Uae
മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമരമാര്‍ഗ്ഗമായി മാറിയിരിക്കുന്നു; അശോകന്‍ ചരുവില്‍
ഇന്നത്തെ കാലഘട്ടത്തില്‍ എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി മനുഷ്യനില്‍ നിന്നും ഭാഷയെ നിര്‍മ്മിക്കാന്‍ കഴിയുന്ന വിധത്തില്‍ അവന്റെ അനുഭവങ്ങളെ സ്വാംശീകരിക്കുക എന്നതാണ്
അബൂദബി| മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ഒരു സമരമാര്‍ഗ്ഗമായി മാറിയിരിക്കുന്നുവെന്ന് പുരോഗമന കലാ സാഹിത്യ സംഘം വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ അഭിപ്രായപ്പെട്ടു. അബൂദബി കേരള സോഷ്യല്‍ സെന്ററും യുഎഇ എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷരക്കൂട്ടവും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ അനുഭവങ്ങള്‍ നിരാകരിക്കുക എന്ന തന്ത്രമാണ് ലോകത്തിലെ സാമ്പത്തിക മേധാവികള്‍ സാമാന്യ മനുഷ്യര്‍ക്ക് നേരെ എടുത്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ തന്ത്രം. അവനെ സ്വന്തം അനുഭവങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി ഏതോ ഒരു മിഥ്യാലോകത്തിലേക്ക് കൊണ്ടുപോയി അവരുടെ ഉപകരണമാക്കുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ എഴുത്തുകള്‍ കൊണ്ടും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടും മാത്രമേ സാധ്യമാകൂ. ഇന്നത്തെ കാലഘട്ടത്തില്‍ എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി മനുഷ്യനില്‍ നിന്നും ഭാഷയെ നിര്‍മ്മിക്കാന്‍ കഴിയുന്ന വിധത്തില്‍ അവന്റെ അനുഭവങ്ങളെ സ്വാംശീകരിക്കുക എന്നതാണ് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
പ്രവാസ ലോകത്തിരുന്നുകൊണ്ട് കേരളത്തെ നോക്കിക്കാണുമ്പോഴുണ്ടാകുന്ന ഗൃഹാതുരമായ സൗന്ദര്യം ഒരു കാലഘട്ടത്തില്‍ മലയാള സാഹിത്യത്തിന്റെ ഗംഭീരമായ ഒരു ചൈതന്യമായി പരിഗണിച്ചിരുന്നു. അത്തരം രചനകളായിരുന്നു എം. മുകുന്ദന്റെയും ഒ.വി. വിജയന്റെയും കാക്കനാടന്റെയും എംപി നാരായണപ്പിള്ളയുടേയുമെല്ലാം രചനകള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസ സാഹിത്യം എന്ന രീതിയില്‍ കാണേണ്ട ആവശ്യമില്ലാത്ത രീതിയില്‍ ഒരു ആഗോളസ്വഭാവം പ്രവാസ സാഹിത്യത്തിന് കൈവരിക്കാന്‍ പുതിയ കാലത്ത് കഴിഞ്ഞിട്ടുണ്ടെന്ന് പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് റഫീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. ലോകങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് പ്രവാസ സാഹിത്യം എന്നതിന്റെ രൂപഭാവങ്ങളില്‍ ആദ്യകാലത്തേതില്‍ നിന്നും വളരെയേറെ മാറ്റം സംഭവിച്ചിരിക്കുന്നു, നാട്ടില്‍ നടക്കുന്നതിനേക്കാള്‍ സജീവമായ സാഹിത്യ ചര്‍ച്ചയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സാമൂഹ്യമായ ഇടപെടലുകളും നടക്കുന്നത് പ്രവാസലോകത്താണ് എന്നത് ഏറെ ആഹ്ലാദം പകരുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം നോവല്‍, കഥ, കവിത, റേഡിയൊ, മൈഗ്രേഷന്‍ ആന്റ് മോഡേനിറ്റി എന്നീ വിഷയങ്ങളെ അധികരിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. അശോകന്‍ ചരുവില്‍, റഫീഖ് അഹമ്മദ്, സ്മിത നെരവത്ത്, കെ.പി.കെ വെങ്ങര, സര്‍ജു ചാത്തന്നൂര്‍, കുഴൂര്‍ വിത്സന്‍, കമറുദ്ദീന്‍ ആമയം, പി ശിവപ്രസാദ് എന്നിവര്‍ ‘ഒരു നോവല്‍ എങ്ങിനെ തുടങ്ങുന്നു,’ ‘മലയാളകവിതയുടെ ഭൂമിക’, ‘ചെറുകഥ പ്രമേയത്തിലേക്കുള്ള വേറിട്ട വഴികള്‍,’ ‘ശബ്ദം സഞ്ചരിച്ച ദൂരങ്ങള്‍’ എന്നീ വിഷയങ്ങളെ അധികരിച്ചു സംസാരിച്ചു.
നാല് വിഭാഗമായി നടന്ന ശില്പശാലയില്‍ ഇ കെ ദിനേശന്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സെക്രട്ടറി നാസര്‍ വിളഭാഗം, വെള്ളിയോടന്‍, ഒമര്‍ ഷരീഫ് എന്നിവര്‍ മോഡറേറ്ററായി. പ്രിയ ശിവദാസ്, റഷീദ് പാലക്കല്‍, മൊഹമ്മദാലി, രമേശ് പെരിമ്പിലാവ്, അസി, ഹമീദ് ചങ്ങരംകുളം, അനന്ത ലക്ഷ്മി, എം സി നവാസ്, എന്നിവര്‍ വിവിധ എഴുത്തുകാരുടെ നോവലും, കഥയും, കവിതയും ഹ്രസ്വമായി അവതരിപ്പിച്ചു. ശില്പശാലയില്‍ കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഹിശാം സെന്‍ നന്ദിയും പറഞ്ഞു.