Connect with us

prathivaram story

അരുണയുടെ പരാതികൾ

എന്നാൽ തന്റെ സാന്നിധ്യത്തിൽ അമ്മ രാഹുലിനെ താരാട്ടുന്നു. അവന് കഥകൾ പറഞ്ഞ് കൊടുക്കുന്നു. തമാശകൾ കാട്ടി അവനെ ചിരിപ്പിക്കുന്നു. എളിയിൽ നിന്നിറക്കാതവനെ അവർ പരിചരിക്കുന്നു. ഇതൊക്കെ നിങ്ങളുടെ സാന്നിധ്യത്തിൽ മാത്രമാണെന്നാ അരുണ പറയുന്നത്. അതുകൊണ്ട് നമുക്ക് ഒരു ചെറിയ പണയ വീട്ടിലേക്കെങ്കിലും മാറിയാലോ.

Published

|

Last Updated

രുണയ്ക്ക് പരാതികൾ ഒഴിഞ്ഞ നേരമില്ല. അമ്മ രാഹുലിന് നേരെ ഒരു കാരണവുമില്ലാതെ കണ്ണുരുട്ടുന്നു. അവൻ കരയുമ്പോഴൊക്കെ അവന് നേരെ അടക്കി നിർത്താത്ത കോപവുമായി ചെല്ലുന്നു…

നിങ്ങളുടെ ഭാര്യയ്ക്കും മകനും ഒരു സ്വസ്ഥതയും തരില്ലെന്നാ അമ്മയുടെ തീരുമാനമെന്ന് തോന്നുന്നു.

അമ്മയ്ക്ക് ചില കുറുമ്പുകൾ ഉണ്ടാകാം. അതിപ്പോ ആർക്കാ ഇല്ലാത്തത്. മനുഷ്യരായി പിറന്നവർക്കൊക്കെ അതുണ്ടാവും. അരുണയുമായി താനും എത്രയോ അഡ്ജസ്റ്റ് ചെയ്താണ് കഴിയുന്നത്.

രണ്ട് കൈ ചേർത്ത് അടിച്ചാലേ ശബ്ദമുണ്ടാകൂ. അരുണയുടെ പ്രകൃതം അനുസരിച്ചാണെങ്കിൽ ദിവസവും വഴക്ക് കൂടാനേ നേരമുണ്ടാകൂ. അത്തരം സന്ദർഭങ്ങളിൽ നിന്ന് താൻ കഴിയുന്നതും വിട്ട് നിൽക്കുകയാണ് ചെയ്യുക. അരുണയുടെ വാക്കും കേട്ട് തനിക്ക് അമ്മയ്ക്ക് മേൽ കുതിര കയറാൻ ഒക്കുമോ. അവർ എത്രയായാലും തന്നെ പത്ത് മാസം വയറ്റിൽ ചുമന്ന് പ്രസവിച്ചതല്ലേ. മകനെന്ന നിലക്ക് ആ കടപ്പാടെങ്കിലും ഓർക്കേണ്ടതല്ലേ…

അരുണയ്ക്ക് അമ്മയെ സ്വന്തമെന്നോ അന്യമെന്നോ കരുതാം. അതവളുടെ സ്വാതന്ത്ര്യവും അഭിപ്രായവും പോലാകാം. എന്നാലും തന്റെ അമ്മയെ അവളുടെ അമ്മയെ പോലെ സ്നേഹിക്കുന്നത് തന്നെയാണ് മാന്യം. ഇഷ്ടപ്പെടാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന മട്ടിലാണ് അരുണ അമ്മയെ കാണുന്നത്.

പ്രായമായവരെ ബഹുമാനിക്കണം. അല്ലെങ്കിൽ തിരിച്ചടികൾ ഉണ്ടാകും എന്നൊക്കെ പറഞ്ഞാലും അവളതൊന്നും ചെവിക്കൊള്ളില്ല.

