുന്നത് നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പറഞ്ഞു.
ആകെ ആനകളുടെ 35 ശതമാനവും ഇല്ലാതായി. കുട്ടികളെപ്പോലെ സംരക്ഷിക്കേണ്ട ജീവി വർഗമാണ് ആനകള്‍. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആനകള്‍ ഇല്ലാതാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.