ആത്മായനം
അരികെയിതാ...വസന്തത്തിൻ്റെ സൗരഭ്യം !!
റസൂൽ മനുഷ്യരിലേക്ക് സ്വർണനൂൽ പാതകളെ നെയ്തതെങ്ങനെയെന്ന്, സഹജരെ കലുഷതയുടെ ചേറിൽ നിന്ന് പ്രശോഭിത താരകങ്ങളിലേക്കെത്തിച്ചതെങ്ങനെയെന്ന്, ശോഭനമായ ജീവിതാവസ്ഥകളിലേക്ക് നടത്തിച്ച കാന്തിക ശക്തിയെന്താണെന്ന്, റസൂൽ മനുഷ്യരിലേക്ക് പടർത്തിയ ചില്ലകളേതൊക്കെയെന്ന്, തിരുദൂതരിലേക്കെത്തുന്ന വഴിയേതെന്ന്, അവിടുത്തേ ആശ്ലേഷിക്കാൻ വേണ്ട ഒരുക്കങ്ങളെന്തൊക്കെയെന്ന്, തിരുദൂതരേ ഹൃദയത്തിൽ പാർപ്പിക്കുകയെങ്ങനെയെന്ന്, ആത്മാർഥമായ അനുരാഗത്തിന്റെ വേരെവിടെയെന്ന് ചികയാനും അറിയാനും അനുഭവിക്കാനുമുള്ളതാണ് ഈ റബീഉൽ അവ്വൽ.
ഉറക്കമില്ലാതെ രാവുകളേറെ കഴിഞ്ഞു. നിമിഷങ്ങളോരോന്നും കണ്ണുമിഴിച്ചു കാത്തുനിന്നു. പകലിന്റെ വെളിച്ചക്കീറു വന്ന് തുടങ്ങും നേരം മുതൽ രാവിന്റെ ഇരുട്ട് കയറി വരും വരെ മദീനയുടെ അതിരിൽ അവർ കാത്തു കാത്തിരുന്നു.മധുരമുള്ള കാത്തിരിപ്പ്. തിരുനബി(സ്വ)യും സംഘവും ഞങ്ങളിലേക്ക് യാത്ര പുറപ്പെട്ടു എന്നറിഞ്ഞതു മുതൽ തുടങ്ങിയ നിൽപ്പാണ്. വിദൂരത്തേക്ക് കണ്ണെറിഞ്ഞ് നിറയെ പ്രതീക്ഷകളുമായി ആ നിൽപ്പങ്ങനെ നീണ്ടു.
ഒരു റബീഉൽ അവ്വൽ പന്ത്രണ്ടിന് അവിചാരിതമായി സമീപത്തെ കുന്നിൽ കയറിയ ഒരു യഹൂദിയാണ് ആ കാഴ്ച കണ്ടത്. ദൂരേ കണ്ട നിഴലുകൾ അരികയരികേക്ക് വരുംതോറും ധാവള്യത്തിൽ തിളങ്ങുന്ന ഒരു സംഘം കടന്നു വരുന്നതിന്റെ മനോഹര കാഴ്ച.
കണ്ണിൽ പതിഞ്ഞ ദൃശ്യത്തിന്റെ ആവേശത്തെ അയാൾ ഉച്ചത്തിൽ പറഞ്ഞു: “ഓ അറബ് സമൂഹമേ, നിങ്ങൾ കാത്തിരുന്ന അതിഥികളിതാ മണ്ണിൽ കാലുകുത്തിയിരിക്കുന്നു’ ആബാലവൃന്ദം ജനം ആ ശബ്ദത്തിനു പിറകിൽ തടിച്ചു കൂടി.അവർ തിരുദൂതരേയും സഹപാലായകരെയും ഹൃദയ കവാടങ്ങൾ തുറന്ന് ഊഷ്മളമായി വരവേറ്റു.
“ത്വലഅൽ ബദ്റു അലൈനാ
മിൻ സനിയ്യാത്തിൽ വദാഇ’
ശോഭനം ശോഭനം എങ്കൾ ജ്യോതി നബിയേ ശോഭനം
വർണാഭമായൊരു പുലരിയിൽ മദീനകുളിച്ചു നിന്നു. പ്രണയാർദ്രമായ ആ നേരങ്ങൾ പാടിയും ദഫ് മുട്ടിയും മനുഷ്യരൊന്നായി ആഘോഷിച്ചു. അന്നത്തേതിലും ആഹ്ലാദം ജീവിതത്തിൽ മറ്റൊരു സന്ദർഭത്തിലുമുണ്ടായിരുന്നില്ലെന്ന് പല സ്വഹാബികളും സാക്ഷ്യപ്പെടുത്തി.