എന്നാൽ തന്റെ സാന്നിധ്യത്തിൽ അമ്മ രാഹുലിനെ താരാട്ടുന്നു. അവന് കഥകൾ പറഞ്ഞ് കൊടുക്കുന്നു. തമാശകൾ കാട്ടി അവനെ ചിരിപ്പിക്കുന്നു. എളിയിൽ നിന്നിറക്കാതവനെ അവർ പരിചരിക്കുന്നു. ഇതൊക്കെ നിങ്ങളുടെ സാന്നിധ്യത്തിൽ മാത്രമാണെന്നാ അരുണ പറയുന്നത്. അതുകൊണ്ട് നമുക്ക് ഒരു ചെറിയ പണയ വീട്ടിലേക്കെങ്കിലും മാറിയാലോ.

പറയാൻ എളുപ്പമാണ്. നഗരത്തിൽ ഒരുമുറി മാത്രമുള്ള വീടിന് കൊടുക്കണം ലക്ഷങ്ങൾ….
ഇങ്ങനെയുള്ള നേരുകൾ പറഞ്ഞാലും അരുണ സമ്മതിക്കില്ല.

കാതിലും കഴുത്തിലും കൈയിലുമുള്ള പൊന്നു വിറ്റെങ്കിലും നമുക്ക് മാറാമെന്നാണ് അവൾ പറയുന്നത്. പൊന്നൊക്കെ അണിഞ്ഞ് നടന്നിട്ടെന്താ കാര്യം. ആവശ്യങ്ങൾക്കല്ലേ പ്രാധാന്യം കൊടുക്കേണ്ടത്. ജീവിതത്തിൽ ആകെയുള്ള നീക്കിയിരിപ്പാണീ പൊന്ന്. അത് കൂടെ നഷ്ടപ്പെടുത്തിയിട്ട് ഇനി ആവശ്യങ്ങൾക്കൊക്കെ എങ്ങനെ പോകും.
എല്ലാം സംഭവിച്ച് കഴിഞ്ഞിട്ടാകും അന്നങ്ങനെയൊന്നും ചെയ്യേണ്ടിയിരുന്നില്ലെന്ന് പറയുക.
അത് കേൾക്കെ തനിക്ക് ഭ്രാന്തെടുക്കും..

അന്നേരമാകും വായിൽ തോന്നുന്നതൊക്കെ താനും പറയുക. പറഞ്ഞ് കഴിയുമ്പോൾ സങ്കടമാകും.
അധ്വാനം കൂടുതലും വേതനം കുറവുമായിട്ടുള്ള ജോലികളാണ് താനിതുവരെ ചെയ്തിട്ടുള്ളത്.
അതെന്തോ തന്റെ ജന്മ ശാപമാകും.

ഇപ്പോൾ ജോലി കഴിഞ്ഞെത്തിയാൽ വീട് വല്ലതും കണ്ടോ എന്നാ അരുണ ചോദിക്കുക.
ജോലി കഴിഞ്ഞ് അൽപ്പം വിശ്രമിക്കാമെന്ന് കരുതി വരുമ്പോഴാകും ഈ ചോദ്യം… അപ്പോഴൊക്കെ ക്ഷമയുടെ നെല്ലിപ്പലക കണ്ട് പോകും.

ബ്രോക്കർമാരെ കാണാത്ത ദിവസങ്ങളില്ല. പലരും പറയുന്നത് ഇത്രയും ചെറിയ തുകയ്ക്ക് വീടൊന്നും കിട്ടില്ലെന്നാ. മറ്റ് ചിലർ സങ്കടപ്പെടുത്തേണ്ടെന്ന് കരുതി നോക്കാമെന്ന് പറയും.
അസുഖം വന്നാൽ പോലും മരുന്ന് കഴിച്ച് ജോലിക്ക് പോകുന്ന താൻ വീട് നോക്കാനായി എത്ര ദിവസം ലീവെടുത്തു.

