Kerala
അര്‍ജുന്റെ മൃതദേഹം നാളെ കൊണ്ടുവരും; അന്ത്യവിശ്രമം വീടിനോടു ചേര്‍ന്ന്
അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പൂര്‍ണ ചെലവ് കേരള സര്‍ക്കാര്‍ വഹിക്കും
കോഴിക്കോട് | അര്‍ജുന് അന്ത്യവിശ്രമമൊരുങ്ങുന്നത് കോഴിക്കോട് കണ്ണാടിക്കലിലെ വീടിനോടു ചേര്‍ന്ന്. അര്‍ജുന്‍ നിര്‍മിച്ച വീടിനോട് ചേര്‍ന്ന് സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. അര്‍ജുന്റെ ബന്ധുക്കളെ ചേര്‍ത്തുപിടിക്കാന്‍ കണ്ണാടിക്കലിലെ വീട്ടിലേക്ക് നിരവധി പേരാണെത്തുന്നത്.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം നാളെ ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറിയേക്കും. മംഗളൂരു ഫോറന്‍സിക് ലാബിലേക്ക് അയച്ച ഡി എന്‍ എ സാമ്പിളുകളുടെ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാര്‍വാര്‍ ജില്ലാ പോലീസ് മേധാവി എം നാരായണ പറഞ്ഞു.
അര്‍ജുന്‍ സ്വപ്‌നം കണ്ട് നിര്‍മിച്ചതാണ് കണ്ണാടിക്കലിലെ വീട്. ലോറിയില്‍ ജോലിക്ക് പോകുന്നതിനാല്‍ വളരെ കുറച്ച് കാലം മാത്രമാണ് അര്‍ജുന്‍ ഈ വീട്ടില്‍ താമസിച്ചത്. മകന് അന്ത്യനിദ്ര വീടിനോട് ചേര്‍ന്നാകണമെന്നുള്ളത് അച്ഛന്റെ ആഗ്രഹമാണ്. വീടിന്റെ വലത് വശത്തായാണ് സംസ്‌കരിക്കുക.പ്രതിസന്ധി നിറഞ്ഞ സമയമാണ് കടന്നുപോയതെന്ന് സഹോദരി അഞ്ജു പറഞ്ഞു.
കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയുകയാണ് കുടുംബം. മൃതദേഹം എത്തിക്കുന്നതിനനുസരിച്ച് മറ്റ് ക്രമീകരണങ്ങള്‍ നടത്തും. നിരവധി പേര്‍ അര്‍ജുന്റെ വീട്ടിലേക്ക് എത്തുകയാണ്. ഇത്രയും കാലമുള്ളത് പോലെ ചേര്‍ത്ത് പിടിക്കുകയാണ്. ലോറിയുടെ ക്യാബിനില്‍ നിന്ന് ലഭിച്ചത് അര്‍ജുന്റെ ശരീരഭാഗങ്ങളാണെന്ന് ഉറപ്പിക്കുമ്പോഴും നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് അനിവാര്യമാണ്.
ഡി എന്‍ എ പരിശോധന ഫലത്തിലൂടെ സ്ഥിരീകരിച്ചാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇതിനായി അര്‍ജുന്റെയും ഷിരൂരിലുള്ള സഹോദരന്‍ അഭിജിത്തിന്റെയും ഡി എന്‍ എ സാമ്പിളുകള്‍ മംഗളൂരുവിലെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.
അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പൂര്‍ണ ചെലവ് കേരള സര്‍ക്കാര്‍ വഹിക്കും. കേരളത്തിലേക്ക് അര്‍ജുന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സിനെ കര്‍ണാടക പോലീസ് അനുഗമിക്കും. ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത- 66 ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു.