Connect with us

Kerala

ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും; കേരളത്തിന് രാജേന്ദ്ര അര്‍ലേക്കര്‍

രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആണ് കേരളത്തിന്റെ പുതിയ ഗവര്‍ണറാവുക. നിലവില്‍ ബിഹാര്‍ ഗവര്‍ണറാണ് അര്‍ലേക്കര്‍.

Published

|

Last Updated

തിരുവനന്തപുരം | കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റി. പകരം ബിഹാര്‍ ഗവര്‍ണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാകും. ആരിഫ് മുഹമ്മദ് ഖാനെ ബീഹാര്‍ ഗവര്‍ണറായി നിയോഗിച്ചു. മറ്റു മൂന്ന് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കും മാറ്റമുണ്ട്. ഒഡീഷ, മിസോറാം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിക്കുന്നത്.

മുന്‍ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയെ മണിപ്പൂര്‍ ഗവര്‍ണറായും മിസോറം ഗവര്‍ണര്‍ ഡോ. ഹരി ബാബുവിനെ ഒഡിഷ ഗവര്‍ണറായും മുന്‍ കേന്ദ്ര സഹമന്ത്രി ജനറല്‍ വി കെ സിംഗിനെ മിസോറം ഗവര്‍ണറായും നിയമിച്ചതായി രാഷ്ട്രപതി ഭവന്‍ അറിയിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയിട്ടുണ്ട്.

നിലവില്‍ ബിഹാര്‍ ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഗോവയില്‍ നിന്നുള്ള ആര്‍ എസ് എസ് പശ്ചാത്തലമുള്ള ബി ജെ പി നേതാവാണ്. നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനം-പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. 2019 സെപ്തംബര്‍ അഞ്ചിന് കേരള ഗവര്‍ണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ സെപ്തംബര്‍ ആറിന് പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. അഞ്ചു വര്‍ഷവും 104 ദിവസവും കേരളാ ഗവര്‍ണറായി സേവനമനുഷ്ഠിച്ചതിനു ശേഷമാണ് ബിഹാറിലേക്കുള്ള ചുമതലമാറ്റം. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ പദവി മാറ്റം ഉടനുണ്ടാകുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഔദ്യോഗിക ഉത്തരവുണ്ടായത്.

സംസ്ഥാന സര്‍ക്കാരുമായി വിവിധ വിഷയങ്ങളില്‍ കടുത്ത അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റമെന്നത് ശ്രദ്ധേയമാണ്. നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ചും സര്‍വകലാശാലകളില്‍ സര്‍ക്കാറിനെ മറികടന്ന് ഇടപെട്ടും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ നിരന്തരമായ ആക്ഷേപങ്ങളുന്നയിച്ചും വിവാദങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ പരസ്യമായി അനുകൂലിച്ചും കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും സംസ്ഥാന സര്‍ക്കാറുമായി പല തവണ ആരിഫ് മുഹമ്മദ് ഖാന്‍ ഏറ്റുമുട്ടിയിട്ടുണ്ട്. നിലവില്‍ ഗവര്‍ണര്‍ സ്ഥാനമൊഴിയുമ്പോള്‍ നിയമസഭ പാസ്സാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞ ഏതാനും ബില്ലുകള്‍ രാജ്ഭവനില്‍ തീരുമാനമെടുക്കാതെ തടഞ്ഞുവെച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ തലവനെന്നതിലുപരി സര്‍ക്കാറിനെതിരായ നീക്കങ്ങളിലൂടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നത്.

 

Latest