Connect with us

National

എ എ പി എം എല്‍ എയുടെ അറസ്റ്റ്: മാര്‍ക്കറ്റുകള്‍ അടച്ചിട്ട് പ്രതിഷേധം; പാര്‍ട്ടിക്ക് മൗനം

കലാപമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ അവരുടെ ജോലി നിര്‍വഹിക്കുന്നതില്‍ തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കഴിഞ്ഞ ദിവസം ഖാനെ അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ന്യൂഡല്‍ഹി| എ എ പി എം എല്‍ എ അമാനത്തുള്ള ഖാന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ വിവിധ പ്രദേശത്തെ മാര്‍ക്കറ്റുകള്‍ അടച്ചിട്ടു. ഓക്ലയിലെ ജനപ്രതിനിധികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട അഞ്ച് വരെ കടകള്‍ അടച്ചിടണമെന്ന് ഖാന്റെ ഭാര്യ ശാഫിയ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കടകൾ അടച്ചിരിക്കുന്നത്.

കലാപമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ അവരുടെ ജോലി നിര്‍വഹിക്കുന്നതില്‍ തടസ്സപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം ഖാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ നിയമവിരുദ്ധ കൈയേറ്റങ്ങള്‍ ബി ജെ പി ഭരണകൂടം ഒഴിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് അമാനത്തുള്ള ഖാന്‍ അറസ്റ്റിലായത്.

അതേസമയം, അറസ്റ്റ് നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും എ എ പിയില്‍ നിന്നോ അരവിന്ദ് കെജരിവാളില്‍ നിന്നോ പരസ്യ പ്രതികരണം ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വിഷയത്തില്‍ എ എ പിയുടെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞു. വിവാദ പൗരത്വ നിയമമായ സി എ എയിലും ദേശീയ പൗരത്വ രജിസ്റ്ററിലും (എന്‍ആര്‍സി) എ എ പി. ബി ജെ പിയെ പിന്തുണച്ചപ്പോള്‍ ഖാന്‍ അവരെ പരസ്യമായി എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മദന്‍പൂര്‍ ഖാദര്‍ പ്രദേശത്ത് കെട്ടിടം പൊളിക്കുന്നതിനെതിരേ നടത്തിയ പ്രതിഷേധത്തിലാണ് എ എ പി നേതാവും അനുയായികളും അറസ്റ്റിലായത്.

 

 

Latest