Kerala
മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി; ക്വാറി ഉടമ വിളിച്ചു പറഞ്ഞത് പോലീസിന് നല്‍കുന്ന മാസപ്പടിയുടെ കണക്കുകള്‍
വാഹന പരിശോധനയ്ക്കിടെ മുന്‍ പരിചയമില്ലാത്ത എസ് ഐയാണ് ക്വാറി ഉടമയെ മദ്യപിച്ചുവെന്ന് കണ്ട് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ കൊണ്ടു വന്നത്
അടൂര്‍ | പോലീസ് സ്റ്റേഷനും ഉന്നത ഉദ്യോഗസ്ഥരുമായി അടുത്തു ബന്ധമുള്ള ക്വാറി ഉടമയെ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടികൂടി. സ്റ്റേഷനില്‍ എത്തിച്ചതു കൊണ്ടു തന്നെ അനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേസ് എടുക്കേണ്ടി വന്നു. ഇതോടെ പ്രകോപിതനായ ക്വാറി ഉടമ പോലീസിന് താന്‍ നല്‍കുന്ന സേവനങ്ങളുടെയും മാസപ്പടിയുടെയും കണക്ക് വിളിച്ചു പറഞ്ഞു. അടൂര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
വാഹന പരിശോധനയ്ക്കിടെ മുന്‍ പരിചയമില്ലാത്ത എസ് ഐയാണ് ക്വാറി ഉടമയെ മദ്യപിച്ചുവെന്ന് കണ്ട് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ കൊണ്ടു വന്നത്. ഇയാളുമായി അടുത്തു പരിചയമുള്ള ഉദ്യോഗസ്ഥര്‍ ഒക്കെ തന്നെ കേസ് ഒഴിവാക്കി വിടുന്ന കാര്യത്തില്‍ നിസഹായരായിരുന്നു. ഇതോടെയാണ് പ്രകോപിതനായ ക്വാറി ഉടമ താന്‍ പോലീസുകാര്‍ക്ക് നല്‍കുന്ന കാശിന്റെ കണക്ക് വിളിച്ചു പറഞ്ഞത്. സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥന്‍ ഇയാളോട് വിശദമായ കണക്ക് ആരാഞ്ഞു.
ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഒരു ഡി വൈ എസ് പി ഇയാളുടെ ചെലവില്‍ അടൂരിലെ വാടക വീട്ടില്‍ താമസിക്കുന്ന കാര്യവും വിളിച്ചു പറഞ്ഞ കൂട്ടത്തിലുണ്ടായിരുന്നു. വാടക വീട് എടുക്കാന്‍ നേരം വലിയ മതിലും ഗേറ്റുമുള്ള വീട് വേണമെന്നായിരുന്നു ആവശ്യം. ഉദ്യോഗസ്ഥന് പട്ടിയെ വളര്‍ത്താനുണ്ടത്രേ. കേസ് ഒഴിവാക്കുന്നതിന് വേണ്ടി ഈ ഡി വൈ എസ് പിയും ഇടപെട്ടിരുന്നുവെന്ന് പറയുന്നു. നടക്കാതെ വന്നതോടെയാണ് അദ്ദേഹത്തിന്റെ ചരിത്രവും വിളിച്ചു പറഞ്ഞത്.