അങ്ങനെയാണ് ഒരു ചെറിയ പണയ വീട് കണ്ടെത്തിയത്.
നഗരത്തിലെ അത്രയൊന്നും സുഖകരമല്ലാത്ത ഒരു ഏരിയയിൽ.
ആ വീട്ടിലേക്ക് മാറുന്നേരം അമ്മ കുറെ കരഞ്ഞു. എല്ലാവരും തനിച്ചല്ലേ വരുന്നതും പോകുന്നതെന്നും പറഞ്ഞ്.

ആരും കൂട്ടായില്ലാത്തവർക്ക് ദൈവം കൂട്ടായി ഉണ്ടാകുമെന്നും പറഞ്ഞു.
അമ്മ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഉള്ളിലെ സങ്കട ഭാരം ഒന്നൂടെ കൂടി.
അമ്മ കൂടെയുള്ളപ്പോൾ ഒരു ധൈര്യമായിരുന്നു. രാത്രി വൈകി ജോലി കഴിഞ്ഞ് വരുമ്പോൾ വേവലാതികളൊന്നും തോന്നിയിരുന്നില്ല. ഇനി…..

വീട് മാറിയിട്ടും അമ്മയെ കാണാൻ ചെല്ലുമായിരുന്നു.
അപ്പോഴൊക്കെ അരുണയോട് താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അമ്മ ആണയിടും.
ആരുടെ ഭാഗത്താകും നേരും നെറിവും ഉണ്ടാവുക?
നേരിനെ കൂട്ട് പിടിച്ചേ അമ്മയെ ഇതുവരെ കണ്ടിട്ടുള്ളൂ.
ഒരു ഒഴിവ് ദിവസം വീടിന് ഉമ്മറത്തിരുന്നെന്തോ ഓർക്കുമ്പോൾ അരുണ തനിക്ക് പിന്നിൽ വന്നു നിന്ന് പറഞ്ഞു.

നിങ്ങളിപ്പോഴും അമ്മയെ വിട്ടുപോന്നിട്ടില്ല അല്ലേ? അവർ ജീവിച്ചോളും മനുഷ്യാ. മാസംതോറും കിട്ടുന്ന അച്ഛന്റെ പെൻഷൻ കൊണ്ട്. കെട്ടിച്ച് വിട്ട പെൺമക്കൾ കൊണ്ടുവന്ന് കൊടുക്കുന്നത് കൊണ്ട്. നിങ്ങളെക്കാൾ സുഭിക്ഷമായി. പിന്നെ ഈ ലോക ജീവിതമെന്ന് വെച്ചാൽ വേർപിരിയലുകളുടെയും ഒത്തുചേരലുകളുടേതുമാണ്. എത്രയോ പ്രിയപ്പെട്ടവർ മരിക്കുന്നു. എന്നിട്ടും ആളുകൾ ജീവിച്ചിരിക്കുന്നില്ലേ. പിന്നെയാ….
അമ്മയെ കാണാൻ ആവും പോലെയൊക്കെ നിങ്ങൾ പോകുന്നില്ലേ? അത്രയൊക്കെ തന്നെ ധാരാളം….

എത്രയോ ആളുകൾ അമ്മയേയും അച്ഛനേയും നോക്കാതെ അവരുടെ ശാപവും വാങ്ങി നടക്കുന്നു. അങ്ങനെയൊന്നും നിങ്ങൾ ചെയ്തിട്ടില്ലല്ലോ. ആയകാലം മുതൽ അച്ഛനും അമ്മയ്ക്കും അധ്വാനിച്ചും കൊടുത്തിട്ടുണ്ട്…പിന്നെ എന്തിനാണ് ഇങ്ങനെയൊരു ആത്മ ദുഃഖം?
അപ്പോൾ നിറഞ്ഞ കണ്ണുകൾ അരുണ കാണരുതേ എന്ന് പ്രാർഥിക്കുകയായിരുന്നു താൻ….

Latest