Connect with us

Aksharam Education

ആകാശം തൊട്ട കലാം

ഒക്ടോബര്‍ 15 എ പി ജെ അബ്ദുല്‍ കലാം ജന്മദിനം

Published

|

Last Updated

ജീവിതത്തില്‍ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേണം. എങ്കില്‍ മാത്രമേ വിജയം നേടുമ്പോള്‍ അത് ആസ്വദിക്കാന്‍ പറ്റുകയുള്ളൂ. കോടിക്കണക്കിന് ജനങ്ങളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ വാക്കുകളാണിത്. തന്റെ ജീവിതം മുഴുവന്‍ രാഷ്ട്രത്തിനായാണ് അദ്ദേഹം ഉഴിഞ്ഞുവെച്ചത്. ഇന്ത്യയുടെ കരുത്ത് എന്താണെന്ന് ചോദിച്ചാല്‍ അത് കുട്ടികളും യുവാക്കളുമാണെന്ന് പറഞ്ഞ കലാമിനെ, അദ്ദേഹത്തിന്റെ ജീവിതത്തെ അറിയാം.

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ രാമേശ്വരത്തെ കൊച്ചുവീട്ടിലാണ് 1931 ഒക്ടോബര്‍ 15ന് അബ്ദുല്‍ കലാം ജനിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് ചെറുബോട്ടുകള്‍ വാടകക്ക് കൊടുത്തിരുന്ന അവുല്‍ ഫക്കീര്‍ ജൈനുലാബ്്ദീന്റെയും ആഷിയാമ്മയുടെയും ഏഴ് മക്കളില്‍ ഏറ്റവും ഇളയയാള്‍.

കഠിനാധ്വാനിയും സ്നേഹസമ്പന്നനുമായ പിതാവായിരുന്നു കലാമിന്റെ ആദ്യ വഴികാട്ടി. വലിയ കാര്യങ്ങള്‍ ലളിതമായി അദ്ദേഹം കൊച്ചു കലാമിന് പറഞ്ഞുകൊടുത്തു.
ചെറുപ്പത്തില്‍ കലാമിനെ സ്വാധീനിച്ച മറ്റൊരു വ്യക്തിയാണ് അഹമ്മദ് ജലാലുദ്ദീന്‍ എന്ന കോണ്‍ട്രാക്ടര്‍. പത്താം വയസ്സില്‍ ശിവസുബ്രഹ്‌മണ്യ അയ്യര്‍ എന്ന ശാസ്ത്ര അധ്യാപകന്റെ വാക്കുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കലാം ഊര്‍ജതന്ത്രത്തെ സ്നേഹിച്ചു തുടങ്ങി. ആകാശസ്വപ്നം കണ്ട് നടന്ന പയ്യന്‍ അങ്ങനെ ബഹിരാകാശത്തോളം വളര്‍ന്നു.

കലാമിന്റെ വഴികാട്ടികള്‍

കാലം പിന്നെയും കലാമിന് വഴി കാട്ടികൊണ്ടേയിരുന്നു. ഷ്വാര്‍ട്സ് സ്‌കൂളിലെ പഠനത്തിന് ശേഷം ഇന്റര്‍മീഡിയറ്റിന് ചേര്‍ന്ന ട്രിച്ചി സെന്റ് ജോസഫ്സ് കോളജില്‍ കലാമിന്റെ പ്രിയ അധ്യാപകനായിരുന്നു ഫാ. ടി എന്‍ സെക്യൂറ. ഓരോ വിദ്യാര്‍ഥിയുടെയും ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധിച്ച അദ്ദേഹത്തിന്റെ ക്ഷമയും ദയയും കലാമിനെ ഏറെ ആകര്‍ഷിച്ചു.
തന്നെ സ്വാധീനിച്ച വ്യക്തികളില്‍ ഗണിതശാസ്ത്രം പഠിപ്പിച്ചിരുന്ന പ്രൊഫ. സൂര്യനാരായണ ശാസ്്ത്രിയെയും കുറിച്ച് കലാം പില്‍ക്കാലത്ത് എഴുതിയിട്ടുണ്ട്. ഫിസിക്സ് അധ്യാപകരായിരുന്ന പ്രൊഫ. ചിന്ന ദുരൈ, പ്രൊഫ. കൃഷ്ണമൂര്‍ത്തി എന്നീ അധ്യാപകരുടെ ക്ലാസ്സുകള്‍ കലാമിലെ ശാസ്ത്രത്തെ ഉണര്‍ത്തി. ഫിസിക്സ് തന്റെ മേഖലയല്ലെന്ന് മനസ്സിലാക്കിയ കലാമിന് എന്‍ജിനീയറിംഗ് പഠനത്തിന് പ്രശസ്തമായ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അഡ്മിഷന്‍ ലഭിച്ചു. എന്നാല്‍ അവിടെ പഠിക്കാനുള്ള പണം കലാമിന്റെ പക്കലില്ലായിരുന്നു. സഹോദരി സുഹറയാണ് പഠിക്കാനുള്ള പണം നല്‍കിയത്.

