National
അര്‍ജുന്‍ രക്ഷാദൗത്യം; തിരച്ചിലിൽ വീണ്ടും വെല്ലുവിളി: ഷിരൂരില്‍ റെഡ് അലര്‍ട്ട്
ഗംഗാവലിപ്പുഴയുടെ തീരമേഖലയിലടക്കം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥവകുപ്പിന്റെ് മുന്നറിയിപ്പ്.
ബെംഗളൂരു| ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് ഏഴുപത് ദിവസം പിന്നിട്ടു. മൂന്നാം ഘട്ടതിരച്ചിലാണ് ഇപ്പോള്‍ അര്‍ജുനായി പ്രദേശത്ത് നടക്കുന്നത്. തിരച്ചിലിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ് വീണ്ടും കാലാവസ്ഥ. ഇന്ന് ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്നഡ ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇനി കാലാവസ്ഥ കൂടി പരിഗണിച്ച് മാത്രമേ ഇന്ന് ഡ്രഡ്ജിംഗും തിരച്ചില്‍ നടത്താന്‍ കഴിയുകയുള്ളു. ഗംഗാവലിപ്പുഴയുടെ തീരമേഖലയിലടക്കം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥവകുപ്പിന്റെ് മുന്നറിയിപ്പ്. കാലാവസ്ഥ മോശമായാല്‍ പുഴയുടെ ഒഴുക്ക് കൂടുകയും കലങ്ങുകയും ചെയ്യുന്നത് ഡ്രഡ്ജിംഗിനും ഡൈവര്‍മാര്‍ക്ക് തിരച്ചിലിനായി ഇറങ്ങുന്നതിന് തടസമാണ്.
ഇന്നലെ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ പിന്നിലെ ലൈറ്റ് റിഫ്‌ലക്ടര്‍ കണ്ടെത്തിയത് വഴിത്തിരിവായിരുന്നു. അതേസമയം തിരച്ചില്‍ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്ന് അര്‍ജുന്റെ കുടുംബത്തിന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയിട്ടുണ്ട്.