National
അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് കൈമാറും; മാധ്യമങ്ങൾക്ക് നന്ദി: കാർവാർ എംഎൽഎ
എല്ലാവര്‍ക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍ പറഞ്ഞു.
ബെംഗളൂരു| ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം അര്‍ജുന്റെതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. ഇതിനായി മൃതദേഹം ഉടന്‍ മംഗ്ളൂരുവിലേക്ക് അയക്കുമെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍ പറഞ്ഞു. അതേസമയം മണ്ണിടിച്ചിലില്‍ കാണാതായ 2 പേര്‍ക്കായി തിരച്ചില്‍ തുടരുമെന്നും സതീഷ് സെയ്ല്‍ വ്യക്തമാക്കി.കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായാണ് നാളെയും തിരച്ചില്‍ തുടരുക.
അര്‍ജുന്‍ രക്ഷാദൗത്യത്തിന് ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും എംഎല്‍എ നന്ദി പറഞ്ഞു.മാധ്യമങ്ങളുടെ നിരന്തര പ്രേരണയാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചതെന്ന് എംഎല്‍എ പറഞ്ഞു. പലരും പറഞ്ഞിരുന്നു പണം അനാവശ്യമായി ചിലവഴിക്കുന്നതാണ്, മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനാണ് എന്നൊക്കെ. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു.നേരത്തെ ചിലര്‍ കരയിലാണ് മൃതദേഹമെന്ന് പറഞ്ഞു. അതിനാല്‍ മണ്ണിടിഞ്ഞ് വീണ കരയില്‍ പരിശോധിച്ചു. അന്നും നദിയിലാണ് മൃതദേഹമെന്നാണ് ഞങ്ങള്‍ പറഞ്ഞതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
കാണാതായി 72ാം പക്കമാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നത്. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയും ക്യാബിനില്‍ കുടുങ്ങിയ നിലയില്‍ അര്‍ജുന്റെ മൃതദേഹവും കണ്ടെത്തിയത്.
അര്‍ജുന്‍റെ മൃതദേഹം കണ്ടെത്തിയതോടെ എല്ലാവര്‍ക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയത് മുതല്‍ ജിതിന്‍ ഷിരൂരില്‍ ഉണ്ട്. കുടുംബത്തെ സംബന്ധിച്ചിടത്തോളം അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷേ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനമെന്നും ജിതിന്‍ പറഞ്ഞു.