National
അരുണാചൽ: ബി ജെ പി വിജയത്തിന് പിന്നിൽ പേമ ഖണ്ഡുവിന്റെ കരങ്ങൾ
കോൺഗ്രസ്സിന്റെ നായകൻ; ഇപ്പോൾ ബി ജെ പിയിലെ കരുത്തൻ
ഇറ്റാനഗർ | വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ ബി ജെ പിയെ രണ്ടാമതും അധികാരത്തിലെത്തിച്ചതിന്റെ പിന്നിൽ മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ കരങ്ങൾ. ഒരു കാലത്ത് കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രമായിരുന്നു അരുണാചൽ. 2016ൽ അന്ന് കോൺഗ്രസ്സ് മുഖ്യമന്ത്രിയായിരുന്ന പേമ ഖണ്ഡു പാർട്ടിയുടെ 43 എം എൽ എമാരുമായി ബി ജെ പിയിലേക്ക് കൂടുമാറിയതോടെയാണ് സംസ്ഥാനത്ത് കോൺഗ്രസ്സിന് കാലിടറിയത്. മുതിർന്ന കോൺഗ്രസ്സ് നേതാവും അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ഡോർജി ഖണ്ഡുവിന്റെ മകനാണ് പേമ.
കൂറ്റൻ വിജയം സ്വന്തമാക്കി ബി ജെ പിയെ മൂന്നാതും അധികാരത്തിലെത്തിച്ച പശ്ചാത്തലത്തിൽ പേമ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നേക്കുമെന്നാണ് റിപോർട്ട്. അങ്ങനെയെങ്കിൽ പേമക്കിത് മൂന്നാം ഊഴമായിരിക്കും. 2016ൽ കോൺഗ്രസ്സ് വിട്ട ശേഷം അദ്ദേഹം പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ ചേർന്നിരുന്നു. അതിന് ശേഷമാണ് ബി ജെ പിയിലേക്കെത്തിയത്. കായിക പ്രേമിയും സംഗീത പ്രേമിയുമായ പേമ ഖണ്ഡു വിന്റെ തന്ത്രങ്ങളാണ് ചൈനയുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനത്ത് രാഷ്ട്രീയ കരുനീക്കത്തിലൂടെ ബി ജെ പിയെ ആദ്യമായി അധികാരത്തിലെത്തിച്ചത്. 60 അംഗ നിയമസഭയിൽ 46 സീറ്റുകൾ നേടിയാണ് ബി ജെ പി മൂന്നാം തവണയും അരുണാചൽ പ്രദേശിൽ അധികാരത്തിൽ തിരിച്ചെത്തുന്നത്.
1979 ആഗസ്റ്റ് 21 ന് തവാംഗിലാണ് പേമ ഖണ്ഡു ജനിച്ചത്. ചൈനയുമായി അതിർത്തി പങ്കിടുന്ന തവാംഗ് ജില്ലയിലെ ഗ്യാംഗ്ഖർ ഗ്രാമത്തിൽ നിന്നുള്ള ഇദ്ദേഹം മോൺപ ഗോത്രത്തിൽ നിന്നുള്ളയാളാണ്. തവാംഗിലെ സർക്കാർ സെക്കൻഡറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 2000ൽ ഡൽഹി യൂനിവേഴ്‌സിറ്റിയിൽ നിന്ന് ആർട്‌സ് ബിരുദം നേടി.
രാഷ്ട്രീയ യാത്ര
ഉന്നത വിദ്യാഭ്യാസത്തിന് ശേഷം 2000ത്തിൽ കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 2005ൽ സംസ്ഥാന കോൺഗ്രസ്സ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായായി. പക്ഷേ, അദ്ദേഹത്തിന്റെ യഥാർഥ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നത് പിതാവ് ദോർജി ഖണ്ഡു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതോടെയാണ്. 2011ൽ പിതാവിന്റെ നിയമസഭാ മണ്ഡലമായ മുക്തോയിൽ നിന്ന് പേമ ഖണ്ഡു മത്സരിച്ച് വിജയിച്ചു. ഇതിന് പിന്നാലെ അദ്ദേഹം അരുണാചൽ പ്രദേശ് മന്ത്രിസഭയിൽ അംഗമായി. 2014ൽ മുൻ മുഖ്യമന്ത്രി നബാം തുകിയുടെ നേതൃത്വത്തിലുള്ള സർക്കാറിൽ നഗരവികസന മന്ത്രിയായി ചുമതലയേറ്റു. 2014ൽ വിമത നേതാവ് കലിഖോ പുലിനെ പിന്തുണച്ച് പേമ ഖണ്ഡു മന്ത്രിസ്ഥാനം വിട്ടു. പാർട്ടിയിലെ പോരിൽ നബാംതുക്കിക്ക് അധികാരത്തിൽ നിന്ന് പുറത്തുപോകേണ്ടി വന്നു. 2016 ജൂലൈ 16ന്, നബാം തുകിക്ക് പകരം പേമ ഖണ്ഡുവിനെ കോൺഗ്രസ്സ് നിയസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു. 2016 ജൂലൈ 17 ന് ഖണ്ഡു 37ാം വയസ്സിൽ അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന റെക്കോർഡും സ്വന്തമാക്കി.