Kerala
താനൂരിലെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

മലപ്പുറം|താനൂരിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. എടവണ്ണ സ്വദേശി റഹിം അസ്ലമിന്റെ അറസ്റ്റാണ് താനൂര്‍ പോലീസ് രേഖപ്പെടുത്തിയത്. മുംബൈയില്‍ നിന്ന് മടങ്ങിയ റഹിമിനെ തിരൂരില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടികള്‍ യുവാവിനെ പരിചയപ്പെട്ടത്. വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ട് മുംബൈയില്‍ പരിചയമുള്ളയാളാണ് യുവാവ്. കുട്ടികളുടെ നിര്‍ബന്ധംകൊണ്ടാണ് താൻ ഒപ്പം കൂടിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ഥിനികളെ കാണാതായത്. സ്‌കൂളില്‍ കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്.
കുട്ടികളെ മുംബൈ ലോണാവാലയില്‍ നിന്നാണ് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് റെയില്‍വേ പോലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.
കുട്ടികളെ ഇന്ന് ഉച്ചയോടെ നാട്ടിൽ തിരിച്ചെത്തിച്ചു. പോലീസ് സംഘത്തോടെപ്പം 12 മണിയ്ക്ക് ഗരിബ് എക്സ്പ്രസിലാണ് കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.