Editorial
പി സി ജോര്‍ജിന്റെ അറസ്റ്റും ജാമ്യവും
ചോദ്യം ചെയ്യാനായി ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നതാണ്. ഇതെല്ലാം പാടേ അവഗണിച്ച് ജാമ്യം അനുവദിച്ച മജിസ്ട്രേറ്റ് ആശാ കോശിയുടെ നടപടി ദുരൂഹവും നീതിപീഠത്തിന്റെ സത്യസന്ധതയിലും നിഷ്പക്ഷതയിലും സംശയം ജനിപ്പിക്കുന്നതുമായിപ്പോയി.
അനിവാര്യവും അര്‍ഹിക്കുന്നതുമാണ് കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജിന്റെ അറസ്റ്റ്. ഒരു കാലത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുകയും ഗവ. ചീഫ് വിപ്പ് പദവിയില്‍ വരെ എത്തുകയും ചെയ്ത പി സി ജോര്‍ജ് കേരളീയ സമൂഹാന്തരീക്ഷത്തെ വര്‍ഗീയ സംഘര്‍ഷമാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. പലപ്പോഴായി മുസ്ലിം സമുദായത്തെ കടന്നാക്രമിക്കുകയും വര്‍ഗീയ പരാമര്‍ശങ്ങളും വൃത്തികേടുകളും വിളിച്ചു പറയുകയും ചെയ്തുവരുന്ന അദ്ദേഹം, ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന ഹിന്ദുപരിഷത്ത് സമ്മേളനത്തില്‍ നടത്തിയ പ്രസംഗങ്ങള്‍ എല്ലാ അതിര്‍ വരമ്പുകളെയും ലംഘിക്കുന്നതും മുസ്ലിം സമുദായത്തെ അതീവ മോശമായി ചിത്രീകരിക്കുന്നതും കേരളത്തിന്റെ സൗഹൃദപരമായ സാമുദായികാന്തരീക്ഷത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ഇടയാക്കുന്നതുമായിരുന്നു.
മുസ്ലിംകള്‍ നടത്തുന്ന ഹോട്ടലുകളിലും കൂള്‍ബാറുകളിലും ഇതര സമുദായങ്ങള്‍ക്ക് നല്‍കുന്ന പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ കലര്‍ത്തുന്നുണ്ട്. ഇതുവഴി രാജ്യത്ത് അമുസ്ലിംകളുടെ ജനസംഖ്യ കുറച്ചും മുസ്ലിം ജനസംഖ്യ വര്‍ധിപ്പിച്ചും ഇന്ത്യയെ മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നു. എം എ യൂസുഫലി മലപ്പുറത്തും കോഴിക്കോട്ടും ലുലുമാള്‍ തുറക്കാതെ മുസ്ലിമേതരര്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കടകള്‍ സ്ഥാപിക്കുന്നത് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകാനാണ്. അമുസ്ലിംകളാരും അദ്ദേഹത്തിന്റെ കടകളില്‍ കയറരുത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നൊടുക്കിയ ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താന്‍ തുടങ്ങി, ബി ജെ പിയിലെ ഹിന്ദുത്വ ഫാസിസ്റ്റ് നേതാക്കള്‍ വമിക്കുന്നതിലും കടുത്ത വര്‍ഗീയ പാഷാണമാണ് ജോര്‍ജിന്റെ വായിലൂടെ പുറത്തുവന്നത്. നേരത്തേ നാല് ജില്ലകളില്‍ മുസ്ലിം കലക്ടര്‍മാര്‍ വന്നപ്പോഴും ഒരു സര്‍വകലാശാലയില്‍ മുസ്ലിം വി സി നിയമിക്കപ്പെട്ടപ്പോഴും അപ്പേരില്‍ ക്രിസ്തീയ സമൂഹത്തിനിടയില്‍ ആശങ്കകള്‍ സൃഷ്ടിക്കാന്‍ ഒരുമ്പെട്ടിരുന്നു അദ്ദേഹം.
ശനിയാഴ്ചത്തെ തിരുവനന്തപുരം പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തെ ഇന്നലെ കാലത്ത് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത.് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പി സി ജോര്‍ജിനെ തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെത്തിച്ച ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 153 എ, 295 എ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തപ്പെട്ട പ്രതിക്ക് താമസിയാതെ തന്നെ വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് ആശാ കോശി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. മതസ്പര്‍ധ ഉണ്ടാക്കാന്‍ ആലോചിച്ചുറപ്പിച്ചായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവനയെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. മുന്‍ എം എല്‍ എ ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയേക്കാമെന്നും അന്വേഷണം തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ട് വിലയിരുത്തുന്നു. ചോദ്യം ചെയ്യാനായി ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നതാണ്. ഇതെല്ലാം പാടേ അവഗണിച്ച് ജാമ്യം അനുവദിച്ച മജിസ്ട്രേറ്റ് ആശാ കോശിയുടെ നടപടി ദുരൂഹവും നീതിപീഠത്തിന്റെ സത്യസന്ധതയിലും നിഷ്പക്ഷതയിലും സംശയം ജനിപ്പിക്കുന്നതുമായിപ്പോയി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിവാദ പ്രതികരണങ്ങള്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യമെങ്കിലും പ്രതിയുടെ രാഷ്ട്രീയ സ്വാധീനവും ഉന്നതങ്ങളിലുള്ള ബന്ധവും പരിഗണിക്കുമ്പോള്‍ അതൊന്നും പാലിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് ഏതൊരു സാമാന്യബുദ്ധിക്കും ഊഹിക്കാവുന്നതേയുള്ളൂ.
രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍. ഉത്തരേന്ത്യയെ വര്‍ഗീയ സംഘര്‍ഷ ഭൂമിയാക്കി മാറ്റിയത് സംഘ്പരിവാറിന്റെ ഇത്തരം പ്രചാരണങ്ങളാണ്. എഴുപതോളം പേര്‍ കൊല്ലപ്പെടാനും അമ്പതിനായിരത്തോളം പേര്‍ നാട് വിട്ടോടിപ്പോകാനും ഇടയാക്കിയ 2013ലെ മുസഫര്‍ നഗര്‍ വര്‍ഗീയാക്രമണമടക്കം രാജ്യത്തെ പല വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും വഴിമരുന്നിട്ടത് വര്‍ഗീയ, വിദ്വേഷ പ്രചാരണങ്ങളായിരുന്നു. 2015 സെപ്തംബറില്‍ ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ അഖ്്‌ലാഖിനെ ആള്‍ക്കൂട്ടം വീട്ടില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു കൊന്നത് പശുമാംസം കഴിച്ചുവെന്ന വ്യാജ പ്രചാരണത്തിന്റെ പേരിലായിരുന്നല്ലോ. ജാതിക്കൂട്ടങ്ങളും മതവിഭാഗങ്ങളുമായി ചിതറിക്കിടക്കുന്ന ഇന്ത്യന്‍ ജനതയെ സ്വാധീനിക്കാന്‍ രാഷ്ട്രീയ പ്രചാരണങ്ങളേക്കാളുപരി സുഗമമായ വഴി ഹിന്ദു വര്‍ഗീയതയും അതില്‍ നിന്ന് ഉരുത്തിരിഞ്ഞ ഹിന്ദു ദേശീയതയുമാണെന്ന് മനസ്സിലാക്കിയ ബി ജെ പിയും സംഘ്പരിവാരവുമാണ് വര്‍ഗീയ കാര്‍ഡ് ഇറക്കി കളിക്കുന്നത്. ഉത്തരേന്ത്യയില്‍ ഇവര്‍ വോട്ട് ബേങ്കും വര്‍ഗീയ ധ്രുവീകരണവും സ്ഥാപിച്ചെടുത്തത് മുസ്ലിം സമൂഹത്തെ ഒരു പൊതുശത്രുവായി ചിത്രീകരിക്കുന്നതിലൂടെയാണ്.
ഈ അപകടകരമായ കുത്സിത തന്ത്രമാണ് പി സി ജോര്‍ജ് കേരളത്തില്‍ പരീക്ഷിക്കുന്നത്. രാജ്യത്തെ ഭരണഘടനയെയും ക്രിമിനല്‍ നടപടി ചട്ടങ്ങളെയും വെല്ലുവിളിച്ച് മുസ്ലിം സമൂഹത്തെ മുഴുവന്‍ അധിക്ഷേപിക്കുന്നതിലൂടെ ഇതര വിഭാഗങ്ങളുടെ രാഷ്ട്രീയ പിന്തുണ ആര്‍ജിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. 1980 മുതല്‍ 2016 വരെയായി ആറ് തിരഞ്ഞെടുപ്പുകളില്‍ പൂഞ്ഞാറിനെ പ്രതിനിധാനം ചെയ്ത പി സി ജോര്‍ജിന്റെ 2021ലെ ദയനീയ തോല്‍വിയായിരിക്കണം വര്‍ഗീയ കാര്‍ഡ് പരീക്ഷണത്തിലേക്കിറങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 2016ല്‍ സ്വതന്ത്രനായി മത്സരിച്ച് മൂന്ന് മുന്നണികളെയും മറികടന്ന് 27,821 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച പി സി ജോര്‍ജ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 16,817 വോട്ടിനു പരാജയപ്പെടാന്‍ കാരണം നേരത്തേ പലപ്പോഴായി നടത്തിയ മുസ്ലിംവിരുദ്ധ പ്രസ്താവനകളെ ചൊല്ലി മുസ്ലിം വോട്ടര്‍മാര്‍ കൈയൊഴിഞ്ഞത് കൊണ്ടാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇനി മണ്ഡലത്തെ തിരിച്ചുപിടിക്കണമെങ്കില്‍ മുസ്ലിമേതര സമൂഹങ്ങളുടെ പിന്തുണ ഉറപ്പാക്കുകയേ വഴിയുള്ളൂ. മുസ്ലിം സമുദായത്തിനെതിരായ വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളാണ് ഇതിനു അദ്ദേഹം കണ്ട വഴി. സംസ്ഥാനത്തെ ഒരു സംഘര്‍ഷ ഭൂമിയാക്കി മാറ്റാനുള്ള ഇത്തരം ശ്രമങ്ങള്‍ക്ക് തടയിടണമെങ്കില്‍ ആളും തരവും നോക്കാതെ നിയമം നടപ്പാക്കാനുള്ള ആര്‍ജവം കാണിക്കേണ്ടതുണ്ട് അധികൃതര്‍. നാടിന്റെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ നടപടികള്‍ ഫലപ്രദമാകണമെങ്കില്‍ ജുഡീഷ്യറിയുടെ പിന്തുണ കൂടി ആവശ്യമാണ്. എന്നാല്‍ കോടതികളില്‍ നിന്നുള്ള അനുഭവം നിരാശാജനകമാണ് പലപ്പോഴും.