National
ജമ്മു കാശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെ വധിച്ച് സൈന്യം
കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹവുമായി ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ശ്രീനഗര്‍| ജമ്മു കാശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെ വധിച്ച് സൈന്യം. അഖ്നൂര്‍ സെക്ടറിലൂടെയാണ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. നാല് ഭീകരരില്‍ ഒരാളെയാണ് സുരക്ഷാ സേന വധിച്ചത്. ഇന്ന് പുലര്‍ച്ചയ്ക്കാണ് സംഭവം.
നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെ സുരക്ഷാ സേന ഭീകരരുടെ സാന്നിധ്യം അറിയുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു ഭീകരനെ വധിച്ചത്. കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹവുമായി ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് സൈന്യം ഊര്‍ജ്ജിതമായി തെരച്ചില്‍ നടത്തുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ വീരമൃത്യവരിച്ച രജൗരി- പൂഞ്ച് സെക്ടറില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി. ശനിയാഴ്ച പുലര്‍ച്ചെ മുതലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്.