എം ഐ ടിയില്‍

കലാമിനെ ലോകമറിയുന്ന ശാസ്ത്രജ്ഞനാക്കിയതില്‍ മുഖ്യ പങ്കു വഹിച്ച സ്ഥാപനമാണ് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. സ്‌കോളര്‍ഷിപ്പിന് അര്‍ഹനായിരുന്ന കലാം എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗാണ് തിരഞ്ഞെടുത്തത്. താഴ്ന്നുപറന്നു ആക്രമണം നടത്താന്‍ പറ്റിയ ഒരു വിമാനം രൂപകല്‍പ്പന ചെയ്യുന്നതിന്റെ ദൗത്യം കലാമിനും നാല് സഹപാഠികള്‍ക്കുമായിരുന്നു. ദൗത്യം പൂര്‍ത്തിയാക്കിയത് പരിശോധിച്ച് തൃപ്തനാവാത്ത പ്രൊഫ. ശ്രീനിവാസന്‍ എല്ലാം മാറ്റി ചെയ്യാന്‍ ആവശ്യപ്പെട്ടു. ജോലി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സ്‌കോളര്‍ഷിപ്പ് നിര്‍ത്തുമെന്ന ഭീഷണിയും. ഒരു നിമിഷം പോലും പാഴാക്കാതെ കലാം ജോലി തുടങ്ങി. മൂന്നാം ദിവസം പരിശോധനക്ക് എത്തിയ പ്രൊഫസര്‍ അത്ഭുതപ്പെട്ടു. അത്ര മികച്ച ഡിസൈനായിരുന്നു കലാം സൃഷ്ടിച്ചത്. ബഹിരാകാശ ശാസ്ത്രജ്ഞനിലേക്കുള്ള കുതിപ്പായിരുന്നു അത്.

‘നന്ദി’യുടെ ശില്‍പ്പി

ഒരു ഹോവര്‍ക്രാഫ്റ്റ് നിര്‍മിക്കുക, ബെംഗളൂരുവിലെ എയ്റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ കലാമിനെ കാത്തിരുന്ന ദൗത്യം അതായിരുന്നു. കരയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ പറ്റുന്ന വായുവിനെക്കാള്‍ ഭാരം കൂടിയ ഒരു പറക്കുന്ന യന്ത്രം-അതാണ് ഹോവര്‍ക്രാഫ്റ്റ്. കലാമിന്റെ നേതൃത്വത്തില്‍ അഞ്ച് പേരടങ്ങിയിരുന്നതായിരുന്നു ടീം. നോക്കിപഠിക്കാനാണെങ്കില്‍ മുന്‍മാതൃകകളുമില്ല. എങ്കിലും കലാമും കൂട്ടരും ധൈര്യപൂര്‍വം ആ വെല്ലുവിളി ഏറ്റെടുത്തു. ഘട്ടം ഘട്ടമായി സംഗതികള്‍ പുരോഗമിച്ചു. പ്രതിരോധമന്ത്രി വി കെ കൃഷ്ണമേനോന്‍ കലാമില്‍ വലിയ വിശ്വാസമര്‍പ്പിച്ചിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് പരീക്ഷണശാലയിലെത്തി സംഗതികള്‍ കണ്ടപ്പോള്‍ പദ്ധതി വിജയിക്കുമെന്ന് മന്ത്രിക്ക് ഉറപ്പായി. ‘നന്ദി’ അതായിരുന്നു കലാമും കൂട്ടരും ആ വാഹനത്തിനിട്ട പേര്.

തുമ്പയിലേക്ക്

ഡോ. വിക്രം സാരാഭായ് അടക്കമുള്ള പ്രഗത്ഭരായിരുന്നു ഇന്‍കോസ്പാറിലെ ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്നത്. കലാമിന്റെ കഴിവുകള്‍ മനസ്സിലാക്കിയ അവര്‍ അദ്ദേഹത്തെ എന്‍ജിനീയര്‍ ആയി നിയമിച്ചു. 1962ല്‍ തിരുവനന്തപുരത്തെ തുമ്പയില്‍ ‘ഇന്‍ക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷന്‍’ സ്ഥാപിക്കാന്‍ ഇന്‍കോസ്പാര്‍ തീരുമാനം എടുത്തതോടെ കലാം തുമ്പയിലെത്തി. ഇവിടെ നിന്നാണ് അദ്ദേഹം അന്തരീക്ഷ നിരീക്ഷണത്തിനുള്ള സൗണ്ടിംഗ് റോക്കറ്റുകളെ കുറിച്ചുള്ള പരിശീലനത്തിനായി നാസയിലേക്ക് പോയത്.
അവിടെയെത്തിയ കലാം വെള്ളക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന റോക്കറ്റിന്റെ ചിത്രം കണ്ട് അത്ഭുതപ്പെട്ടുപ്പോയി. ടിപ്പുവിന്റെ ‘മൈസൂര്‍ റോക്കറ്റ്’ ആയിരുന്നു അത്. ടിപ്പുവിന്റെ നാട്ടുകാരനായതിനാല്‍ അഭിമാനം തോന്നി. 1963ല്‍ നാസയില്‍ നിന്ന് തിരിച്ചെത്തിയ കലാമിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആദ്യമായി ആ നവംബറില്‍ ‘നിക്കി അപ്പാച്ചെ’ എന്ന റോക്കറ്റ് വിക്ഷേപിച്ചു.

