Connect with us

kala murder case

കല കൊലപാതകം; അന്വേഷണത്തിന് 21 അംഗങ്ങളടങ്ങിയ പ്രത്യേക സംഘം

ചെങ്ങന്നൂര്‍ ഡിവൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം വിപുലീകരിച്ചത്.

Published

|

Last Updated

ആലപ്പുഴ | മാന്നാറിലെ കല കൊലപാതകക്കേസ് അന്വേഷണത്തിന് 21 അംഗങ്ങളടങ്ങിയ പ്രത്യേക സംഘം. ചെങ്ങന്നൂര്‍ ഡിവൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച മൃതദേഹ അവശിഷ്ടങ്ങളില്‍ നിന്ന് തെളിവുകള്‍ കണ്ടെത്തല്‍ വലിയ വെല്ലുവിളിയായ സാഹചര്യത്തില്‍ ശാസ്ത്രീയ തെളിവുകളിലൂടെ പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ട സാഹചര്യത്തിലാണ് അന്വേഷണ സംഘം വിപുലൂകരിക്കുന്നത്.

മാന്നാര്‍ അമ്പലപ്പുഴ പോലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കലയുടെ ഭര്‍ത്താവ് അനിലിനെ കൂടി കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ കൊലപാതകം എങ്ങനെ നടന്നു എന്ന വ്യക്തമായ ചിത്രം പോലീസിന് ലഭിക്കു. അനിലിനെ ഇസ്രായേലില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്. കേസില്‍ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തല്‍. ഭര്‍ത്താവ് അനില്‍ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍.

കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികള്‍ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും മൊഴിയില്‍ ഉള്‍പ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും. അറസ്റ്റിലായ മൂന്ന് പ്രതികളുടെയും ആറ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.

പ്രതികള്‍ നാലുപേരും ചേര്‍ന്ന് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പോലീസ് നിഗമനം. യുവതിയെ 15 വര്‍ഷം മുന്‍പ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ് ഐ ആറില്‍ പറയുന്നത്. പോലീസിനു ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് 15 വര്‍ഷത്തിനു ശേഷം അന്വേഷണം നടന്നത്.

Latest