Connect with us

Editorial

സമാധാന ചർച്ചകൾക്കിടയിലും ആയുധക്കച്ചവടം സജീവം

നിത്യസംഘർഷങ്ങളുള്ള ഒരു ലോകമാണ് ആയുധലോബികൾക്കും അതിലൂടെ വരുമാനമുണ്ടാക്കുന്ന ഭരണകൂടങ്ങൾക്കും വേണ്ടത്. സംഘർഷങ്ങൾ ഇല്ലാത്ത, അതിർത്തി തർക്കങ്ങൾ ഇല്ലാത്ത, തീവ്രവാദ ഭീഷണി ഇല്ലാത്ത രാജ്യങ്ങൾ നന്നേ കുറവാണ്. ഇതിന്റെയെല്ലാം പിന്നിൽ വൻശക്തികളുടെ വിശിഷ്യാ അമേരിക്കയുടെ പിന്തുണ കാണാവുന്നതാണ്.

Published

|

Last Updated

രണ്ടര വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ് റഷ്യ- യുക്രൈന്‍ യുദ്ധം. യുദ്ധത്തിന് അറുതിവരുത്താനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെടുകയാണ്. ഏറ്റവുമൊടുവില്‍ ഇന്ത്യയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് മുന്നിട്ടിറങ്ങിയത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രണ്ടാഴ്ച മുമ്പ് റഷ്യ സന്ദര്‍ശിക്കുകയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുകയും ചെ
യ്തിരുന്നു.

സെന്റ്പീറ്റേഴ്സ് ബര്‍ഗിലെ കോണ്‍സ്റ്റാന്റിനോവ്സ്‌കി കൊട്ടാരത്തില്‍ ഇരുവരും ഇതുമായി ബന്ധപ്പെട്ട് വിശദമായി ചര്‍ച്ച നടത്തിയെന്നാണ് റിപോര്‍ട്ട്. വ്‌ലാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനിടെ നടത്തിയ ഫോണ്‍സംഭാഷണത്തില്‍ രാഷ്ട്രീയ-നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ഇന്ത്യ സന്നദ്ധത അറിയിക്കുകയും റഷ്യ അതിനെ സ്വാഗതം ചെയ്യുകയുമുണ്ടായി. യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അജിത് ഡോവലിന്റെ റഷ്യന്‍
സന്ദര്‍ശനം.

ഒരുഭാഗത്ത് സമാധാന സംഭാഷണം നടക്കവേ റഷ്യ-യുക്രൈന്‍ സംഘര്‍ഷം ചൂഷണം ചെയ്ത് ആയുധക്കച്ചവടത്തില്‍ വന്‍കൊയ്ത്ത് നടത്തിക്കൊണ്ടിരിക്കയാണ് അമേരിക്കയും ശാക്തിക രാഷ്ട്രങ്ങളും. തുടക്കം മുതല്‍ യുക്രൈനെ സൈനികമായും ആയുധം നല്‍കിയും സഹായിച്ചുകൊണ്ടിരിക്കുന്ന അമേരിക്ക, 800 കോടിയിലധികം ഡോളറിന്റെ സൈനിക സഹായമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മാരകമായ പാട്രിയറ്റ് മിസൈല്‍, എഫ്-16 യുദ്ധവിമാനം പറപ്പിക്കാനുള്ള പരിശീലനം തുടങ്ങിയ സഹായങ്ങളാണ് നല്‍കുകയെന്ന് ബൈഡന്‍ അറിയിച്ചു.

യുദ്ധം മാനവരാശിക്ക് ദോഷകരവും ലോകത്തിന് കടുത്ത വിപത്തുമാണെന്ന് എല്ലാവരും സമ്മതിക്കുന്നു. വര്‍ധിച്ചുവരുന്ന ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൂട്ടക്കൊലക്കും മനുഷ്യരുടെ നാശത്തിനും മാത്രമല്ല, സാമ്പത്തിക മാന്ദ്യത്തിനും കടുത്ത തൊഴിലില്ലായ്മക്കുമെല്ലാം കാരണമാണ്. വന്‍തോതിലുള്ള പാരിസ്ഥിതിക നാശം വേറെയും. യുദ്ധവും സംഘര്‍ഷവുമില്ലാത്ത ഒരു ലോകം സൃഷ്ടിക്കാനാണ് ലോകരാജ്യങ്ങള്‍ ചേര്‍ന്ന് ഐക്രരാഷ്ട്ര രക്ഷാ സമിതി രൂപവത്കരിച്ചത്. എങ്കിലും ഓരോ രാഷ്ട്രവും ഏറ്റവും കൂടുതല്‍ പണം മുടക്കുന്നത് പ്രതിരോധ രംഗത്ത് വിവിധ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനാണ്. വാര്‍ഷിക ബജറ്റില്‍ പ്രതിരോധ മേഖലക്കുള്ള തുക വന്‍തോതില്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കയാണ് പ്രതിവര്‍ഷം. ഭരണകൂടങ്ങളുടെ ഈ മത്സര, നശീകരണ മനസ്ഥിതിയിലാണ് ആയുധക്കമ്പനികളുടെ വളര്‍ച്ച.

