arjun
അര്‍ജുന്‍ മടക്കയാത്രയില്‍; നാടും വീടും കാത്തിരിക്കുന്നു
നാളെ രാവിലെ ആറ് മണിയോടെ അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് കോഴിക്കോട് എത്തും
ബംഗലുരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ലോറിയോടൊപ്പം ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ അകപ്പെട്ടുപോയ കോഴിക്കോട്ടെ ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്കുതിരിച്ചു. ആംബുലന്‍സില്‍ അര്‍ജുന്റെ മടങ്ങി വരവരവ് കാത്തിരിക്കുകയാണ് അര്‍ജുന്റെനാടും വീടും.
ആംബുലന്‍സിലെ കര്‍ണാടക പോലീസ് അനുഗമിക്കുന്നുണ്ട്. മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷ്‌റഫും കാര്‍വാര്‍ എം എല്‍ എ സതീഷ് സെയ്ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരുന്നുണ്ട്. വഴിമധ്യേ ദുരന്ത സ്ഥലത്ത് ഒരു നിമിഷം നിന്ന് അര്‍ജുന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിശേഷമാണ് യാത്ര. നാളെ രാവിലെ ആറ് മണിയോടെ അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് കോഴിക്കോട് എത്തും. രാവിലെ പൂളാടിക്കുന്നില്‍ ലോറി ഡ്രൈവര്‍മാരുടെ കൂട്ടായ്മ ആംബുലന്‍സ് സ്വീകരിക്കും. അര്‍ജുനുമായുള്ള ആംബുലന്‍സ് എട്ട് മണിയോടെ കണ്ണാടിക്കലില്‍ എത്തും.
കണ്ണാടിക്കല്‍ ബസാറില്‍ നിന്ന് ആംബുലന്‍സിനെയും വാഹന വ്യൂഹത്തെയും കാല്‍നടയായി നാട്ടുകാര്‍ അനുഗമിക്കും. 8.10 ന് മൃതദേഹം വീട്ടില്‍ എത്തിക്കും. ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെക്കും. ആളുകള്‍ കൂടിയാല്‍ കൂടുതല്‍ സമയം പൊതുദര്‍ശനം നടത്തും. വീട്ടുവളപ്പില്‍ തന്നെ മൃതദേഹം സംസ്‌കരിക്കും.