Arikomban
അരിക്കൊമ്പൻ: ഇടുക്കിയിൽ വിവിധ പഞ്ചായത്തുകളിൽ ഹർത്താൽ ആരംഭിച്ചു
ഹർത്താലിന് യു ഡി എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി | മൂന്നാർ മേഖലയിൽ നാശം വിതക്കുന്ന കാട്ടാനയായ അരിക്കൊമ്പനെ പിടികൂടുന്നത് ഹൈക്കോടതി വിലക്കിയതിനെ തുടർന്ന് ഇടുക്കിയിൽ പത്ത് പഞ്ചായത്തുകളിൽ ഹർത്താൽ ആരംഭിച്ചു. ഹർത്താലിന് യു ഡി എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജകുമാരി, ചിന്നക്കനാൽ, ഉടുമ്പൻചോല, ശാന്തൻപാറ പഞ്ചായത്തുകളിലാണ് ഹർത്താൽ. ഇന്നലെ 13 പഞ്ചായത്തുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചതെങ്കിലും രാജാക്കാട്, ബൈസൺവാലി, സേനാപതി എന്നീ പഞ്ചായത്തുകളെ ഒഴിവാക്കുകയായിരുന്നു. ദേശീയപാത പെരിയകനാലിൽ കെ എസ് ആർ ടി സി ബസ് അടക്കമുള്ള വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു.
ചിന്നക്കനാലിൽ ഇന്നലെ സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ പ്രകടനമായി കുങ്കിത്താവളത്തിലെത്തി പ്രതിഷേധിച്ചിരുന്നു. ഇന്നലെ വൈകിട്ട് നാലോടെ സിങ്കുകണ്ടത്ത് നിന്നാണ് നാട്ടുകാരുടെ പ്രകടനം ആരംഭിച്ചത്. ഇവർ രണ്ട് കിലോമീറ്റർ നടന്ന് സിമന്റുപാലത്തിന് സമീപത്തെ കുങ്കിത്താവളത്തിലെത്തുകയായിരുന്നു. വനം വകുപ്പ് ആളുകളെ നിയന്ത്രിക്കാനായി റോഡിൽ സ്ഥാപിച്ച ബാരിക്കേഡുകൾ ജനം നീക്കി.
പ്രതിഷേധം നീണ്ടതോടെ ശാന്തമ്പാറ പോലീസെത്തി പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ഇത് നാട്ടുകാരും പോലീസും തമ്മിൽ വാക്‌തർക്കത്തിനിടയാക്കി. തോട്ടത്തിൽ ജോലിക്ക് പോയ ശേഷം മടങ്ങിയെത്തിയ തൊഴിലാളികളും സമരത്തിൽ പങ്കാളികളായി. സിങ്കുകണ്ടം- ചിന്നക്കനാൽ- ബോഡിമെട്ട് റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. രാത്രി ചിലർ പന്തം കൊളുത്തി പ്രകടനം നടത്തി.
ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകൾ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ഓപറേഷൻ പൂർത്തിയാക്കാതെ കുങ്കിയാനകളെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. അരിക്കൊമ്പൻ ഇന്നലെ ബിയൽറാം മേഖലയിലായിരുന്നു.