Kuwait
ഹസാവി ഏരിയയിൽ ഗതാഗത പരിശോധനയിൽ 18ഓളം പേർ അറസ്റ്റിൽ
1026 വിവിധ ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തി
കുവൈത്ത് സിറ്റി | കുവൈത്തിലെ ജിലീബ്, ഹസാവി പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ ഗതാഗത പരിശോധനയിൽ 18 പ്രവാസികളെ അറസ്റ്റു ചെയ്യുകയും വിവിധ നിയമ ലംഘനങ്ങൾക്ക് 73 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. അനധികൃതമായി ട്രാൻസ്പോർട്ടേഷൻ നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ 1026 വിവിധ ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തി.
പോലീസ് സ്റ്റേഷൻ സ്ട്രീറ്റ്, ഫയർ സ്റ്റേഷൻ റൗണ്ട്എബൗട്ട്, ഹസാവി- ജിലീബ് പ്രദേശങ്ങളിലെ അൽ-അഖ്സ ഫാർമസി സ്ട്രീറ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നിർദ്ദേശത്തെ തുടർന്നാണ് ഫർവാനിയ ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഖാലിദ് അൽ ഖാലിദിയുടെ മേൽനോട്ടത്തിൽ പരിശോധന നടത്തിയത്.
ഈ വർഷം ആദ്യ പകുതിയിൽ നടത്തിയ ഗതാഗത പരിശോധനയിൽ, പിടികിട്ടാപുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ട 3009 പേരും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച 1210 പേരും പിടിയിലായതായി ഗതാഗത വിഭാഗം പൊതു സമ്പർക്ക വിഭാഗം ഓഫീസർ മേജർ അബ്ദുള്ള ബു ഹസ്സൻ അറിയിച്ചു.
റിപ്പോർട്ട്: ഇബ്രാഹിം വെണ്ണിയോട്