Connect with us

Articles

വാതം കുറുന്തോട്ടിക്ക് തന്നെ

പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ സജീവ ശ്രദ്ധയാവശ്യപ്പെടുന്നുണ്ട് 1961ലെ കണ്‍ടക്റ്റ് ഓഫ് ഇലക്്ഷന്‍ റൂള്‍സിന് കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി. തിരഞ്ഞെടുപ്പുകളുടെ സുതാര്യതയെ കാര്യമായി ബാധിക്കുന്ന ഭേദഗതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ധൃതിപിടിച്ച ശിപാര്‍ശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാഹചര്യവും സംശയങ്ങളുയര്‍ത്തുന്നതാണ്.

Published

|

Last Updated

രാജ്യത്തെ തിരഞ്ഞെടുപ്പുകളെ നിര്‍ണായകമായി സ്വാധീനിക്കുന്ന സമീപകാല നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ്സ് പോയവാരം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ സജീവ ശ്രദ്ധയാവശ്യപ്പെടുന്നുണ്ട് 1961ലെ കണ്‍ടക്റ്റ് ഓഫ് ഇലക്്ഷന്‍ റൂള്‍സിന് കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി. തിരഞ്ഞെടുപ്പുകളുടെ സുതാര്യതയെ കാര്യമായി ബാധിക്കുന്ന ഭേദഗതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ധൃതിപിടിച്ച ശിപാര്‍ശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാഹചര്യവും സംശയങ്ങളുയര്‍ത്തുന്നതാണ്.
1961ലെ കണ്‍ടക്റ്റ് ഓഫ് ഇലക്്ഷന്‍ റൂള്‍സിലെ 93(2) വകുപ്പ് പ്രകാരം ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ രേഖകളും തിരഞ്ഞെടുപ്പ് കേസിലെ ഹരജിക്കാരനായ മഹ്മൂദ് പ്രാചക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറണമെന്ന ഉത്തരവ് പഞ്ചാബ് – ഹരിയാന ഹൈക്കോടതി പ്രഖ്യാപിച്ചപ്പോഴാണ് ഭേദഗതിക്കുള്ള തിരക്കിട്ട നീക്കങ്ങളുണ്ടായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റെല്ലാ രേഖകളും പൊതുജന പരിശോധനക്ക് ലഭ്യമായിരിക്കുമെന്നായിരുന്നു ഭേദഗതിക്ക് മുമ്പുണ്ടായിരുന്ന 93(2)(എ) വകുപ്പ്. തിരഞ്ഞെടുപ്പിന് ഉപയോഗിക്കാത്തവയെക്കുറിച്ചുള്ള, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ സൂക്ഷിക്കേണ്ട രേഖകളാണ് മേല്‍ചൊന്ന വകുപ്പില്‍ സൂചിപ്പിക്കുന്ന പൊതുജന പരിശോധനക്ക് ലഭ്യമല്ലാത്ത രേഖകളെന്ന് സാമാന്യമായി പറയാം. അതല്ലാത്തതെല്ലാം അറിയാനുള്ള അവകാശമുണ്ട് വോട്ടര്‍മാര്‍ക്കെങ്കില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയോടെ ചിത്രം മാറി. ഈ റൂളുകളില്‍ വ്യക്തമാക്കിയിട്ടുള്ള മറ്റെല്ലാ രേഖകളും പൊതുജന പരിശോധനക്ക് ലഭ്യമായിരിക്കുമെന്ന ഭേദഗതി ലളിത വാക്യമാണ്. പക്ഷേ അര്‍ഥവ്യാപ്തിയുണ്ടതിന്.
ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രധാന രേഖകളില്‍ പലതും കണ്‍ടക്റ്റ് ഓഫ് ഇലക്്ഷന്‍ റൂള്‍സില്‍ പറയുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ യഥാസമയം പരിഷ്‌കരിച്ച് പ്രസിദ്ധീകരിക്കുന്ന കൈപുസ്തകത്തിലും മാന്വലിലും അവ പരാമര്‍ശിക്കുന്നുമുണ്ട്. തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതില്‍ നിര്‍ണായകമായ അത്തരം രേഖകള്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് മേലില്‍ അവകാശമുണ്ടാകില്ലെന്ന് പറയുന്ന ഭേദഗതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉണ്ടായതാണെന്നിരിക്കെ വാതം കുറുന്തോട്ടിക്കാണെന്ന് വേണം മനസ്സിലാക്കാന്‍. സ്വതന്ത്രവും നിഷ്പക്ഷവുമായി തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവാദിത്വമുള്ള ഭരണഘടനാ സ്ഥാപനം അതില്‍ വലിയ വിട്ടുവീഴ്ച ചെയ്യുന്നത് ആര്‍ക്കു വേണ്ടിയാണെന്ന ചോദ്യം ഉയരേണ്ടതുണ്ട്.

തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ഒരുപിടി നിര്‍ണായക രേഖകളെക്കുറിച്ചുള്ള വിവരണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈപുസ്തകത്തിലും മാന്വലിലും ഉണ്ടായിരിക്കെ അതൊന്നും രാജ്യത്തെ പൗരന്‍മാരായ വോട്ടര്‍മാര്‍ അറിയേണ്ടെന്ന് പറയുന്ന ഭേദഗതി തിരഞ്ഞെടുപ്പിന്റെ സുതാര്യതക്ക് വേണ്ടിയുള്ളതല്ലെന്ന് കട്ടായം. തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ സമര്‍പ്പിക്കുന്ന റിപോര്‍ട്ടുകള്‍, പോളിംഗിന് ശേഷം റിട്ടേണിംഗ് ഓഫീസര്‍മാര്‍ സമര്‍പ്പിക്കുന്ന സൂക്ഷ്മ പരിശോധനാ റിപോര്‍ട്ടുകള്‍, ഫലപ്രഖ്യാപനത്തിന് ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയക്കുന്ന ഇന്‍ഡക്‌സ് കാര്‍ഡ്, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദമായ സ്ഥിതിവിവര കണക്ക് എന്നിവയെല്ലാം പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാത്ത തിരഞ്ഞെടുപ്പ് രേഖകളില്‍ പെട്ടതാണ്.
1961ലെ കണ്‍ടക്റ്റ് ഓഫ് ഇലക്്ഷന്‍ റൂള്‍സിലെ വകുപ്പ് 93(2) പ്രകാരം ഫോം 17 സിയുടെ കോപ്പികള്‍ക്കായി കഴിഞ്ഞ മെയ് മാസത്തില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ പോലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചിട്ടില്ലെന്ന് ആക്ടിവിസ്റ്റായ അഞ്ജലി ഭരദ്വാജ് ഈയിടെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളടങ്ങിയ രേഖകളാണ് ഫോം സി. സ്ഥാനാര്‍ഥിയുടെ പോളിംഗ് ഏജന്റിന് ലഭ്യമാക്കുന്നതാണത്. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിയമപരമായി ഹാജരാക്കേണ്ട രേഖയുമാണത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് 2024ലേക്കെത്തിയപ്പോള്‍ ഉണ്ടായ വലിയ മാറ്റങ്ങളിലൊന്ന് തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ കുറഞ്ഞു എന്നതാണ്. മഹാരാഷ്ട്രയില്‍ നിന്ന് ഇ വി എം ഹാക്കിംഗ് ആരോപണമുയര്‍ന്നിരുന്നു എന്നത് മാറ്റിവെച്ചാല്‍ കാര്യമായ പരാതികളുണ്ടായിരുന്നില്ല. എന്നാല്‍ തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെപ്രതി ഗുരുതര ക്രമക്കേട് ആക്ഷേപങ്ങളാണ് ഉയര്‍ന്നുവന്നത്. വോട്ട് ചെയ്തവരുടെ എണ്ണത്തിലെയും പോളിംഗ് ശതമാനത്തിലെയും പൊരുത്തക്കേടുകളായിരുന്നു വിവാദങ്ങളുടെ കേന്ദ്രബിന്ദു. അത്തരം ആക്ഷേപങ്ങളെല്ലാം പൂര്‍ണമായും തള്ളുകയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നത് ശ്രദ്ധേയമാണ്. അതേ കമ്മീഷനാണ് വോട്ട് ചെയ്തവരുടെ എണ്ണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മേലില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതില്ലെന്ന ഉള്ളടക്കമുള്ള ഭേദഗതിക്കായി തുനിഞ്ഞിറങ്ങിയത്. ഇലക്്ഷന്‍ പ്രിസൈഡിംഗ് ഓഫീസറുടെ ഡയറിയില്‍ പോളിംഗ് ദിവസത്തെ വ്യത്യസ്ത സമയങ്ങളിലെ വോട്ടിംഗ് നിലയെക്കുറിച്ചുള്ള വിശദ വിവരമുണ്ടാകും. പോളിംഗ് സമയത്തിന് ശേഷം ക്യൂവിലുള്ള വോട്ടര്‍മാര്‍ക്ക് നല്‍കിയ ടോക്കണുകളുടെ എണ്ണവുമുണ്ടാകും. ഈ വിവരങ്ങളൊക്കെ തന്നെയല്ലേ സുതാര്യമായാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് നമ്മോട് പറയുന്നത്. എന്നാല്‍ കണ്‍ടക്റ്റ് ഓഫ് ഇലക്്ഷന്‍ റൂള്‍സില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെന്നതിനാല്‍ പുതിയ ഭേദഗതി പ്രകാരം വോട്ടര്‍മാര്‍ക്ക് അതൊന്നും അറിയാനുള്ള അവസരമുണ്ടാകില്ല. മേൽച്ചൊന്നത് ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കുന്ന റിട്ടേണുകളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതാണ് 1961ലെ കണ്‍ടക്റ്റ് ഓഫ് ഇലക്്ഷന്‍ റൂള്‍സിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി.
സി സി ടി വി ദൃശ്യങ്ങള്‍, വെബ്കാസ്റ്റിംഗ്, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലയളവിലെ സ്ഥാനാര്‍ഥികളുടെ വീഡിയോ ദൃശ്യങ്ങള്‍ എന്നിവ കണ്‍ടക്റ്റ് ഓഫ് ഇലക്്ഷന്‍ റൂള്‍സില്‍ പെടുന്നില്ലെന്നിരിക്കെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന തിരഞ്ഞെടുപ്പ് രേഖകളില്‍ അവയും ഉണ്ടാകില്ല.

