Connect with us

National

അര്‍ജുന്‍ രക്ഷാദൗത്യം; പുഴയില്‍ അടിയൊഴുക്ക് ശക്തം, സ്‌കൂബ സംഘത്തിന് ഇറങ്ങാനായില്ല, ഐബോഡ് പരിശോധന തുടങ്ങി

പുഴയ്ക്കടിയിലെ ട്രക്കിന്റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ വ്യക്തമാകും. എന്നാല്‍, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്.

Published

|

Last Updated

അങ്കോല | ഷിരൂരില്‍ കുന്നിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനായുള്ള ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന 15അംഗസംഘം ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് പരിശോധിക്കാനായി ഇറങ്ങി. പുഴയില്‍ അടിയൊഴുക്ക് ശക്തമായതോടെ സ്‌കൂബ ഡൈവര്‍മാര്‍ക്ക് പരിശോധന പൂര്‍ത്തിയാക്കാനായില്ല. സ്റ്റീല്‍ ഹുക്ക് താഴേക്ക് ഇട്ട് ലോറിയില്‍ കൊളുത്താന്‍ കഴിയാത്ത വിധത്തിലുള്ള അടിയൊഴുക്കാണ് പുഴയിലുള്ളത്. നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീല്‍ ഹുക്കുകള്‍ എത്തിക്കാന്‍ പോലും നിലവില്‍ സാധ്യമല്ല.

അതേസമയം ഐബോഡ് പരിശോധന തുടങ്ങി. പുഴയ്ക്കടിയിലെ ട്രക്കിന്റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ വ്യക്തമാകും. എന്നാല്‍, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ രക്ഷാദൗത്യം വീണ്ടും നീണ്ടേക്കും.

ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്.  നദിക്കരയില്‍ രണ്ട് ബൂം എക്‌സകവേറ്ററുകള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ഇപ്പോഴും പുരോഗമിക്കുകയാണ്.

ലോറിയിൽ നിന്നും തെറിച്ചു വീണ നാലു കഷണം തടി കണ്ടെത്തിയെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. 12 കിലോമീറ്റർ അകലെ നിന്നാണ് തടി കണ്ടെത്തിയത്. പിഎ1 എന്ന് തടിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അർജുന്റെ ട്രക്കിലുണ്ടായിരുന്ന തടിയാണിതെന്നാണ് പറയുന്നത്. എന്നാല്‍, ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. കണ്ടെത്തിയത് അര്‍ജുന്‍റെ ലോറിയിലുണ്ടായിരുന്ന തടികള്‍ തന്നെയാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂകയുള്ളു.

കരയില്‍നിന്ന് 20 മീറ്റര്‍ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തിനിടയില്‍ ലോറിയുണ്ടെന്ന് ബുധനാഴ്ചയാണ് കണ്ടെത്തിയത്. കര-നാവിക സേനയും എന്‍ഡിആര്‍എഫും അഗ്നിരക്ഷാ സേനയുമടക്കം 200 ഓളം പേര്‍് ഇന്ന് ദൗത്യത്തില്‍ നേരിട്ട് പങ്കെടുക്കുന്നുണ്ട്. 31 എന്‍ ഡി ആര്‍ എഫ് അംഗങ്ങള്‍, 42 എസ് ഡി ആര്‍ എഫ് അംഗങ്ങള്‍ എന്നിവര്‍ ദൗത്യത്തില്‍ പങ്കാളിയാകും. ഇവര്‍ക്കൊപ്പം കരസേനയുടെ 60 അംഗങ്ങള്‍, നാവികസേനയുടെ 12 ഡൈവര്‍മാര്‍ എന്നിവരും സ്ഥലത്തുണ്ട്.

കര്‍ണാടക അഗ്നിരക്ഷാ സേനയുടെ 26 അംഗങ്ങളും ദൗത്യത്തില്‍ പങ്കാളികളാണ്. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തില്‍ സാങ്കേതിക സംഘം സ്ഥലത്തുണ്ട്.നൂറോളം വരുന്ന പോലീസ് സംഘവും ജില്ലാ ഭരണകൂടത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അപകടമേഖലയില്‍ ഉണ്ട്.

Latest