സ്നേഹത്തിന്റെ പട്ടുനൂൽ കൊണ്ട് ഹൃദയം തുന്നിയവരേ….
കാതു കൂർപ്പിച്ചൊന്ന് നോക്കൂ..
വസന്തത്തിന്റെ ഹർഷാരവങ്ങൾ നമ്മെത്തേടി വരുന്നുണ്ട്. പൂത്തുവിടരാൻ വെമ്പി നിൽക്കുന്ന പ്രണയമൊട്ടുകൾ അകം നിറയുന്ന നിമിഷങ്ങളാണിത്. മദീനക്കാർ അന്ന് റസൂലിനെ വരവേറ്റതു പോലെ ഹൃദയങ്ങൾ തുറന്ന് റബീഉൽ അവ്വലിനെ നാം ആശ്ലേഷിക്കണം. ഉള്ളിൽ മുത്ത് നബിയെﷺ നിറച്ചു വെക്കണം.
വിശ്വാസിയുടെ ഹൃദയങ്ങൾക്ക് ശീതക്കാറ്റു നിലക്കാത്ത താളമാണ് റബീഉൽ അവ്വൽ. ഇതിനേക്കാൾ അത്യാനന്ദമുള്ള (utmost happiness) മറ്റൊന്നും അവരുടെ ലൗകിക ജീവിതത്തിലില്ലെന്നതാണ് പരമ യാഥാർഥ്യം. എന്തേ കാരണം ?
മുത്ത് നബിയുടെ ജന്മമുണ്ടായ മാസമാണത്. അതു തന്നെ, അതു മാത്രം, അതുമാത്രം മതിയല്ലോ എന്നതേ മനുഷ്യർക്കൊരു ശ്വാസത്തിൽ പറയാനുള്ളൂ.
സർവാനുഗ്രഹങ്ങളുടെ ഹേതുവായ തിരുദൂതരുടെﷺ ജന്മം സംഭവിക്കുകയെന്നതത്രേ ഏറ്റവും വലിയ അനുഗ്രഹം.
“ബാഹ്യമായും ആന്തരികമായും ആത്മീയമായും ഭൗതികമായും നമുക്ക് ലഭിച്ച അനുഗ്രഹങ്ങളും തടുക്കപ്പെട്ട അപായങ്ങളും സർവത്ര തിരുനബി(സ്വ)യുടെ കാരുണ്യം കാരണമായിട്ടാണ്’ എന്ന ശാഫിഈ ഇമാമിന്റെ രിസാലയിലെ കുറിപ്പ് ശ്രദ്ധേയമാണ്.
നബിﷺകാരുണ്യമാണെന്ന് വിശുദ്ധ ഖുർആൻ വിവിധയിടങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. സൂറ അൽ അമ്പിയാഅ 107, സൂറ: ആലുഇംറാൻ 159, സൂറ: അൽ അൻഫാൽ 33 , സൂറ: തൗബ 128 തുടങ്ങി അനവധിയിടങ്ങൾ നമുക്ക് കാണാനാകും. ആ കാരുണ്യത്തെ ഹർഷാരവങ്ങളോടെ വരവേൽക്കണമെന്നതും ഖുർആനിന്റെ തന്നെ നിർദേശമാണ്.
അല്ലാഹു തന്ന അനുഗ്രഹത്തേയും കാരുണ്യത്തെയും ചൊല്ലി ആഹ്ലാദിക്കാൻ പറയൂ നബിയേ (സൂറ യൂനുസ് 58) എന്ന നിർദേശം നബി(സ്വ)യെയും ഖുർആനിനേയും ഹർഷാരവത്തോടെ ഏറ്റെടുക്കണമെന്ന ആഹ്വാനമാണ്.
ഖുർആനും നബിയുംﷺ നിർവഹിച്ചത് നമുക്ക് നേർദിശ വരച്ചു തന്നു എന്ന വലിയ ദൗത്യമാണ്. മനുഷ്യർക്കുള്ള തത്വസംഹിതയെ ജീവിച്ചു കാണിക്കുകയായിരുന്നു തിരുനബി(സ്വ). ഛേദിച്ചു മാറ്റാൻ ഒരു അടര് പോലുമില്ലാത്ത വിധം ആ ജീവിതം ലോകത്തിനു മാതൃകയാണ്.
