National
അര്‍ജുന്‍ രക്ഷാദൗത്യം; ഷിരൂരില്‍ ബൂം എക്‌സവേറ്റര്‍ എത്തിച്ചു
ഈ മാസം 16ന് രാവിലെ 8.30ന് ആണ് ഷിരൂരില്‍ മണ്ണിടിഞ്ഞ് വീണ് അര്‍ജുനും ലോറിയും അതില്‍ അകപ്പെട്ടത്.
അങ്കോല |കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി ഒന്‍പതാം ദിനവും തിരച്ചില്‍ ഊര്‍ജിതം. തിരച്ചിലിനായി ഷിരൂരില്‍ ബൂം എക്‌സവേറ്റര്‍ എത്തിച്ചു. നദിയില്‍ 61അടിയോളം ദൂരത്തിലും ആഴത്തിലും ഈ ക്രെയിന്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താം. പോലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് വാഹനം പ്രദേശത്ത് എത്തിച്ചത്. ആവശ്യമെങ്കില്‍ തിരച്ചിലിനായി ഒരു യന്ത്രം കൂടി എത്തിക്കുമെന്ന് എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.
കര, നാവിക സേനകളുടെതിരച്ചില്‍ ലോഹ ഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്‌നല്‍ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും നടക്കുക. മണ്ണിടിഞ്ഞ് പുഴയിലേക്ക് വീണ ഭാഗത്ത് റഡാര്‍ ഉപയോഗിച്ച് പരിശോധനയും നടത്തുന്നുണ്ട്. ഷിരൂരില്‍ ഇടവിട്ടു മഴ പെയ്യുന്നതാണ് രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നത്. ഗംഗാവലി പുഴയില്‍ എന്‍ഡിആര്‍എഫ് തിരച്ചില്‍ നടത്തുന്നുണ്ട് ഹെലികോപ്റ്റര്‍ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡും പരിശോധന നടത്തുന്നുണ്ട്. നദിയില്‍ അടിയോഴുക്ക് ശക്തമായതിനാല്‍ ഇന്നലെ സ്‌കൂബ ഡ്രൈവര്‍മാര്‍ക്ക് കാര്യമായി തിരച്ചില്‍ നടത്താന്‍ ആയിരുന്നില്ല. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുള്ളത്.
ഈ മാസം 16ന് രാവിലെ 8.30ന് ആണ് ഷിരൂരില്‍ മണ്ണിടിഞ്ഞ് വീണ് അര്‍ജുനും ലോറിയും അതില്‍ അകപ്പെട്ടത്. റോഡിലേക്കും ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന പുഴയിലേക്കുമായാണ് വന്‍തോതില്‍ മണ്ണിടിഞ്ഞുവീണത്. സംഭവം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചത്. കരയില്‍ അടിഞ്ഞുകൂടിയ മണ്ണ് ഏറെക്കുറെ പൂര്‍ണമായും മാറ്റിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് പരിശോധന പുഴയിലേക്ക് മാറ്റിയത്. പുഴിയില്‍ മീറ്ററുകളോളം ഉയരത്തില്‍ മണ്ണിടിഞ്ഞ് വീണതിനാല്‍ തിരച്ചില്‍ ഏറെ ശ്രമകരമാണ്.