National
അര്‍ജുന്‍ രക്ഷാദൗത്യം; ഡ്രഡ്ജറുമായുളള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു: തിരച്ചിൽ വ്യാഴാഴ്ച തുടങ്ങിയേക്കും
ജൂലായ് 16നാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായത്.
ഷിരൂര്‍ | കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ വീണ്ടും പുനരാരംഭിക്കുന്നു. അര്‍ജുനുണ്ടെന്ന് കരുതുന്ന ലോറി ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെത്തുന്നതിനായി ഡ്രഡ്ജറുമായുളള ടഗ് ബോട്ട് ഗോവയില്‍ നിന്ന് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെയാണ് ഡ്രഡ്ജര്‍ ഉള്ള ടഗ് ബോട്ട് ഗോവയില്‍ നിന്നും കാര്‍വാറിലേക്ക് പുറപ്പെട്ടത്. ഡ്രഡ്ജര്‍ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ട് വ്യാഴാഴ്ച ആയിരിക്കും തിരച്ചില്‍ പുനരാരംഭിക്കുക.
ഇന്ന് വൈകിട്ടോടെ കാര്‍വാര്‍ തുറമുഖത്ത് ടഗ് ബോട്ട് എത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. രക്ഷാപ്രവര്‍ത്തനം വിലയിരുത്തുന്നതിനായി നാളെ ഉത്തര കന്നട ജില്ലാ ഭരണകൂടം യോഗം ചേരും. ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎല്‍എ സതീഷ് സെയില്‍, ഡ്രഡ്ജര്‍ കമ്പനി അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
ഗംഗാവലിപ്പുഴയില്‍ വേലിയിറക്ക സമയത്ത് ഡ്രഡ്ജര്‍ കൊണ്ടുപോകാനാണ് തീരുമാനം. അടുത്ത ആഴ്ച നിലവില്‍ ഉത്തരകന്നഡ ജില്ലയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുകൂലമാണ്. ജൂലായ് 16നാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായത്.