Connect with us

mission arikkomban

അരിക്കൊമ്പൻ: ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയിൽ

ഹൈക്കോടതി ഇടപെടൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയെന്ന് കേരളം സമർപ്പിച്ച അപ്പീലിൽ പറയുന്നു.

Published

|

Last Updated

ന്യൂഡൽഹി | ഇടുക്കിയിലെ ജനവാസ കേന്ദ്രങ്ങളിൽ നിരന്തരം ഭീഷണി സൃഷ്ടിക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്ന വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ഹൈക്കോടതി ഇടപെടൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയെന്ന് കേരളം സമർപ്പിച്ച അപ്പീലിൽ പറയുന്നു.

ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ നടപടിയെടുക്കാൻ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണെന്നും അപ്പീലിലുണ്ട്. 1971 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരം ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ നടപടിയെടുക്കാൻ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. നിയമപരമായ ഈ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്.

ഈ തീരുമാനത്തിൽ ഹൈക്കോടതി ഇടപെട്ടത് തെറ്റാണ്. ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പൻ നടത്തിയ അക്രമങ്ങളും സർക്കാർ വിശദീകരിച്ചിട്ടുണ്ട്. ഏഴുപേരെയാണ് ഇതുവരെ അരിക്കൊമ്പൻ കൊലപ്പെടുത്തിയത്. 2017-ൽ മാത്രം 52 വീടുകളും കടകളും തകർത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് റേഷൻ കടകളും 22 വീടുകളും ആറ് കടകളും തകർത്തുവെന്നും അപ്പീലിൽ പറയുന്നു.

അതിനിടെ ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ മൃഗസ്നേഹികളുടെ സംഘടന തടസ്സഹരജി സമർപ്പിച്ചു . വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി’ എന്ന മൃഗസ്നേഹികളുടെ സംഘടനയാണ് ഹരജി ഫയൽ ചെയ്തത്. അഭിഭാഷകൻ ജോൺ മാത്യു ആണ് തടസ ഹർജി ഫയൽ ചെയ്തത്. സീനിയർ അഭിഭാഷകൻ വി ചിദംബരേഷ് സംഘടനക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകും.

Latest