Connect with us

pfi leaders mass arrest

കസ്റ്റഡിയിലുള്ള പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാക്കളെ ഡൽഹിയിലേക്ക് കൊണ്ടുപോയി

14 പേരെയാണ് ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് അങ്ങോട്ടേക്ക് കൊണ്ടുപോകുക.

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് നിന്ന് എൻ ഐ എ കസ്റ്റഡിയിലെടുത്ത ദേശീയ നേതാക്കളെ ഡൽഹിയിലേക്ക് കൊണ്ടുപോയി. ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം, ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം, പ്രൊഫ. പി കോയ അടക്കമുള്ള 14 പേരെയാണ് ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് അങ്ങോട്ടേക്ക് കൊണ്ടുപോകുന്നത്. കൊച്ചി വിമാനത്താവളം വഴി 12 പേരെയും കരിപ്പൂർ വഴി രണ്ട് പേരെയുമാണ് ഡൽഹിയിലെത്തിച്ചത്.

സംസ്ഥാനത്ത് നിന്ന് 25 നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. 11 നേതാക്കൾക്കെതിരെ കൊച്ചിയിൽ കേസെടുത്തിട്ടുണ്ട്. ഇവരുടെ കേസുനടപടികൾ ഇവിടെയാകും. സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബശീര്‍, സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, സംസ്ഥാന കമ്മിറ്റിയംഗം യഹിയ തങ്ങള്‍, മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്വാദിഖ് അഹമ്മദ്, കരമന അശ്‌റഫ് മൗലവി അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും പുലർച്ചെയാണ് രാജ്യവ്യാപകമായി റെയ്ഡ് ആരംഭിച്ചത്. കേരളം, യു പി ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ് എന്‍ ഐ എ റെയ്ഡ് നടത്തിയത്. നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭീകരവാദ ഫണ്ടിംഗ്, ആയുധ പരിശീലന ക്യാമ്പ് എന്നിവ നടത്തിയെന്ന് ആരോപിച്ചാണ് റെയ്ഡ്. നിരോധിത സംഘടനകളിലേക്ക് ആളെ ചേര്‍ത്ത വിഷയവും റെയ്ഡിന് കാരണമായി. കേരളത്തില്‍ 70 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലും സംഘടനയുടെ ജില്ലാ കമ്മിറ്റി ഓഫീസുകളിലും റെയ്ഡ് നടന്നു.

എസ് ഡി പി ഐ നേതാക്കളുടെ വീടുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപും പിടിച്ചെടുത്തു. തിരുവനന്തപുരം മണക്കാട് പി എഫ് ഐ ഓഫീസില്‍ നിന്ന് മൂന്ന് മൊബൈലുകള്‍ പിടിച്ചെടുത്തു. പുസ്തകങ്ങള്‍, ലഘുലേഖകള്‍ എന്നിവ പരിശോധനക്കായി കൊണ്ടുപോയി. വയനാട് മാനന്തവാടിയിലെ പി എഫ് ഐ കേന്ദ്രത്തിലും പരിശോധന നടന്നു. കൊല്ലം അഞ്ചലില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. കോട്ടയം മുണ്ടക്കയത്ത് നടത്തിയ റെയ്ഡില്‍ എസ് ഡി പി ഐ ജില്ലാ നേതാക്കളടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

റെയ്ഡ് നടക്കുന്ന പ്രദേശങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി റെയഡ് ഭരണകൂട ഭീകരതയാണെന്ന് ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാളെ പി എഫ് ഐ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

 

Latest