Connect with us

Arikomban

അരിക്കൊമ്പൻ: കോടതിയെ അനുസരിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് വനം മന്ത്രി

പുതിയ സ്ഥലം കണ്ടെത്തി വനം വകുപ്പ് നാളെ റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | ഇടുക്കിയിൽ സ്വൈരവിഹാരം നടത്തുന്ന കാട്ടാനയായ അരിക്കൊമ്പൻ്റെ വിഷയത്തിൽ കോടതിയെ അനുസരിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പ്രശ്നം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാകില്ല. പുതിയ സ്ഥലം കണ്ടെത്തി വനം വകുപ്പ് നാളെ റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു.

അരിക്കൊമ്പനെ പിടികൂടി ആനക്കൂട്ടിൽ അടയ്ക്കാൻ അനുവദിക്കില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി പശ്ചാത്തലത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാമെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചിരുന്നു.

സര്‍ക്കാറില്‍ നിന്ന് രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരപരിപാടികള്‍ പിന്‍വലിക്കില്ലെന്നാണ് പറമ്പിക്കുളത്തെ ജനകീയസമിതിയുടെ നിലപാട്. നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ ആലോചിക്കുന്നതായി സര്‍വകക്ഷി സംഘം അറിയിച്ചു. അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് നെന്മാറ എം എല്‍ എ. കെ ബാബു മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.