National
അര്‍ജുനെ കണ്ടെത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഭാര്യ, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ ഇറക്കണമെന്ന് ആവശ്യം
കര്‍ണാടകയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ല, കേരളത്തില്‍ നിന്ന് ആളുകളെ അയക്കണണെന്നും തിരച്ചില്‍ നിര്‍ത്തിവയ്ക്കരുതെന്നും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബെംഗളൂരു | കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ രക്ഷാ പ്രവർത്തനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്നാവശ്യപ്പെട്ടാണ് ഇമെയില്‍ വഴി കൃഷ്ണപ്രിയ പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. നിലവിലെ സംവിധാനത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അര്‍ജുന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരെ രക്ഷാപ്രവര്‍ത്തനത്തിന് ഇറക്കണമെന്ന് അര്‍ജുന്റെ സഹോദരിയും ആവശ്യപ്പെട്ടു.
കര്‍ണാടകയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്നും കേരളത്തില്‍ നിന്ന് ആളുകളെ അയക്കണണെന്നും തിരച്ചില്‍ നിര്‍ത്തിവയ്ക്കരുതെന്നും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അര്‍ജുനെ കണ്ടെത്താനായുള്ള രക്ഷാപ്രവര്‍ത്തനം അഞ്ച് ദിവസം പിന്നിട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ യാതൊരു പുരോഗതിയും ഇല്ലാതെ വന്നതോടെയാണ് കുടുംബം സൈന്യത്തെ കൂടി രക്ഷാ പ്രവര്‍ത്തനത്തിന് നിയോഗിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
അര്‍ജുനെ കണ്ടെത്താനായി അത്യാധുനിക റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് പ്രദേശത്ത് നടക്കുന്നത്.റഡാര്‍ പരിശോധന ആറ് മണിക്കൂര്‍ പിന്നിട്ടിട്ടും അര്‍ജുനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. നേരത്തെ റഡാറില്‍ ലോറി ഉള്ള സ്ഥലം ലൊക്കേറ്റ് ചെയ്യാനായെന്ന സൂചന ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് ലോറിയല്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍ഐടി വൃത്തങ്ങള്‍ അറിയിച്ചു. വന്‍പാറക്കല്ലുകളും മണ്ണിനൊപ്പമുണ്ട്. പ്രദേശത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയും തിരച്ചില്‍ നടത്തുന്നുണ്ട്.