കണ്‍ടക്റ്റ് ഓഫ് ഇലക്്ഷന്‍ റൂള്‍സില്‍ പറയുന്ന തിരഞ്ഞെടുപ്പ് രേഖകളില്‍ ഇലക്ട്രോണിക് റെക്കോര്‍ഡ്‌സ് പ്രത്യേകം പറയാത്തതിനാലുള്ള അനിശ്ചിതത്വം ഒഴിവാക്കാനാണ് പുതിയ ഭേദഗതിയെന്ന് ന്യായം ചമയ്ക്കുന്നുണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിംഗ് സ്റ്റേഷന് അകത്തെ സി സി ടി വി ദൃശ്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ദുരുപയോഗം ചെയ്യാനുള്ള സാധ്യത നിലനില്‍ക്കെ വോട്ട് ചെയ്യുന്നതിലെ സ്വകാര്യത ഇല്ലാതാകുമെന്നും സി സി ടി വി ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത് ജമ്മു കശ്മീര്‍, നക്‌സല്‍ ബാധിത പ്രദേശങ്ങള്‍ തുടങ്ങിയ പ്രശ്‌ന മേഖലകളിലെ വോട്ടര്‍മാരുടെ ജീവന് ഭീഷണി ഉയര്‍ത്തുമെന്നെല്ലാം വിശദീകരിക്കുന്നുണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അതൊക്കെ ശരിയായിരിക്കാം. ദുരുപയോഗ സാധ്യതകളെ അടക്കാനുള്ള നടപടികളാണ് അതിന് വേണ്ടത്. എലിയെ പേടിച്ച് ഇല്ലം ചുടാന്‍ വയ്യല്ലോ.
ഇന്ത്യയെ പോലുള്ള ജനാധിപത്യ ഭരണക്രമത്തിനകത്ത് സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതില്‍ നിന്ന് ഒരടി പിന്നാക്കം പോകാനാകില്ല തിരഞ്ഞെടുപ്പ് കമ്മീഷന്. “ഇ വി എം ഇന്ത്യ’ ഒരു ഹാക്കിംഗിനും പിടികൊടുക്കാത്തത്ര സുശക്തമാണെന്ന് രായ്ക്കുരാമാനം വാദിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന് നടേപറഞ്ഞ സാങ്കേതിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാകേണ്ടതുണ്ട്. എന്തെല്ലാം പറഞ്ഞാലും കണ്‍ടക്റ്റ് ഓഫ് ഇലക്്ഷന്‍ റൂള്‍സിലെ ഭേദഗതിക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുമ്പെട്ടിറങ്ങിയ സന്ദര്‍ഭം ചില സംശയങ്ങള്‍ ബാക്കിയാക്കുന്നുണ്ട്.

---- facebook comment plugin here -----

Latest