Connect with us

From the print

പൊതുഭരണത്തിലും ഇനി നിർമിത ബുദ്ധി

വ്യവസായ നയത്തിൽ എ ഐ മുൻഗണനാ വിഷയമാകും

Published

|

Last Updated

കൊച്ചി | സംസ്ഥാന സർക്കാറിന്റെയും വിവിധ ഏജൻസികളുടെയും പദ്ധതികളിലും നിർവഹണത്തിലും നിർമിത ബുദ്ധി (എ ഐ) ഉപയോഗം വ്യാപകമാക്കാൻ തീരുമാനം. സംസ്ഥാനത്തിന്റെ വ്യവസായ നയത്തിൽ എ ഐ ഇനി മുൻഗണനാ വിഷയമാകും. എ ഐ സംരംഭങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, അസ്സോസിയേഷനുകൾ, സർക്കാർ ഏജൻസികൾ എന്നിവയെ കൂട്ടിയിണക്കി ടെക്‌നോളജി സംഘങ്ങൾക്ക് രൂപം നൽകാനും തത്ത്വത്തിൽ ധാരണയായി. മറൈൻ ജീനോം സീക്വൻസിംഗ്, ടൂറിസം, ആരോഗ്യം, ഐടി- ഐടി അനുബന്ധ മേഖലകൾ എന്നിവയെല്ലാം ഇനി നിർമിത ബുദ്ധിയിൽ അധിഷ്ഠിതമാക്കും. നവകേരള നിർമാണത്തിന് ഊർജം പകരാനായി സംരംഭങ്ങളെ കൈപിടിച്ചുയർത്തുന്ന “മിഷൻ 1,000′ പദ്ധതി പ്രകാരമുള്ള കമ്പനികളെ എ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ നടത്തും.

നാല് വർഷംകൊണ്ട് 1,000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങളാക്കി മാറ്റുന്ന സർക്കാർ പരിപാടിയുടെ ഡാറ്റാബേസ് ഇനി മുതൽ എ ഐ ഉപയോഗിച്ച് വിശകലനം ചെയ്യാനും വ്യവസായ വകുപ്പ് തീരുമാനിച്ചു. സംരഭങ്ങൾക്കുള്ള അപേക്ഷാ ഫോമുകൾ, നിക്ഷേപ സംശയനിവാരണം, വിവിധ ഏജൻസികളുടെ അനുമതികൾ എന്നിവയുടെ ഓൺലൈൻ സംവിധാനത്തിൽ എ ഐ ടൂളുകൾ സംയോജിപ്പിക്കും. അസാപ്, ഡിജിറ്റൽ സർവകലാശാല, കെ ടി യു, കുസാറ്റ് എന്നിവയുടെ സഹകരണത്തോടെ വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് എ ഐയിൽ നൈപുണി പരിശീലനം നൽകും.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ എ ഐ ക്ലസ്റ്റർ വ്യവസായ പാർക്ക് സ്ഥാപിക്കും. ഗ്രാഫിക്‌സ് പ്രൊസസ്സിംഗ് സെന്ററുകൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയുണ്ടാകും. പ്ലഗ് ആൻഡ് പ്ലേ സംവിധാനമുള്ള ഇൻകുബേഷൻ സംവിധാനവും നിക്ഷേപകരുടെ സഹായത്തോടെ സ്ഥാപിക്കും. എ ഐ മേഖലയിലെ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായി പങ്കാളിത്ത മൂലധനത്തിന് സർക്കാർ സഹായം നൽകും. പത്ത് കോടി രൂപയിൽ കുറഞ്ഞ മൂലധനമുള്ള എ ഐ സംരംഭങ്ങൾക്ക് കെ എസ് ഐ ഡി സി പങ്കാളിത്ത മൂലധന നിക്ഷേപമെന്ന നിലയിൽ അഞ്ച് കോടി രൂപയാണ് നൽകുക. ഇതിന് പുറമെ വ്യവസായ നയത്തിന്റെ ഭാഗമായി ഒരു കോടി രൂപ സ്‌കെയിലപ് ഗ്രാന്റും ലഭ്യമാക്കും. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിലും കൺസൾട്ടിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ ഐ ബി എമ്മുമായുള്ള സഹകരണം വ്യാപിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ, അധ്യാപക സമൂഹം എന്നിവർക്കിടയിൽ എ ഐ പരിശീലന പരിപാടികൾ ഐ ബി എമ്മുമായി ചേർന്ന് നടത്തും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest