Connect with us

Arikomban

അരിക്കൊമ്പന്‍: പറമ്പിക്കുളത്ത് ജനകീയ സമിതി സമരം അല്പ സമയത്തിനകം

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ തമിഴ്‌നാട്ടിലെ വാൽപ്പാറയിലും പ്രതിഷേധം ഉയരുകയാണ്.

Published

|

Last Updated

മുതലമട | ഇടുക്കിയിൽ സ്വൈരവിഹാരം നടത്തുന്ന അരികൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ടു ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10.30 മുതല്‍ പറമ്പിക്കുളം വൈല്‍ഡ് ലൈഫ് വാര്‍ഡ് ഓഫീസിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തും. നെന്മാറ എം എല്‍ എ. കെ ബാബു സമരത്തിന് നേതൃത്വം നല്‍കും. മുതലമട, എലവഞ്ചേരി, കൊല്ലങ്കോട് ഉള്‍പ്പെടെ പഞ്ചായത്ത് പ്രദേശങ്ങളില്‍ നിന്നും ജനപ്രതിനിധികള്‍ പങ്കെടുക്കും. അരിക്കൊമ്പനെ പറമ്പിക്കുളം വന മേഖലയില്‍ വിടുന്നതൊഴിവാക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി, രാഷ്ട്രപതി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് അപേക്ഷകള്‍ അയച്ചതായി മുതലമട പഞ്ചായത്ത് പ്രസിഡന്റ് കെ കല്‍പ്പനാ ദേവി അറിയിച്ചു.

ഇന്നലെ വൈകിട്ട് ചേര്‍ന്ന അടിയന്തര സർവകക്ഷി യോഗ തീരുമാന പ്രകാരമാണ് അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. സുപ്രിം കോടതി സര്‍ക്കാറിന്റെ ഹരജി തള്ളിയതോടെ മുതലമട പഞ്ചായത്ത് പ്രദേശങ്ങളില്‍ പൊതുജനത്തിന് ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മുതലമട പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ ജനകീയ സമരങ്ങള്‍ ശക്തമാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ തമിഴ്‌നാട്ടിലെ വാൽപ്പാറയിലും പ്രതിഷേധം ഉയരുകയാണ്. കേരള മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് വാൽപ്പാറ നഗരസഭാധ്യക്ഷ അഴക സുന്ദരവള്ളി അറിയിച്ചു.

പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെത്തിയാല്‍ വാൽപ്പാറയിലെ ജനജീവിതത്തെ ബാധിക്കും. വിനോദ സഞ്ചാര മേഖലയിലെയും തോട്ടങ്ങളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകും. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. മുതുവരച്ചാലില്‍ നിന്ന് അരിക്കൊമ്പൻ വാൽപ്പാറയിലേക്ക് എത്താൻ അധിക സമയം വേണ്ടെന്നാണ് വിലയിരുത്തല്‍. നീക്കം ഉപേക്ഷിച്ചതായി രേഖാമൂലം ഉറപ്പ് ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ജനപ്രതിനിധികള്‍ അറിയിച്ചു.