അല്ലാഹുവിന്റെ ദൂതരിൽﷺ നിങ്ങൾക്ക് മികവുള്ള മാതൃകയുണ്ടെന്ന് സൂറ: അഹ്സാബിന്റെ ഓർമപ്പെടുത്തൽ അതിനെയാണ് തറപ്പിച്ചു പറയുന്നത്.
ശൈശവ കാലം മുതൽ വാർധക്യം വരെ കുടുംബത്തോടും അനുചരരോടും പൊതു സമൂഹത്തോടും സഹജീവികളോടും ജീവിക്കുന്ന പരിസ്ഥിതിയോടും റസൂൽ സ്വീകരിച്ച നിലപാടുകളിലേതിലും അയുക്തിയോ അശാസ്ത്രീയതയോ അശേഷം കാണില്ല. മനുഷ്യൻ എന്ന് നമ്മൾ പ്രയോഗിക്കുന്ന സംജ്ഞയിൽ പരിമിതപ്പെടുത്തേണ്ട സാധാരണ ഒരു മനുഷ്യനല്ല അവിടുന്ന്. മറിച്ച് മറ്റൊരാൾക്കും അപ്രാപ്യമായ അദ്വിതീയമായ മനുഷ്യനാണ് റസൂൽ. അൽ ഇൻസാനുൽ കാമിൽ (സമ്പൂർണ മനുഷ്യൻ) എന്ന് പ്രയോഗിക്കാൻ പറ്റിയ രണ്ടാമതൊരാൾ ഇന്നേവരെയോ ഇനിയങ്ങോട്ടൊ ഉണ്ടാവില്ല തന്നെ.
റസൂൽﷺ സാധാരണ മനുഷ്യനാണെന്നും മറ്റുള്ളവരിൽ കവിഞ്ഞ് യാതൊരു പ്രത്യേകതയുമില്ലെന്നും അവിടുത്തെ ജന്മദിനത്തിന് പ്രത്യേക പരിഗണനകൊടുക്കേണ്ടതില്ലെന്നും അവിടുത്തേ വിയോഗം കേവലമൊരു മരണമാണെന്നും ആ വ്യക്തിത്വത്തിന് പ്രത്യേകിച്ചൊരു മൂല്യമില്ലെന്നും നബിപ്രചരിപ്പിച്ച സന്ദേശം മാത്രം ഉൾക്കൊണ്ടാൽ മതിയെന്നും അതിൽ തന്നെ നമ്മുടെ യുക്തിക്ക് നിരക്കാത്തത് ഉപേക്ഷിക്കാമെന്നുമൊക്കെ പ്രചരിപ്പിക്കുന്നവർ വരണ്ട് എല്ലുന്തിയ ആശയത്തെയാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
മതത്തിന്റെ ഉർവരതയെ കാണാതെ പോയവരാണവർ. സന്തോഷങ്ങളെയും ആഹ്ലാദങ്ങളെയും തച്ചു കെടുത്തി ഹൃദയങ്ങളുടെ ആർദ്രതയിൽ പെട്രോളൊഴിച്ച് തീ കൊളുത്തുന്ന ഈ രീതി പൈശാചിക പാളയങ്ങളിൽ നിന്ന് ഉടലെടുക്കുന്നതുമാണ്. തിരുദൂതരേ സ്നേഹിക്കാനും കുളിരായ് നെഞ്ചിൽ കരുതാനും വിശ്വാസികൾക്ക് യാതൊരു തെളിവും ആവശ്യമില്ലെന്നേ… (ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവ കൊണ്ടെല്ലാം ആ കാര്യങ്ങളൊക്കെയും സ്ഥിരപ്പെട്ടതാണെങ്കിലും) വീടുകൾ വർണ വിളക്കുകളാൽ അലങ്കരിച്ചും മൗലിദ് സദസ്സുകൾ സംഘടിപ്പിച്ചും വിരുന്നൊരുക്കിയും വിശ്വാസികൾ റബീഉൽ അവ്വലിനെ ഉള്ളിൽ നിറച്ചു കൊണ്ടേയിരിക്കും.
