Uae
നിർമിത ബുദ്ധി; യു എ ഇ അമേരിക്കയിൽ 1.4 ട്രില്യൺ ഡോളർ നിക്ഷേപിക്കും
എമിറേറ്റ്‌സ് ഗ്ലോബൽ അലുമിനിയം "35 വർഷത്തിനുള്ളിൽ അമേരിക്കയിൽ ആദ്യ അലുമിനിയം സ്‌മെൽറ്ററിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു.

ദുബൈ| അമേരിക്കയിൽ നിർമിത ബുദ്ധി, സെമികണ്ടക്ടറുകൾ, ഊർജ ഉത്പാദനം എന്നിവയുമായി ബന്ധപ്പെട്ട് 1.4 ട്രില്യൺ ഡോളർ നിക്ഷേപം നടത്താൻ യു എ ഇ. അബൂദബി ഉപ ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്്നൂൻ ബിൻ സായിദിന്റെ നേതൃത്വത്തിൽ പ്രതിനിധി സംഘമാണ് പ്രഖ്യാപനം നടത്തിയത്. യു എസും യു എ ഇയും തമ്മിൽ തിങ്കളാഴ്ച ആരംഭിച്ച കൂടിക്കാഴ്ചകളുടെ ഒരു പരമ്പരയെ തുടർന്നാണ് പത്ത് വർഷം നീണ്ടുനിൽക്കുന്ന ചട്ടക്കൂടിന്റെ പ്രഖ്യാപനം.
യു എസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിൽ നിന്ന് വെള്ളിയാഴ്ച വാർത്താക്കുറിപ്പ് ഇറങ്ങിയിരുന്നു. നിക്ഷേപ ചട്ടക്കൂടിന് പുറമേ, എമിറേറ്റ്‌സ് ഗ്ലോബൽ അലുമിനിയം “35 വർഷത്തിനുള്ളിൽ അമേരിക്കയിൽ ആദ്യ അലുമിനിയം സ്‌മെൽറ്ററിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. ഇത് യു എസിലെ ആഭ്യന്തര അലുമിനിയം ഉത്പാദനം ഇരട്ടിയാക്കും.’ നിക്ഷേപത്തിന്റെ ഭാഗമായി നിർണായക ധാതുക്കളുടെ വിതരണം ഉറപ്പാക്കുന്നതിനായി അബൂദബി സോവറിൻ വെൽത്ത് ഫണ്ടായ എഡിക്യുവും ഓറിയോൺ റിസോഴ്സ് പാർട്‌ണേസും 1.2 ബില്യൺ ഡോളറിന്റെ ഖനന പങ്കാളിത്തത്തിന് സമ്മതിച്ചു.
അഡ്നോക് അന്താരാഷ്ട്ര ലോവർ-കാർബൺ എനർജി, കെമിക്കൽസ് നിക്ഷേപ കമ്പനിയായ എക്‌സ് ആർ ജി, യു എസ് പ്രകൃതിവാതക ഉത്പാദനത്തിനും കയറ്റുമതിക്കുമുള്ള പ്രതിബദ്ധത ഉറപ്പിച്ചു. “യു എസിൽ യു എ ഇ ഇതിനകം ഒരു ട്രില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. യു എസിലെ നിക്ഷേപത്തിന് സ്ഥിരവും വിശ്വസനീയവും സുരക്ഷിതവുമായ വരുമാനം ലഭിക്കും. മാത്രമല്ല, ഈ മേഖലകളിലെ പുതിയ നിക്ഷേപങ്ങൾ ഭാവിയിൽ ചില സാങ്കേതികവിദ്യകളുടെ കൂടുതൽ പുരോഗതിക്ക് താക്കോലുകളാകും.’ യു എസ് – യു എ ഇ ബിസിനസ് കൗൺസിൽ പ്രസിഡന്റ്ഡാനി സെബ്രൈറ്റ് പറഞ്ഞു.
ശൈഖ് തഹ്്നൂൻ പ്രസിഡന്റ് ട്രംപ്, സി ഐ എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്‌സ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മൈക്രോ സോഫ്റ്റ് മേധാവി സത്യനാദെല്ല, മെറ്റ മേധാവി സക്കർബർഗ് ഉൾപ്പെടെയുള്ള ബിഗ് ടെക് എക്‌സിക്യൂട്ടീവുകളെയും അദ്ദേഹം കണ്ടു.