Connect with us

National

ഇഗ്‌നൊ പ്രൊഫസറെ കൈയേറ്റം ചെയ്‌തെന്ന് പരാതി; സൈനികര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കരസേന

ഇഗ്‌നോ പ്രൊഫസര്‍ ലിയാഖത് അലിയെ പ്രകോപനം കൂടാതെ സൈനികര്‍ മര്‍ദിച്ചെന്നാണ് പരാതി.

Published

|

Last Updated

ന്യൂഡല്‍ഹി|ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ലിയാഖത് അലിയെ പ്രകോപനം കൂടാതെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ സൈനികര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കരസേന. ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി ഗ്രാമമായ ലാമില്‍ വച്ചുണ്ടായ സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രൊഫസര്‍ ലിയാഖത് അലിയെ പ്രകോപനം കൂടാതെ സൈനികര്‍ മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ സൈനികര്‍ക്കെതിരെ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

വ്യാഴാഴ്ച രാത്രി ജമ്മുവിലെ രജൗരി ജില്ലയിലായിരുന്നു സംഭവം. ഇന്ത്യ – പാക് അതിര്‍ത്തിയിലെ നൗഷേരയിലെ ഗ്രാമമായ ലാമില്‍ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ ലിയാഖത് അലിയുടെ വാഹനവും തടഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പരിശോധനയ്ക്ക് ഇടയില്‍ സൈനികരുടെ ആയുധം ലിയാഖത് അലി പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് സൈന്യത്തിന്റെ നിലപാട്. സൈനിക വക്താവ് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലും ഇക്കാര്യം പറയുന്നുണ്ട്.

സൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ പ്രൊഫസര്‍ക്ക് പരുക്കേറ്റ് രക്തം വാര്‍ന്ന് ഒലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സൈന്യം അന്വേഷണം പ്രഖ്യാപിച്ചത്. സൈനികന്‍ അപമര്യാദയായി പെരുമാറിയെന്ന് കണ്ടെത്തിയാല്‍ നിയമം അനുശാസിക്കുന്ന ശക്തമായ നടപടി സ്വീകരിക്കുമെന്ന് കരസേന വ്യക്തമാക്കി.

 

Latest