പൂർവസ്വൂരികളത്രയും റബീഉൽ അവ്വലിനെ കാത്തിരുന്നവരാണ്. അതിനെ വർണാഭമായി ആഘോഷിച്ചവരും വിശ്വാസികളിലേക്ക് അതിന്റെ ആവശ്യകതയെ ബോധവത്കരിച്ചവരുമാണ്. ബഹുമാന്യരായ ബഹ്റഖൽ ഹള്റമിയുടെ (വിയോഗം ഹി.930) ഹദാഇഖുൽ അൻവാർ എന്ന ഗ്രന്ഥം സമാരംഭം കുറിക്കുന്നതു തന്നെ റബീഉൽ അവ്വലിനെ ആഘോഷിക്കുന്നതിനെ പ്രചോദിപ്പിച്ചു കൊണ്ടാണ്. ഇമാം ഇബ്നു ഉബാദു നഫരി(റ) ( വിയോഗം ഹി. 792) അവിടുത്തെ നുസ്ഹതു നള്റിലും (പേജ് 52) ഇമാമുൽ വൻശരീസീ തന്റെ അൽ മിഅ് യാറുൽ മുഅറബിലും (11/ 278) ഇമാം ഖസ്ത്വല്ലാനി (റ) മവാഹിബുല്ലദുന്നിയ്യ ബിൽ മിനഹിൽ മുഹമ്മദിയ്യയിലും ഇമാം അബൂ അബ്ദില്ലാഹി റസാഇ (റ) ( വിയോഗം ഹി 894) തദ്കിറത്തുൽ മുഹിബ്ബീൻ ഫീ അസ്മാഇ സയ്യിദിൽ മുർസലീനിലും (പേജ് 153 ,154 ) ശംസുദ്ദീൻ അസ്സഹാവി (വിയോഗം ഹി.902) അതിബ്റുൽ മസ്ബൂഖിലും ഈ വസന്തകാലത്തെ ആഘോഷിക്കൽ വിശ്വാസികളുടെ ബാധ്യതയാണെന്നും തിരുദൂതരുടെ അപദാനത്താൽ പകലന്തികൾ സജീവമാക്കുന്നതിൽ ബദ്ധശ്രദ്ധരാവണമെന്നും പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്.
തിരുദൂതരെ അംഗീകരിക്കുകയെന്നത് ഇസ്‌ലാം കാര്യത്തിലും ഈമാൻ കാര്യത്തിലും ഉൾചേർന്ന കാര്യമാണ്. ജീവരക്തം പോലെ അനുനിമിഷം ആ ഉള്ളുറപ്പ് വിശ്വാസിക്കുണ്ടാവണം. റസൂലിനെ ഓർക്കാത്ത നേരങ്ങൾ അവന്റെ ജീവിതത്തിൽ ഉണ്ടാവില്ല. വിശുദ്ധ ഖുർആൻ റസൂലുംﷺഅനുയായികളും തമ്മിലുള്ള സുദൃഢ ബന്ധത്തെ വെളിപ്പെടുത്തുന്നത് “റസൂൽﷺവിശ്വാസികളോട് അവരവരുടെ ജീവനേക്കാൾ സമീപസ്ഥനാണ് ‘ എന്നാണ്. അകലങ്ങളില്ലാതെ ഒട്ടിച്ചേർന്ന സ്നേഹത്തേയാണ് ഈ വാക്യം തുറന്നുകാട്ടുന്നത്. അതുകൊണ്ടാണ് നിങ്ങളിലൊരാൾക്ക് സ്വന്തം ജീവനോടും മാതാപിതാക്കളോടും മക്കളോടും എന്നല്ല, മുഴുവൻ മനുഷ്യരാശിയോടുമുള്ളതിനേക്കാൾ സ്നേഹം എന്നോടായിരിക്കുന്നതുവരെ അയാൾ യഥാർഥ വിശ്വാസിയാകുന്നില്ലെന്ന് ഞാൻ എന്റെ ജീവന്റെ ഉടമസ്ഥന്റെ പേരിൽ ആണയിട്ടു പ്രസ്താവിക്കുന്നുവെന്ന് തിരുനബി (സ്വ) പറഞ്ഞത്.
