Connect with us

National

അര്‍ജുന്റെ ട്രക്ക് കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം

ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്.

Published

|

Last Updated

ഷിരൂര്‍ | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ട്രക്ക് ഗംഗാവലി പുഴയില്‍ നിന്നും കണ്ടെത്തി. ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്.ലോറിയുടെ കാബിനില്‍ അര്‍ജുന്റേതെന്ന് കരുതുന്ന മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം അര്‍ജുന്‍റേത് എന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും.

രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ് ഉള്ളത്. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്.71 ദിവസങ്ങൾക്ക് ശേഷമാണ് ലോറി വെള്ളത്തിനിടയിൽനിന്ന് കണ്ടെത്തുന്നത്. ലോറിയുടെ മുൻഭാഗം അടങ്ങിയ ക്യാബിനാണ് വെള്ളത്തിനടിയിൽ നിന്ന് ലഭിച്ചത്.

കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന്  ഓഗസ്റ്റ് പതിനാറിന് നിർത്തിവെച്ച രക്ഷാപ്രവർത്തനം ഗോവയില്‍ നിന്ന് ഡ്രഡ്ജർ എത്തിച്ചതോടെ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പ്രദേശത്ത് തിരച്ചില്‍ നടന്നിരുന്നത്.റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്ന് നടത്തിയിരുന്നത്. ഐബോഡ് പരിശോധനയില്‍ ജിപിഎസ്  സംവിധാനം ഉപയോഗിച്ച് തിട്ടപ്പെടുത്തിയ ഭാഗമാണിത്. നാവികസേനയുടെ സംഘമടക്കമാണ് ദൗത്യത്തിനുണ്ടായിരുന്നത്.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുന്‍ അകപ്പെട്ടത്. മണ്ണിടി ച്ചിലുണ്ടായ പ്രദേശത്തെ ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു.

Latest