എസ് എല്‍ വി

ബഹിരാകാശത്ത് ഉപഗ്രഹം നിര്‍മിക്കുന്നതിന് ഇന്ത്യക്ക് സ്വന്തമായൊരു വാഹനം ആവശ്യമാണെന്ന് വിക്രം സാരാഭായിക്ക് അറിയാമായിരുന്നു. സാറ്റലൈറ്റ് വെഹിക്കിള്‍ (എസ് എല്‍ വി) എന്ന ഉപഗ്രഹ വിക്ഷേപണി നിര്‍മിക്കാന്‍ ഐ എസ് ആര്‍ ഒ പദ്ധതിയിട്ടു. ഈ പദ്ധതിക്കായി 275 ഗവേഷകരെ കലാം ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് 50 പേരെ മാത്രമായിരുന്നു. പലപ്പോഴും ഓഫീസില്‍ തന്നെയായിരുന്നു കലാമിന്റെ ഉറക്കം. സാരാഭായി സ്‌പേസ് സെന്ററിലും ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലുമൊക്കെയായി തയ്യാറെടുപ്പുകള്‍ പുരോഗമിച്ചു. 1974 ജൂലൈ 24ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപനത്തോടെ രാജ്യം ആവേശത്തിലായി. അങ്ങനെ ആ ദിവസം വന്നെത്തി. 1979 ആഗസ്ത് പത്തിന് രാവിലെ 7.58 ശ്രീഹരികോട്ടയില്‍ നിന്ന് എസ് എല്‍ വി കുതിച്ചുയര്‍ന്നെങ്കിലും 317 സെക്കന്‍ഡിന് ശേഷം അതിന്റെ നിയന്ത്രണം നഷ്ടമായി. തോറ്റു പിന്മാറാന്‍ കലാം ഒരുക്കമായിരുന്നില്ല. ഒരു വര്‍ഷത്തിന് ശേഷം 1980 ജൂലൈ 28ന് എസ് എല്‍ വി 3 വിജയക്കുതിപ്പ് നടത്തി. സ്‌പേസ് ക്ലബ്ബിലേക്കുള്ള ഇന്ത്യയുടെ പ്രവേശനമായിരുന്നു അത്.

രാഷ്ട്രപതിഭവനിലേക്ക്

ഡോ. അബ്ദുല്‍ കലാം പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന കാലം. ഒരിക്കല്‍ അണ്ണാ സര്‍വകലാശലയില്‍ ക്ലാസ്സ് എടുത്തുക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന് പ്രധാനമന്ത്രി വാജ്പേയിയുടെ ഫോണ്‍ വന്നു. അദ്ദേഹം കലാമിനോട് ആവശ്യപ്പെട്ടത് ഇന്ത്യയുടെ രാഷ്ട്രപതി ആവുക എന്നതായിരുന്നു. തീരുമാനം എടുക്കാന്‍ ഒരു മണിക്കൂര്‍ സമയം ചോദിച്ച കലാം, തന്റെ സുഹൃത്തുക്കളോടും വിദ്യാര്‍ഥികളോടും ഈ കാര്യം പങ്കു വെച്ചു. ആ പദവി ഏറ്റെടുക്കണം എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. അങ്ങനെ 2002 ജൂലൈ 19ന് കെ ആര്‍ നാരായണന്റെ പിന്‍ഗാമിയായി ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേറ്റു.
എതിരാളിയായി മത്സരിക്കാന്‍ മലയാളിയായ ക്യാപ്റ്റന്‍ ലക്ഷ്മിയുമുണ്ടായിരുന്നു. രാഷ്ട്രപതിയാവുന്ന ആദ്യത്തെ ശാസ്ത്രജ്ഞനും അവിവാഹിതനുമായിരുന്നു കലാം. മറ്റ് രാഷ്ട്രപതിമാരില്‍ നിന്ന് വ്യത്യസ്തന്‍. രാഷ്ട്രപതി ഭവനത്തിന്റെ വാതിലുകള്‍ അദ്ദേഹം സന്ദര്‍ശകര്‍ക്കായി തുറന്നിട്ടു. 2017 ജൂലൈ 27ന് വൈകിട്ട് 6:30ന് ഷില്ലോംഗ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രഭാഷണം നടത്തുന്നതിനിടെ കുഴഞ്ഞുവീണാണ് ഈ ലോകത്തോട് വിടപറഞ്ഞത്. രാജ്യത്തിന് നഷ്ടമായത് അതുല്യ പ്രതിഭയെ.

 

 

Latest