റസൂൽﷺഎന്ന വ്യക്തിത്വത്തോടുള്ള സ്നേഹമാണിത്. അല്ലാതെ അവിടുത്തെ പാഠങ്ങളോടോ ചര്യയോടോ അല്ല. ആ പാഠങ്ങളും ഉപദേശങ്ങളും ചര്യയും ഒരാൾ ഇഷ്ടപ്പെടുന്നതും സ്വീകരിക്കുന്നതുമെല്ലാം റസൂൽﷺ പഠിപ്പിച്ചതും ഉപദേശിച്ചതും ആചരിച്ചതുമാണ് എന്നതുകൊണ്ടാണ്. ( എന്റെ ചര്യയെ സ്നേഹിച്ചവൻ എന്നെ സ്നേഹിച്ചു എന്ന വാക്യത്തിന്റെ അർഥം എന്നെ സ്നേഹിച്ചതിന്റെ ലക്ഷണമാണ് എന്റെ ചര്യയെ സ്നേഹിക്കൽ എന്നാണ്. എന്നെ സ്നേഹിക്കാൻ എന്റെ ചര്യയെ സ്നേഹിച്ചാൽ മതിയെന്നല്ല) തിരുനബി (സ്വ) യുടെ വാക്കിനും പ്രവൃത്തിക്കും മൗനാനുവാദത്തിനുമൊക്കെ ചിട്ട, വഴി, ശീലം എന്നർഥമുള്ള “സുന്നത്ത്’ എന്ന പദം പ്രയോഗിച്ചതിന്റെ ഒരു കാരണം അവയത്രയും വിശ്വാസി അവന്റെ ജീവിതത്തിലും പകർത്തിയെഴുതാനുള്ളതുകൊണ്ടാണ്.
റസൂലിലുള്ള വിശ്വാസത്തെയും അവിടുത്തെ ചിട്ടകളെയും പുതുക്കിക്കൊണ്ടിരിക്കാനുള്ള ബാധ്യത നാമോരോരുത്തർക്കുമുണ്ട്. “നിങ്ങളുടെ വിശ്വാസത്തെ പുതുക്കിക്കൊണ്ടിരിക്കണ’ മെന്ന തിരുവചനം അക്കാര്യം നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. ആണ്ടുതോറും മടങ്ങിയെത്തുന്ന റബീഅ് ആഘോഷങ്ങൾ നമ്മിൽ കൂടുതൽ ഊർജം സന്നിവേശിപ്പിക്കുകയും മുന്നോട്ടുള്ള യാത്ര ത്വരിതഗതിയിലാക്കുകയും ചെയ്യും.
റസൂൽﷺമനുഷ്യരിലേക്ക് സ്വർണനൂൽ പാതകളെ നെയ്തതെങ്ങനെയെന്ന്, സഹജരെ കലുഷതയുടെ ചേറിൽ നിന്ന് പ്രശോഭിത താരകങ്ങളിലേക്കെത്തിച്ചതെങ്ങനെയെന്ന്, ശോഭനമായ ജീവിതാവസ്ഥകളിലേക്ക് നടത്തിച്ച കാന്തിക ശക്തിയെന്താണെന്ന്, റസൂൽ മനുഷ്യരിലേക്ക് പടർത്തിയ ചില്ലകളേതൊക്കെയെന്ന്, തിരുദൂതരിലേക്കെത്തുന്ന വഴിയേതെന്ന്, അവിടുത്തേ ആശ്ലേഷിക്കാൻ വേണ്ട ഒരുക്കങ്ങളെന്തൊക്കെയെന്ന്, തിരുദൂതരേ ഹൃദയത്തിൽ പാർപ്പിക്കുകയെങ്ങനെയെന്ന്, ആത്മാർഥമായ അനുരാഗത്തിന്റെ വേരെവിടെയെന്ന് ചികയാനും അറിയാനും അനുഭവിക്കാനുമുള്ളതാണ് ഈ റബീഉൽ അവ്വൽ.
മൗലിദുകളായും സ്വലാത്തുകളായും ചരിത്രാന്വേഷണങ്ങളായും പഠനങ്ങളായും നിർമലമായ നബിപ്രണയത്തെ ഉള്ളിൽ കൊരുത്തും റസൂലുമായി ബന്ധമുള്ള സർവതിനെയും നെഞ്ചോട് ചേർത്തും ഈ വസന്തകാലത്തെ കൂടുതൽ സൗരഭ്യമുള്ളതാക്കാൻ നമുക്ക് മനസ്സൊരുക്കി വെക്കാം.
അബാന മൗലിദുഹു
അൻത്വീബി ഉൻസുരിഹി
യാ ത്വീബ മുബ്തദഇൻ
മിൻഹു വ മുഹ്തതമി