പലരാജ്യങ്ങളുടെയും വിശിഷ്യാ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍ തുടങ്ങിയവയുടെ പ്രധാന വരുമാന മാര്‍ഗങ്ങളാണ് ആയുധ വില്‍പ്പന. വന്‍ലാഭം കൊയ്യുന്ന ബിസിനസ്സ് കൂടിയാണിത്. ഏതാണ്ട് രണ്ട് ട്രില്യനധികം വരുന്ന തുകയുടെ ആയുധ ഇടപാട് നിലനില്‍ക്കുന്നുണ്ട് വര്‍ഷാന്തം ലോകത്ത്. ഈ വ്യാപാരം നിലനില്‍ക്കണമെങ്കില്‍ അതിര്‍ത്തി തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും യുദ്ധങ്ങളും നിലനില്‍ക്കണം. നിത്യസംഘര്‍ഷങ്ങളുള്ള ഒരു ലോകമാണ് ആയുധലോബികള്‍ക്കും അതിലൂടെ വരുമാനമുണ്ടാക്കുന്ന ഭരണകൂടങ്ങള്‍ക്കും വേണ്ടത്.

സംഘര്‍ഷങ്ങള്‍ ഇല്ലാത്ത, അതിര്‍ത്തി തര്‍ക്കങ്ങള്‍ ഇല്ലാത്ത, തീവ്രവാദ ഭീഷണി ഇല്ലാത്ത രാജ്യങ്ങള്‍ നന്നേ കുറവാണ്. ഇതിന്റെയെല്ലാം പിന്നില്‍ വന്‍ശക്തികളുടെ വിശിഷ്യാ അമേരിക്കയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ പിന്തുണ കാണാവുന്നതാണ്.

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയപ്പോള്‍ നാളുകള്‍ക്കകം യുക്രൈന്‍ തകര്‍ന്നു തരിപ്പണമാകുമെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ പടിഞ്ഞാറന്‍ ശക്തികള്‍ നല്‍കുന്ന ആയുധങ്ങളുടെ ബലത്തില്‍ യുക്രൈന്‍ ഇപ്പോഴും പിടിച്ചുനില്‍ക്കുന്നു. ഇറാഖ്-കുവൈത്ത് യുദ്ധത്തിന് വഴിമരുന്നിട്ടത് അമേരിക്കയാണെന്ന് അറിയപ്പെട്ടതാണ്. അമേരിക്കയുടെ ആയുധക്കച്ചവടത്തില്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് ഈ യുദ്ധം ഉണ്ടാക്കിയത്. പാക്- ഇന്ത്യ അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടാതെ തുടരുകയും ഇടക്കിടെ മൂര്‍ച്ഛിക്കുകയും ചെയ്യുന്നതിന് പിന്നിലുള്ളത് പാശ്ചാത്യ രാജ്യങ്ങളുടെ ആയുധക്കച്ചവട താത്പര്യം കൂടിയാണ്. ഇപ്പേരില്‍ വന്‍തോതിലുള്ള ആയുധമാണ് പാകിസ്താനും ഇന്ത്യയും വാങ്ങിക്കൂട്ടുന്നത്. ലോകരാഷ്ട്രങ്ങളില്‍ അമേരിക്കക്കാണ് ആയുധ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം. ഫ്രാന്‍സും റഷ്യയുമാണ് രണ്ടും മൂന്നും
സ്ഥാനങ്ങളില്‍.

സമീപകാലത്തായി ഇന്ത്യയും ആയുധ വില്‍പ്പനാ രംഗത്ത് സജീവസാന്നിധ്യമാണ്. 21,083 കോടിയുടെ ആയുധ, പ്രതിരോധ ഉത്പന്ന കയറ്റുമതിയാണ് 2023-24 വര്‍ഷത്തില്‍ ഇന്ത്യ നടത്തിയത്. 2022-23 വര്‍ഷത്തെ അപേക്ഷിച്ച് 32.5 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചുവെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ വെളിപ്പെടുത്തല്‍. 16,000 കോടി രൂപയുടേതായിരുന്നു 2022-23 ല്‍ ഇന്ത്യയുടെ ആയുധക്കച്ചവടം.

2024-25ലെ വില്‍പ്പന 35,000 കോടിയിലെത്തിക്കാനാണ് പദ്ധതി. റഷ്യ, ഇറ്റലി, യു എ ഇ, ശ്രീലങ്ക, സഊദി അറേബ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയുടെ ആയുധക്കയറ്റുമതി പ്രധാനമായും. ആയുധക്കയറ്റുമതിയില്‍ ഈ നേട്ടം കൊയ്യുമ്പോഴും ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ തുടരുന്നു. സ്റ്റോക്ക്ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപോര്‍ട്ടനുസരിച്ച് 2019നും 2023നുമിടയില്‍ ആഗോളതലത്തില്‍ നടന്ന ആയുധ ഇറക്കുമതിയില്‍ 9.8 ശതമാനവും ഇന്ത്യയിലേക്കാണ്.

പല പ്രശ്നബാധിത രാജ്യങ്ങളിലും പ്രദേശങ്ങളിലും വലിയൊരു വിഭാഗം ആളുകള്‍ കൊടിയ പട്ടിണിയിലും ദുരിതത്തിലുമാണ്. വെള്ളവും വെളിച്ചവുമില്ലാത്ത പ്രദേശങ്ങള്‍ നിരവധി. ഇതിന് നേരെയെല്ലാം കണ്ണടച്ചാണ് രാഷ്ട്രങ്ങള്‍ ആയുധ വില്‍പ്പനയും ഇറക്കുമതിയും വര്‍ധിപ്പിച്ചുകൊ
ണ്ടിരിക്കുന്നത്.

 

---- facebook comment plugin here -----

Latest