Connect with us

Alappuzha

കല വധം: കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍ കണ്ടെത്തി

വാടകക്കെടുത്ത ഈ വാഹനത്തില്‍ സഞ്ചരിച്ചാണ് കേസിലെ ഒന്നാം പ്രതിയും ഭര്‍ത്താവുമായ അനില്‍, കലയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

Published

|

Last Updated

മാന്നാര്‍ | 15 വര്‍ഷം മുമ്പ് കാണാതായ ഇരമത്തൂര്‍ പായിക്കാട്ട് മീനത്തേതില്‍ കലയെ കൊന്ന് കുഴിച്ച് മൂടിയ കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍ അന്വേഷണ സംഘം കൊല്ലം കൊട്ടിയത്ത് നിന്നു കണ്ടെത്തി. വെള്ള മാരുതി ആള്‍ട്ടോ കാറാണ് പോലീസ് കണ്ടെടുത്തത്. വാടകക്കെടുത്ത ഈ വാഹനത്തില്‍ സഞ്ചരിച്ചാണ് കേസിലെ ഒന്നാം പ്രതിയും ഭര്‍ത്താവുമായ അനില്‍, കലയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

കേസിലെ രണ്ടാം പ്രതി പ്രമോദിന് മാന്നാര്‍ സ്വദേശി മഹേഷ് വാടകക്ക് കൊടുത്തതായിരുന്നു ഈ കാര്‍. പിന്നീട് വിറ്റ കാര്‍ പല ഉടമകള്‍ മാറിയാണ് കൊല്ലത്തെത്തിയത്. കാര്‍ കോടതിയില്‍ ഹാജരാക്കി. കലയുടെ ഭര്‍ത്താവ് അനിലിന് വേണ്ടിയാണ് പ്രമോദ് ഈ കാര്‍ വാടകക്കെടുത്തതെന്ന് പോലീസ് കണ്ടെത്തി. പ്രദേശത്ത് കാര്‍ വാടകക്ക് കൊടുക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മഹേഷിലെത്തിയത്.

ഇസ്രാഈലിലുള്ള ഒന്നാം പ്രതി അനിലിനെ നാട്ടിലെത്തിച്ചെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കൂവെന്നതിനാല്‍ അനിലിന്റെ വരവും പ്രതീക്ഷിച്ചാണ് പോലീസിന്റെ കാത്തിരിപ്പ്. ചെങ്ങന്നൂര്‍ ഡിവൈ. എസ് പി ബിനുകുമാര്‍, മാന്നാര്‍ സി ഐ അനീഷ് എ, അമ്പലപ്പുഴ സി ഐ പ്രതീഷ് എന്നിവരുള്‍പ്പെട്ട ഇരുപതോളം പോലീസ് സംഘമാണ് കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.

കലയുടെ ഭര്‍ത്താവ് ചെന്നിത്തല ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ അനിലിനെ (45) ഒന്നാം പ്രതിയും അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചെന്നിത്തല ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ ജിനു ഗോപി (48), കണ്ണമ്പള്ളില്‍ സോമരാജന്‍ (55), കണ്ണമ്പള്ളില്‍ പ്രമോദ് (45) എന്നിവര്‍ രണ്ട് മുതല്‍ നാല് വരെ പ്രതികളായുമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതില്‍ അനിലൊഴികെയുള്ള അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്.

കലയെ അനുനയിപ്പിച്ച് കാറില്‍ കൂട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ അനില്‍ മറ്റ് പ്രതികളുടെ സഹായത്തോടെ സെപ്ടിക് ടാങ്കില്‍ തള്ളിയെന്ന നിഗമനത്തില്‍ ജൂലൈ രണ്ടിന് അനിലിന്റെ വീട്ടിലെ സെപ്ടിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയെങ്കിലും വ്യകതമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

Latest