Connect with us

Kerala

കലയും സാഹിത്യവും മനുഷ്യന്റെ നിലനില്‍പ്പിന് അനിവാര്യം: വിശ്വാസ് പാട്ടീല്‍

കേവലം രാഷ്ട്രീയം കൊണ്ട് മനുഷ്യന് ഒന്നും നേടാന്‍ കഴിയില്ല. സാഹിത്യത്തിനേ പുതിയ സംസ്‌കാരത്തെ സൃഷ്ടിക്കാന്‍ കഴിയൂ.

Published

|

Last Updated

മഞ്ചേരി | കലയും സാഹിത്യവും ഭാഷയും മനുഷ്യന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിശ്വാസ് പാട്ടീല്‍. എസ് എസ് എഫ് 31ാമത് എഡിഷന്‍ കേരള സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേവലം രാഷ്ട്രീയം കൊണ്ട് മനുഷ്യന് ഒന്നും നേടാന്‍ കഴിയില്ല. സാഹിത്യത്തിനേ പുതിയ സംസ്‌കാരത്തെ സൃഷ്ടിക്കാന്‍ കഴിയൂ. സമൂഹവും സംസ്‌കാരവും നിലനില്‍ക്കുന്നതില്‍ സാഹിത്യത്തിന് വലിയ പ്രാധാന്യമുണ്ടെന്നും വിശ്വാസ് പാട്ടീല്‍ പറഞ്ഞു. വിശക്കുന്നവന് ഭക്ഷണം നല്‍കലാണ് പ്രധാനം. അതിനനുസരിച്ചുള്ള സാമൂഹിക അന്തരീക്ഷമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മനുഷ്യര്‍ സ്രഷ്ടാവിനെ കുറിച്ച് അറിയണമെങ്കില്‍ അവന്റെ സൃഷ്ടിപ്പിനെ കുറിച്ചും അറിയണം. കലയും സാഹിത്യവും അത്തരം ചിന്തകളെ ആഴങ്ങളിലേക്ക് മനുഷ്യനെ എത്തിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. സ്രഷ്ടാവിന്റെ സൃഷ്ടിപ്പിന്റെ സൗന്ദര്യവും രഹസ്യവും സാഹിത്യത്തിലൂടെ നമുക്ക് ലഭിക്കും. കഥകളിലൂടെയും കവിതകളിലൂടെയും കഥാകാരന്മാരും കവികളും അവതരിപ്പിക്കുമ്പോള്‍ സൃഷ്ടിപ്പിന്റെ വൈഭവത്തെക്കുറിച്ചാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പരസ്പര സ്നേഹവും സൗഹൃദവും ഉള്‍ക്കൊള്ളല്‍ കൂടിയാണ് സാഹിത്യത്തിലൂടെ നടക്കുന്നത്. സാഹിത്യോത്സവുകള്‍ വെറും പരിപാടികള്‍ മാത്രമല്ല, അറിവിന്റെ ഉറവകള്‍ കൂടിയാണ്. ഒരു സമൂഹത്തിന് നന്മ കാണിച്ച് കൊടുക്കുന്ന ഇടം കൂടിയായി മാറിയിരിക്കുകയാണ് സാഹിത്യോത്സവുകളെന്നും ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.

ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീര്‍ അഹ്ദല്‍ അഹ്സനി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട്, മുസ്തഫ കോഡൂര്‍, കവിയും എഴുത്തുകാരനുമായ വീരാന്‍കുട്ടി, എസ് എസ് എഫ് കേരള സെക്രട്ടറി ഡോ. അബൂബക്കര്‍, ജാബിര്‍ പി നെരോത്ത് പ്രസംഗിച്ചു.സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍, ജി അബൂബക്കര്‍, സി ആര്‍ കെ മുഹമ്മദ്, എസ് ജോസഫ് സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest