Connect with us

Kerala

അരിക്കൊമ്പന്‍ ദൗത്യം: കോടതി ജനവികാരം മാനിക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് വനംമന്ത്രി

ജനങ്ങളുടെ പ്രയാസം കോടതിയെ ബോധ്യപ്പെടുത്താനുള്ള എല്ലാ വഴികളും പ്രയോജനപ്പെടുത്തും.

Published

|

Last Updated

തിരുവനന്തപുരം | അരിക്കൊമ്പനെ പിടികൂടുന്നതില്‍ കോടതി ജനങ്ങളുടെ വികാരം ശ്രദ്ധിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ജനങ്ങളുടെ പ്രയാസം കോടതിയെ ബോധ്യപ്പെടുത്താനുള്ള എല്ലാ വഴികളും പ്രയോജനപ്പെടുത്തുമെന്നും കുങ്കിയാനകള്‍ ചിന്നക്കനാലില്‍ തുടരുമെന്നും വനം മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ജനങ്ങളുടെ ദുരിതമകറ്റാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമാണ്. സര്‍ക്കാര്‍ ശ്രമങ്ങളോട് സഹകരിക്കണം. ജനങ്ങളുടെ ദുരിതം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമം തുടരും. അക്രമാസക്തമായ പ്രതിഷേധം ഗുണം ചെയ്യില്ല. വിദഗ്ധ സമിതിക്ക് പഠിക്കാനുള്ള സുഗമമായ സാഹചര്യം ഒരുക്കും.

കോടതിയും ജനങ്ങളും ഇരുവശത്തും നിന്ന് ഒരുപോലെ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാകരുത്. ആരാണ് അവിടെ ആളുകളെ പാര്‍പ്പിച്ചത്. ഈ സര്‍ക്കാരിനോ മന്ത്രിക്കോ അതില്‍ പങ്കുണ്ടോ എന്ന് മന്ത്രി ചോദിച്ചു. കോളനിയും പ്രശ്‌നത്തിന് ഒരു ഘടകമാണ്. പ്രശ്‌ന പരിഹാര ശ്രമത്തില്‍ വീഴ്ച ഉണ്ടായിട്ടില്ല. വിദഗ്ധ സമിതിക്കായി കോടതി തന്നെയാണ് അംഗങ്ങളെ കണ്ടെത്തിയത്. വനം വകുപ്പിനോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ മലയോര പ്രദേശങ്ങളില്‍ വനാതിര്‍ത്തികള്‍ പങ്കിടുന്ന ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ബന്ധപ്പെട്ട എം എല്‍ എമാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ‘വന സൗഹൃദ സദസ്സ്’ നടത്തുമെന്നും വനം മന്ത്രി അറിയിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിശ്ചയിച്ച 20 കേന്ദ്രങ്ങളിലാണ് പരിപാടി. ജനങ്ങളും വകുപ്പും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാനും ഈ മേഖലയില്‍ സൗഹാര്‍ദാന്തരീക്ഷം സൃഷ്ടിക്കാനുമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. വിവിധ ഓഫീസുകളില്‍ ഇതിനകം ലഭിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കല്‍, മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കല്‍, വകുപ്പ് കൈക്കൊണ്ടതും സ്വീകരിച്ചതുമായ പദ്ധതികള്‍ സംബന്ധിച്ച വിശദീകരണം നല്‍കല്‍ തുടങ്ങിയവയാണ് വനസൗഹൃദ സദസിലൂടെ ലക്ഷ്യമിടുന്നത്.

അടുത്ത മാസം രണ്ടിന് രാവിലെ 10.30 ന് മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വന സൗഹൃദ സദസിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാര്‍, എം എല്‍ എമാര്‍, ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ പങ്കെടുക്കും. ഏപ്രില്‍ 28 ന് തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പരിപാടി സമാപിക്കും. സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 223 തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് വന സൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നത്.

 

Latest